Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നൂറ് വര്‍ഷത്തിനിടെ രണ്ട് ലക്ഷം കാറുകളുമായി ബെന്റ്‌ലി  

ബെന്റയ്ഗ ഹൈബ്രിഡ് കാറിനാണ് രണ്ട് ലക്ഷമെന്ന എണ്ണം തികയ്ക്കാന്‍ ഭാഗ്യമുണ്ടായത്  
ക്രൂ, യുകെ: ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ ബെന്റ്‌ലി മോട്ടോഴ്‌സ് ഇതുവരെയായി നിര്‍മിച്ചത് രണ്ട് ലക്ഷം യൂണിറ്റ് കാറുകള്‍. നൂറ് വര്‍ഷത്തിലധികം (കൃത്യമായി 102 വര്‍ഷം) പഴക്കമുള്ള കമ്പനിയുടെ ചരിത്രത്തിലാണ് ഇത്രയും ആഡംബര കാറുകള്‍ പിറന്നത്. ചൈനീസ് ഉപയോക്താവിനായി നിര്‍മിച്ച ബെന്റയ്ഗ ഹൈബ്രിഡ് കാറിനാണ് രണ്ട് ലക്ഷമെന്ന എണ്ണം തികയ്ക്കാന്‍ ഭാഗ്യമുണ്ടായത്. ബെന്റ്‌ലിയുടെ ക്രൂ പ്ലാന്റിലെ പ്രൊഡക്ഷന്‍ ലൈനില്‍നിന്ന് ഈ കാര്‍ ഈയിടെ പുറത്തെത്തിച്ചു.

2003 മുതല്‍ ക്രൂ പ്ലാന്റില്‍ നിര്‍മിച്ച 1,55,582 വാഹനങ്ങളിലെ ഏറ്റവും പുതിയവനാണ് ഇപ്പോള്‍ പുറത്തെത്തിച്ച രണ്ട് ലക്ഷം യൂണിറ്റ് തികച്ച ബെന്റയ്ഗ ഹൈബ്രിഡ്. ആധുനിക ബെന്റ്‌ലിയുടെ ആദ്യ മോഡലായ കോണ്ടിനെന്റല്‍ ജിടി പുറത്തിറക്കിയത് ഇതേ വര്‍ഷത്തിലാണ്. നിലവില്‍ പ്രതിദിനം 85 കാറുകളാണ് ബെന്റ്‌ലി നിര്‍മിക്കുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രതിമാസമാണ് ഇത്രയും കാറുകള്‍ നിര്‍മിച്ചിരുന്നത്.

ബെന്റ്‌ലി ആദ്യമായി സ്ഥാപിതമായ 1919 മുതല്‍ 2002 വരെ 44,418 ആഡംബര കാറുകളാണ് ബെന്റ്‌ലി നിര്‍മിച്ചത്. ഇതില്‍ 38,933 എണ്ണവും ക്രൂ പ്ലാന്റിലായിരുന്നു. ബെന്റ്‌ലി ബ്ലോവര്‍, ആര്‍ ടൈപ്പ് കോണ്ടിനെന്റല്‍, മുല്‍സാന്‍, അര്‍ണാഷ്, അസൂര്‍ തുടങ്ങി അതാതുകാലത്തെ പല പ്രശസ്ത മോഡലുകളും 44,418 യൂണിറ്റ് കാറുകളില്‍ ഉള്‍പ്പെടുന്നു. അവിശ്വസനീയ കാര്യം എന്തെന്നാല്‍, യുകെ വിപണിക്കായി നിര്‍മിച്ച കാറുകളില്‍ 84 ശതമാനം ഇപ്പോഴും നിരത്തുകളില്‍ കാണാന്‍ കഴിയും. ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി എന്ന യഥാര്‍ത്ഥ ആഡംബര ഗ്രാന്‍ഡ് ടൂററിന്റെ വിജയത്തോടെ 2003 മുതല്‍ ക്രൂ ഫാക്റ്ററിയില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തിയിരുന്നു.

ആകെയുള്ള രണ്ട് ലക്ഷം വില്‍പ്പനകളില്‍ എണ്‍പതിനായിരത്തോളം കാറുകള്‍ കോണ്ടിനെന്റല്‍ ജിടി മാത്രമാണെന്ന് ബെന്റ്‌ലി മോട്ടോഴ്‌സ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അഡ്രിയാന്‍ ഹാള്‍മാര്‍ക്ക് പറഞ്ഞു. ഈ വര്‍ഷം ജനുവരിയിലാണ് 80,000 എണ്ണം തികഞ്ഞ കോണ്ടിനെന്റല്‍ ജിടി നിര്‍മിച്ചത്.

ഭാവി പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ക്കണ്ട് 2020 നവംബറില്‍ ‘ബിയോണ്ട്100 സ്ട്രാറ്റജി’ തയ്യാറാക്കിയിരുന്നു. 2030 ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ ബിസിനസായി മാറുകയാണ് ബെന്റ്‌ലി നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യം. പൂര്‍ണ വൈദ്യുതവല്‍ക്കരണം നടപ്പാക്കാനാണ് തീരുമാനം. 2026 ഓടെ പ്ലഗ് ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളും (പിഎച്ച്ഇവി) ബാറ്ററി ഇലക്ട്രിക് വാഹനങ്ങളും (ബിഇവി) മാത്രമായിരിക്കും നിര്‍മിക്കുന്നത്. 2030 ഓടെ മുഴുവന്‍ മോഡലുകളും ബാറ്ററി ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റും.

Maintained By : Studio3