സ്വര്‍ണ നിക്ഷേപം ലളിതമാക്കി അപ്‌സ്റ്റോക്ക് ഡിജിറ്റല്‍ ഗോള്‍ഡ്
കൊച്ചി: രാജ്യത്തെ അതിവേഗം വളരുന്ന ഡിജിറ്റല്‍ ബ്രോക്കിങ് സ്ഥാപനങ്ങളിലൊന്നായ അപ്‌സ്റ്റോക്ക് ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപ സംവിധാനത്തിനു തുടക്കം കുറിച്ചു. ആര്‍കെഎസ്‌വി സെക്യൂരിറ്റീസ് ഇന്ത്യ എന്നു കൂടി അറിയപ്പെടുന്ന അപ്‌സ്റ്റോക്കിന്റെ 20 ലക്ഷത്തിലേറെ വരുന്ന നിക്ഷേപകര്‍ക്ക് ഓഹരികള്‍ക്കും മ്യൂചല്‍ ഫണ്ടുകള്‍ക്കും പുറമെ സ്വര്‍ണത്തിലും ഇനി ഓണ്‍ലൈനായും മൊബൈല്‍ ആപ്പിലൂടേയും നിക്ഷേപം നടത്താനാവും.
അപ്‌സ്റ്റോക്കിന്റെ ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപ സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് 99.9 ശതമാനം ശുദ്ധതയുള്ള 24 കാരറ്റ് സ്വര്‍ണം വിപണി വിലയില്‍ വാങ്ങാം. ഇങ്ങനെ വാങ്ങുന്ന സ്വര്‍ണം നാണയങ്ങളോ ബാറുകളോ ആക്കി മാറ്റുകയും ബാങ്ക് വോള്‍ട്ടുകളില്‍ ശേഖരിക്കുകയും ചെയ്യാം. പൂര്‍ണമായും ഡിജിറ്റല്‍ രീതിയില്‍ നടക്കുന്ന ഇടപാടായതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഈ സംവിധാനത്തിലൂടെ തന്നെ തിരിച്ചു വാങ്ങുകയും ചെയ്യാം. നാണയങ്ങളോ സ്വര്‍ണമോ ആയി മാറ്റുന്ന ഡിജിറ്റല്‍ സ്വര്‍ണം വീട്ടു പടിക്കല്‍ എത്തിക്കുന്ന സേവനവും ഉടന്‍ തന്നെ ഉപഭോക്താക്കള്‍ക്കു ലഭിക്കും.
എല്ലാവര്‍ക്കും വൈവിധ്യമാര്‍ന്ന നിക്ഷേപ മേഖലകള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കണമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് അപ്‌സ്റ്റോക്ക് സിഇഒയും സഹ സ്ഥാപകനുമായ രവികുമാര്‍ പറഞ്ഞു. അതുവഴി അവര്‍ക്ക് സന്തുലിതമായ വൈവിധ്യവല്‍ക്കരിക്കപ്പെട്ട നിക്ഷേപം സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.