വാരാണസിയില്‍ ശ്രീ കാശി വിശ്വനാഥ് ധാം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
വാരാണസി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വാരണാസിയിലെ ശ്രീ കാശി വിശ്വനാഥ് ധാം ഉദ്ഘാടനം ചെയ്തു. കാശിയിലെ കാലഭൈരവ ക്ഷേത്രത്തിലും കാശി വിശ്വനാഥധാമിലും അദ്ദേഹം പ്രാര്‍ത്ഥിച്ചു. ഗംഗാനദിയില്‍ പുണ്യസ്നാനവും നടത്തി.
‘നാഗര്‍ കോട്വാളിന്റെ’ (കാല ഭൈരവന്‍) പാദങ്ങളില്‍ പ്രണാമം ചൊല്ലി പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ അനുഗ്രഹമില്ലാതെ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞു. പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി ഭഗവാന്റെ അനുഗ്രഹം തേടി. കാശിയില്‍ പ്രവേശിച്ചാലുടന്‍ എല്ലാ ബന്ധനങ്ങളില്‍ നിന്നും മുക്തരാകുമെന്ന് പറയുന്ന പുരാണങ്ങളെ പ്രധാനമന്ത്രി ഉദ്ധരിച്ചു. ‘ഭഗവാന്‍ വിശ്വേശ്വരന്റെ അനുഗ്രഹം, ഒരു അമാനുഷിക ഊര്‍ജ്ജം നാം ഇവിടെ വരുമ്പോള്‍ തന്നെ നമ്മുടെ ആന്തരിക ആത്മാവിനെ ഉണര്‍ത്തുന്നു.’ വിശ്വനാഥ് ധാമിന്റെ ഈ പുതിയ സമുച്ചയം വെറുമൊരു വലിയ കെട്ടിടമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് നമ്മുടെ ഭാരതത്തിന്റെ സനാതന സംസ്‌കാരത്തിന്റെ പ്രതീകമാണ്. ഇത് നമ്മുടെ ആത്മീയ ആത്മാവിന്റെ പ്രതീകമാണ്. ഇത് ഇന്ത്യയുടെ പൗരാണികതയുടെയും പാരമ്പര്യത്തിന്റെയും ഇന്ത്യയുടെ ഊര്‍ജ്ജത്തിന്റെയും ചലനാത്മകതയുടെയും പ്രതീകമാണ്. പ്രധാനമന്ത്രി പറഞ്ഞു, ‘ഒരാള്‍ ഇവിടെ വരുമ്പോള്‍, അവര്‍ക്ക് വിശ്വാസം മാത്രമല്ല, ഭൂതകാലത്തിന്റെ മഹത്വം ഇവിടെ അനുഭവപ്പെടും. പൗരാണികതയും പുതുമയും എങ്ങനെ ഒരുമിച്ചു ജീവിക്കുന്നു. പുരാതന കാലത്തെ പ്രചോദനങ്ങള്‍ എങ്ങനെ ഭാവിയിലേക്ക് ദിശാബോധം നല്‍കുന്നു, വിശ്വനാഥ് ധാം സമുച്ചയത്തില്‍ നാം ഇത് വളരെ വ്യക്തമായി കാണുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുമ്പ് ക്ഷേത്രത്തിന്റെ വിസ്തീര്‍ണ്ണം 3000 ചതുരശ്ര അടി മാത്രമായിരുന്നുവെന്നും അത് ഇപ്പോള്‍ ഏകദേശം 5 ലക്ഷം ചതുരശ്ര അടിയായി വര്‍ധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ 50000 മുതല്‍ 75000 വരെ ഭക്തര്‍ക്ക് ക്ഷേത്രവും ക്ഷേത്ര പരിസരവും സന്ദര്‍ശിക്കാം. അതായത്, ആദ്യം ഗംഗാ മാതാവില്‍ ദര്‍ശനവും കുളിയും, അവിടെ നിന്ന് നേരിട്ട് വിശ്വനാഥധാമിലേക്ക്, അദ്ദേഹം അറിയിച്ചു.
കാശിയുടെ മഹത്വത്തെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, കാശി അനശ്വരമാണെന്നും അത് പരമശിവന്റെ രക്ഷാകര്‍തൃത്വത്തിലാണെന്നും പറഞ്ഞു. ഈ മഹത്തായ സമുച്ചയത്തിന്റെ നിര്‍മ്മാണത്തിലെ ഓരോ തൊഴിലാളികള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. കൊറോണയെപ്പോലും ഇവിടത്തെ പണി നിര്‍ത്താന്‍ അവര്‍ അനുവദിച്ചില്ല.
