ബെംഗളൂരുവിലെ ഡിജിറ്റല്‍ ടെക്‌നോളജി ഹബ് വിപുലീകരിക്കുമെന്ന് വോള്‍വോ
1 min read[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=””]ഡിജിറ്റല്‍ ടെക്‌നോളജി ഹബ്ബിന്റെ മേധാവിയായി ജോനസ് ഓള്‍സണിനെ നിയമിച്ചു[/perfectpullquote]
ബെംഗളൂരുവിലെ ഡിജിറ്റല്‍ ടെക്‌നോളജി ഹബ് വിപുലീകരിക്കുന്നതായി വോള്‍വോ കാര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഡിജിറ്റല്‍ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഡിജിറ്റല്‍ ടെക്‌നോളജി ഹബ്ബിന്റെ മേധാവിയായി ജോനസ് ഓള്‍സണിനെ നിയമിച്ചു. ജൂണ്‍ ഒന്നിന് നിയമനം പ്രാബല്യത്തില്‍ വന്നു. വോള്‍വോ ഗ്രൂപ്പ് ഇന്ത്യയ്ക്കു കീഴില്‍ ഏഷ്യ പസഫിക് മേഖലയുടെ എച്ച്ആര്‍ ഡയറക്റ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ഡിജിറ്റല്‍ സാന്നിധ്യം സംബന്ധിച്ച് വിപുലീകരണ പദ്ധതി തയ്യാറാക്കിയതായി സ്വീഡിഷ് ആഡംബര കാര്‍ നിര്‍മാതാക്കള്‍ അറിയിച്ചു. ഇതിനായി തദ്ദേശീയ പ്രാഗല്‍ഭ്യം പ്രയോജനപ്പെടുത്താനാണ് വോള്‍വോ കാര്‍ ഇന്ത്യ ആഗ്രഹിക്കുന്നത്. ഭാവി തലമുറ വോള്‍വോ കാറുകളുടെ വികസനപ്രക്രിയയില്‍ ഇന്ത്യയിലെ ഡിജിറ്റല്‍ ടെക്‌നോളജി ഹബ് സുപ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലെ സാന്നിധ്യം വര്‍ധിപ്പിക്കുകയാണ് കമ്പനി. ഈ സ്ട്രാറ്റജിയുടെ ഭാഗമായാണ് ഡിജിറ്റല്‍ ടെക്‌നോളജി ഹബ് പ്രവര്‍ത്തനമാരംഭിക്കുന്നത്.
ഐടി സേവനങ്ങളും പരിഹാരങ്ങളുമായി ആഗോളതലത്തില്‍ വോള്‍വോ കാര്‍സിനെ സഹായിക്കുന്നതായിരിക്കും ‘വോള്‍വോ കാര്‍സ് ഡിജിറ്റല്‍’ എന്ന് ജോനസ് ഓള്‍സണ്‍ പ്രസ്താവിച്ചു. ഭാവിയില്‍ ഉപയോക്താക്കളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഡിജിറ്റലായി പരിവര്‍ത്തനം ചെയ്യുകയെന്ന തങ്ങളുടെ ലക്ഷ്യത്തെ സഹായിക്കുന്നതാണ് ജോനസ് ഓള്‍സണിന്റെ അനുഭവസമ്പത്തെന്ന് വോള്‍വോ കാര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ജ്യോതി മല്‍ഹോത്ര പ്രതികരിച്ചു.
2030 ഓടെ ആഗോളതലത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമായിരിക്കും നിര്‍മിക്കുകയെന്ന് മാര്‍ച്ച് ആദ്യ വാരത്തില്‍ വോള്‍വോ പ്രഖ്യാപിച്ചിരുന്നു. ഫോസില്‍ ഇന്ധന വാഹനങ്ങളെ കയ്യൊഴിയുന്ന വാഹന നിര്‍മാതാക്കളുടെ കൂട്ടത്തിലേക്കാണ് വോള്‍വോ പ്രവേശിക്കുന്നത്. പൂര്‍ണ വൈദ്യുത കാറുകള്‍ മാത്രം വില്‍ക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഹൈബ്രിഡ് ഉള്‍പ്പെടെ ആന്തരിക ദഹന എന്‍ജിന്‍ ഉപയോഗിക്കുന്ന ആഗോള ഉല്‍പ്പന്ന നിരയിലെ എല്ലാ കാറുകളും ഘട്ടംഘട്ടമായി ഉപേക്ഷിക്കുമെന്നും വോള്‍വോ വ്യക്തമാക്കിയിരുന്നു.
