പുതിയ ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനില്‍ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ്
ഡിസ്‌ക്, ഡ്രം വേരിയന്റുകളില്‍ ലഭിക്കും. 65,865 രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില
ന്യൂഡെല്‍ഹി: 2021 ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് മോട്ടോര്‍സൈക്കിളിന്റെ പുതിയ കളര്‍ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതുതായി ‘പേള്‍ ബ്ലൂ സില്‍വര്‍’ എന്ന ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനാണ് നല്‍കിയത്. ഡിസ്‌ക്, ഡ്രം വേരിയന്റുകളില്‍ ഈ കളര്‍ ഓപ്ഷന്‍ ലഭിക്കും. പുതിയ കളര്‍ വേരിയന്റിന് 65,865 രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.
2021 മോഡല്‍ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് ഈ മാസമാദ്യം പുറത്തിറക്കിയിരുന്നു. ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഇടി എഫ്‌ഐ (ഇക്കോത്രസ്റ്റ് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍) സാങ്കേതികവിദ്യ നല്‍കിയാണ് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തിച്ചത്. ഇതോടെ പതിനഞ്ച് ശതമാനം അധികം ഇന്ധനക്ഷമത ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. എല്‍ഇഡി ഹെഡ്‌ലൈറ്റ്, യുഎസ്ബി മൊബീല്‍ ചാര്‍ജര്‍ എന്നിവയും നല്‍കി.
110 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിനാണ് ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 7,350 ആര്‍പിഎമ്മില്‍ 8.08 ബിഎച്ച്പി കരുത്തും 4,500 ആര്‍പിഎമ്മില്‍ 8.7 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 4 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ഘടിപ്പിച്ചു. മണിക്കൂറില്‍ 90 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത.
മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ 5 സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കുന്നു. 17 ഇഞ്ച് വ്യാസമുള്ള ചക്രങ്ങളിലാണ് ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് ഓടുന്നത്. ട്യൂബ്‌ലെസ് ടയറുകള്‍ ഉപയോഗിക്കുന്നു.
നിരവധി കളര്‍ ഓപ്ഷനുകള്‍, മികച്ച ഇന്ധനക്ഷമത നല്‍കുന്ന എന്‍ജിന്‍, കുറഞ്ഞ കര്‍ബ് വെയ്റ്റ് എന്നീ പ്രത്യേകതകളോടെ വിപണിയില്‍ ലഭിക്കുന്ന ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ്, മുടക്കുന്ന പണത്തിന് മികച്ച മൂല്യം നല്‍കുന്ന എന്‍ട്രി ലെവല്‍ കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളാണ്. വിപണി അവതരണം കഴിഞ്ഞ് പതിനഞ്ച് വര്‍ഷം പിന്നിടുമ്പോള്‍, മുപ്പത് ലക്ഷത്തിലധികം ഉപയോക്താക്കളെ സ്വന്തമാക്കാന്‍ മോട്ടോര്‍സൈക്കിളിന് കഴിഞ്ഞു.