പ്രവര്‍ത്തകരെ കണ്ട് അദ്ദേഹം അനുമോദിച്ചു. ധാമിന്റെ നിര്‍മ്മാണത്തിനായി പ്രവര്‍ത്തിച്ച തൊഴിലാളികള്‍ക്കൊപ്പമാണ് പ്രധാനമന്ത്രി ഉച്ചഭക്ഷണം കഴിച്ചത്. കരകൗശല വിദഗ്ധര്‍, നിര്‍മാണവുമായി ബന്ധപ്പെട്ടവര്‍, ഭരണനിര്‍വഹണം നടത്തിയവര്‍, ഇവിടെ വീടുണ്ടായിരുന്ന കുടുംബങ്ങള്‍ എന്നിവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇതിനെല്ലാം പുറമേ, കാശി വിശ്വനാഥ് ധാം പദ്ധതി പൂര്‍ത്തിയാക്കാന്‍ അക്ഷീണം പ്രയത്നിച്ച യുപി ഗവണ്‍മെന്റിനെയും മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥിനെയും അദ്ദേഹം അഭിനന്ദിച്ചു.
ആക്രമണകാരികള്‍ ഈ നഗരത്തെ ആക്രമിക്കുകയും നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഔറംഗസേബിന്റെ ക്രൂരതകളുടെയും ഭീകരതയുടെയും ചരിത്രത്തിന് ഈ നഗരം സാക്ഷിയാണ്. ആരാണ് വാളുകൊണ്ട് നാഗരികതയെ മാറ്റാന്‍ ശ്രമിച്ചത്, ആരാണ് മതഭ്രാന്തുകൊണ്ട് സംസ്‌കാരത്തെ തകര്‍ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഈ നാടിന്റെ മണ്ണ് ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ഔറംഗസേബ് ഉണ്ടെങ്കില്‍ ശിവജിയും ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏതെങ്കിലും സലാര്‍ മസൂദ് വന്നാല്‍, സുഹേല്‍ദേവ് രാജാവിനെപ്പോലുള്ള ധീരരായ യോദ്ധാക്കള്‍ അദ്ദേഹത്തെ ഇന്ത്യയുടെ ഐക്യത്തിന്റെ വീര്യം ആസ്വദിപ്പിച്ചു. ബ്രിട്ടീഷുകാരുടെ കാലത്തും ഹേസ്റ്റിംഗ്സിന് എന്താണ് സംഭവിച്ചതെന്ന് കാശിയിലെ ജനങ്ങള്‍ക്ക് അറിയാമായിരുന്നു, ശ്രീ മോദി പറഞ്ഞു.
കാശി എന്നത് വെറും വാക്കുകളുടെ കാര്യമല്ലെന്നും അത് അനുഭൂതികളുടെ സൃഷ്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാശി അതാണ് – എവിടെയാണ് ജീവിതം ഉണര്‍ന്നെണീക്കുന്നത്; കാശി അതാണ്, എവിടെ മരണവും ഒരു ഉത്സവമാണ്; കാശി അതാണ്, എവിടെ സത്യമാണ് സംസ്‌കാരം; കാശി അതാണ്, എവിടെയാണ് സ്നേഹം പാരമ്പര്യമായിരിക്കുന്നത്, കാശി അതാണ്. ജഗദ്ഗുരു ശങ്കരാചാര്യര്‍ ശ്രീ ഡോം രാജയുടെ വിശുദ്ധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രാജ്യത്തെ ഐക്യത്തിന്റെ നൂലില്‍ ഒന്നിപ്പിക്കാന്‍ തീരുമാനിച്ച നഗരമാണ് വാരണാസിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭഗവാന്‍ ശങ്കരനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഗോസ്വാമി തുളസീദാസ് രാമചരിതമനസ്സ് പോലെയുള്ള ഒരു മാനംമുട്ടുന്ന സൃഷ്ടി നടത്തിയ സ്ഥലമാണിത്. ബുദ്ധന്റെ ജ്ഞാനോദയം ലോകത്തിന് വെളിപ്പെട്ടത് ഇവിടെ വെച്ചാണ്. സമൂഹത്തിന്റെ പുരോഗതിക്കായി കബീര്‍ദാസിനെപ്പോലുള്ള ഋഷിമാര്‍ ഇവിടെ അവതരിച്ചു. സമൂഹത്തെ ഒന്നിപ്പിക്കേണ്ട ആവശ്യമുണ്ടെങ്കില്‍, ഈ കാശി റൈദാസ് ദേവന്റെ ഭക്തിയുടെ ശക്തിയുടെ കേന്ദ്രമായി മാറി, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