കൂടാതെ, ഈ വൈദ്യുത വാഹനങ്ങള്‍ ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെ മാത്രമായിരിക്കും വില്‍ക്കുന്നത്. 2025 ല്‍ തങ്ങളുടെ പകുതി കാറുകള്‍ ഇലക്ട്രിക് ആയിരിക്കുമെന്നും ആകെ വില്‍പ്പനയുടെ പകുതി ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെ ആയിരിക്കുമെന്നും വോള്‍വോ വ്യക്തമാക്കിയിരുന്നു. വിലനിര്‍ണയ കാര്യത്തില്‍ കൂടുതല്‍ സുതാര്യതയും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഓപ്ഷനുകളും ലഭിക്കുന്നതാണ് ഓണ്‍ലൈന്‍ വില്‍പ്പന മാര്‍ഗമെന്ന് വോള്‍വോ അഭിപ്രായപ്പെട്ടു. കാറുകള്‍ വാങ്ങുന്ന പ്രക്രിയ ഇപ്പോള്‍ സങ്കീര്‍ണമാണെന്നും കൂടുതല്‍ എളുപ്പവും സുതാര്യവും ആയിരിക്കണമെന്നും വോള്‍വോ ആഗ്രഹിക്കുന്നു.
മാര്‍ച്ച് രണ്ടാം വാരത്തില്‍ ഇന്ത്യയില്‍ വോള്‍വോ എക്‌സ്‌സി40 റീചാര്‍ജ് ഔദ്യോഗികമായി അനാവരണം ചെയ്തിരുന്നു. വോള്‍വോയുടെ ആദ്യ പൂര്‍ണ വൈദ്യുത (ഓള്‍ ഇലക്ട്രിക്) മോഡലാണ് എക്‌സ്‌സി40 റീചാര്‍ജ്. പൂര്‍ണമായി നിര്‍മിച്ചശേഷം ഓള്‍ ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. ഈ മാസം പ്രീ ബുക്കിംഗ് ആരംഭിക്കുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. ഒക്റ്റോബറില്‍ ഡെലിവറി തുടങ്ങും. ഇന്ത്യയില്‍ ആഡംബര ഇവി സെഗ്മെന്റിലെ ഏറ്റവും പുതിയ അംഗമായിരിക്കും വോള്‍വോ എക്‌സ്‌സി40 റീചാര്‍ജ്.
ഈ വര്‍ഷം മുതല്‍ ഇന്ത്യയില്‍ ഓരോ വര്‍ഷവും ഒരു ഓള്‍ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുമെന്നും വോള്‍വോ കാര്‍ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. വോള്‍വോ സി40 ഇലക്ട്രിക് ക്രോസ്ഓവര്‍ കൂടി ഇന്ത്യയില്‍ കൊണ്ടുവരും. 2025 ഓടെ ഇന്ത്യയിലെ ആകെ വില്‍പ്പനയുടെ 80 ശതമാനം ഇലക്ട്രിക് വാഹനങ്ങളായിരിക്കണമെന്നും നിശ്ചയിച്ചു. ആഗോളതലത്തില്‍ ഇത് 50 ശതമാനമാണ്. വിവിധ ബോഡി സ്റ്റൈലുകളില്‍ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കും.
ഇന്ത്യയിലെ ഡിജിറ്റല്‍ സാന്നിധ്യം സംബന്ധിച്ച് വിപുലീകരണ പദ്ധതി തയ്യാറാക്കി. ഇതിനായി തദ്ദേശീയ പ്രാഗല്‍ഭ്യം പ്രയോജനപ്പെടുത്തും. ഭാവി തലമുറ വോള്‍വോ കാറുകളുടെ വികസനപ്രക്രിയയില്‍ ഡിജിറ്റല്‍ ടെക്‌നോളജി ഹബ് സുപ്രധാന പങ്ക് വഹിക്കും