വോഡഫോണ്‍ ഐഡിയ ആസ്തികള്‍ വില്‍ക്കുന്നു; 7,400 കോടി സമാഹരിക്കും
ഫിക്സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സബ്സിഡിയറി, ഒപ്റ്റിക് ഫൈബര്‍ യൂണിറ്റ് എന്നിവയെല്ലാം വില്‍പ്പനയില്‍ ഉള്‍പ്പെടും
മുംബൈ: കടുത്ത പ്രതിസന്ധിയിലായിരിക്കുന്ന ടെലികോം കമ്പനി വോഡഫോണ്‍ ഐഡിയ ആസ്തികള്‍ വിറ്റ് ഫണ്ട് സമാഹരിക്കുന്നു. ഫിക്സഡ് ലൈന്‍ സബ്സിഡിയറി, ഒപ്റ്റിക് ഫൈബര്‍ യൂണിറ്റ്, ഡാറ്റ സെന്‍റര്‍ ബിസിനസ് തുടങ്ങിയവയുടെ വില്‍പ്പനയിലൂടെ 7400 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. കട, കുടിശ്ശിക ബാധ്യതകള്‍ പരിഹരിക്കാനാണ് ആസ്തി വില്‍പ്പന.
2021 ഡിസംബറിനും 2022 ഏപ്രിലിനും ഇടയില്‍ വോഡഫോണ്‍ ഐഡിയയ്ക്ക് അടച്ചുതീര്‍ക്കാനുള്ളത് 22,500 കോടി രൂപയാണ്. കടബാധ്യത, അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ, സ്പെക്ട്രം കുടിശ്ശിക തുടങ്ങി ഇനങ്ങളിലാണിത്. ഇക്കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് കമ്പനിയുടെ കാഷ് ബാലന്‍സ് 350 കോടി രൂപ മാത്രമാണ്. മാര്‍ച്ച് പാദത്തില്‍ വോഡഫോണ്‍ ഐഡിയയുടെ നഷ്ടമാകട്ടെ 6,985.1 കോടി രൂപയും.
റിലയന്‍സ് ജിയോയുടെ വരവോടെയാണ് ടെലികോം വിപണിയില്‍ വോഡഫോണും ഐഡിയയും തകര്‍ന്നടിഞ്ഞത്. എയര്‍ടെല്‍ എങ്ങനെയൊക്കെയോ പിടിച്ചുനിന്ന് ഇപ്പോഴും ജിയോയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. എന്നാല്‍ നിലനില്‍പ്പ് തന്നെ അവതാളത്തിലായപ്പോള്‍ വോഡഫോണും ഐഡിയയും ലയിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് വോഡഫോണ്‍ ഐഡിയ എന്ന ബ്രാന്‍ഡില്‍ ഇവര്‍ പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ മുന്‍ അവസ്ഥയില്‍ നിന്നും പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടായില്ല.