നാല് ജൈന തീര്‍ത്ഥങ്കരന്മാരുടെ നാടാണ് കാശിയെന്ന് പ്രധാനമന്ത്രി പറഞ്ഞു, അഹിംസയുടെയും തപസ്സിന്റെയും പ്രതിരൂപമാണ്. ഹരിശ്ചന്ദ്ര രാജാവിന്റെ സമഗ്രത മുതല്‍ വല്ലഭാചാര്യ, രാമാനന്ദ് ജിയുടെ അറിവ് വരെ. ചൈതന്യ മഹാപ്രഭു, സമര്‍ഥ ഗുരു രാംദാസ് മുതല്‍ സ്വാമി വിവേകാനന്ദന്‍, മദന്‍ മോഹന്‍ മാളവ്യ വരെ. കാശി എന്ന പുണ്യഭൂമി ഋഷിമാരുടെയും ആചാര്യന്മാരുടെയും വാസസ്ഥലമാണ്. ഛത്രപതി ശിവജി മഹാരാജ് ഇവിടെ വന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. റാണി ലക്ഷ്മി ബായി മുതല്‍ ചന്ദ്രശേഖര്‍ ആസാദ് വരെ കാശി നിരവധി പോരാളികളുടെ കര്‍മ്മഭൂമിയാണ്. ഭരതേന്ദു ഹരിശ്ചന്ദ്ര, ജയശങ്കര്‍ പ്രസാദ്, മുന്‍ഷി പ്രേംചന്ദ്, പണ്ഡിറ്റ് രവിശങ്കര്‍, ബിസ്മില്ലാ ഖാന്‍ തുടങ്ങിയ പ്രതിഭകള്‍ ഈ മഹാനഗരത്തില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
കാശി വിശ്വനാഥ് ധാമിന്റെ സമര്‍പ്പണം ഇന്ത്യക്ക് നിര്‍ണായക ദിശാബോധം നല്‍കുമെന്നും ശോഭനമായ ഭാവിയിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ സമുച്ചയം നമ്മുടെ കഴിവിന്റെയും കടമയുടെയും സാക്ഷിയാണ്. നിശ്ചയദാര്‍ഢ്യവും യോജിച്ച ചിന്തയും ഉണ്ടെങ്കില്‍ ഒന്നും അസാധ്യമല്ല. സങ്കല്‍പ്പിക്കാനാവാത്തത് യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യക്കാര്‍ക്ക് ശക്തിയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമുക്ക് തപസ്യ അറിയാം, തപസ്സറിയാം, രാജ്യത്തിനുവേണ്ടി രാവും പകലും ചെലവഴിക്കാന്‍ നമുക്കറിയാം. എത്ര വലിയ വെല്ലുവിളിയാണെങ്കിലും, ഇന്ത്യക്കാര്‍ക്ക് ഒരുമിച്ച് അതിനെ പരാജയപ്പെടുത്താന്‍ കഴിയും.
ഇന്നത്തെ ഇന്ത്യ അതിന്റെ നഷ്ടപ്പെട്ട പൈതൃകത്തെ പുനരുജ്ജീവിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവിടെ കാശിയില്‍ അന്നപൂര്‍ണ മാതാവു തന്നെ വസിക്കുന്നു. കാശിയില്‍ നിന്ന് മോഷണം പോയ അന്നപൂര്‍ണ മാതാവിന്റെ പ്രതിമ ഒരു നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ കാശിയില്‍ പുനഃസ്ഥാപിച്ചതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
ദൈവം ആളുകളുടെ രൂപത്തിലാണ് വരുന്നതെന്നും തനിക്ക് ഓരോ ഇന്ത്യക്കാരനും ദൈവത്തിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിനായി ജനങ്ങളില്‍ നിന്ന് മൂന്ന് ദൃഢനിശ്ചയങ്ങള്‍ അദ്ദേഹം ആവശ്യപ്പെട്ടു – ശുചിത്വം, സൃഷ്ടിപരത, സ്വാശ്രിത ഇന്ത്യക്ക് വേണ്ടിയുള്ള നിരന്തര പരിശ്രമം.
ശുചിത്വം ഒരു ജീവിതമാര്‍ഗമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഈ സംരംഭത്തില്‍, പ്രത്യേകിച്ച് നമാമി ഗംഗേ ദൗത്യത്തില്‍ ജനങ്ങളുടെ പങ്കാളിത്തത്തിന് ആഹ്വാനം ചെയ്തു. നമ്മുടെ സ്വന്തം സൃഷ്ടിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന തരത്തില്‍ നീണ്ട അടിമത്തം നമ്മുടെ ആത്മവിശ്വാസം തകര്‍ത്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്, ഈ ആയിരം വര്‍ഷം പഴക്കമുള്ള കാശിയില്‍ നിന്ന്, ഞാന്‍ രാജ്യവാസികളെ മുഴുവനും വിളിക്കുന്നു – പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ സൃഷ്ടിക്കുക, നവീകരിക്കുക, നൂതനമായ രീതിയില്‍ ചെയ്യുക.
ഇന്ന് സ്വീകരിക്കേണ്ട മൂന്നാമത്തെ ദൃഢനിശ്ചയം സ്വാശ്രിത ഇന്ത്യക്ക് വേണ്ടിയുള്ള നമ്മുടെ ശ്രമങ്ങള്‍ ഉയര്‍ത്തുക എന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ‘അമൃത് മഹോല്‍സവത്തില്‍’, സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍, ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇന്ത്യ എങ്ങനെയായിരിക്കണമെന്നു തീരുമാനിച്ചു നാം പ്രവര്‍ത്തിക്കേണ്ടതുണ്ട്, പ്രധാനമന്ത്രി ഉപസംഹരിച്ചു.