സ്വന്തം സാമൂഹ്യ മാധ്യമം അവതരിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്
രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ അദ്ദേഹം സാമൂഹ്യ മാധ്യമത്തില്‍ തിരികെയെത്തുമെന്ന് മുന്‍ ഉപദേഷ്ടാവ് ജേസണ്‍ മില്ലര്‍
ഫ്‌ളോറിഡ: സ്വന്തം സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോം അവതരിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഫേസ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിരോധനം നേരിട്ട മുന്‍ യുഎസ് പ്രസിഡന്റ് സ്വന്തം പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് സാമൂഹ്യ മാധ്യമ ലോകത്തേക്ക് തിരിച്ചുവരാനാണ് ഒരുങ്ങുന്നത്. രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ഡൊണാള്‍ഡ് ട്രംപ് സാമൂഹ്യ മാധ്യമത്തില്‍ തിരികെയെത്തുന്നത് കാണാന്‍ കഴിയുമെന്ന് അദ്ദേഹത്തിന്റെ മുന്‍ ഉപദേഷ്ടാവ് ജേസണ്‍ മില്ലര്‍ പറഞ്ഞു.
കളി പൂര്‍ണമായും പുനര്‍നിര്‍വചിക്കപ്പെടുമെന്നും ട്രംപ് എന്തുചെയ്യുമെന്ന് കാണുന്നതിന് എല്ലാവരും കാത്തിരിക്കുകയാണെന്നും മില്ലര്‍ കൂട്ടിച്ചേര്‍ത്തു. ഡൊണാള്‍ഡ് ട്രംപിന്റെ രണ്ട് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലും ഉന്നത ചുമതലകള്‍ വഹിച്ചിരുന്ന വ്യക്തിയാണ് ജേസണ്‍ മില്ലര്‍. പുതിയ പ്ലാറ്റ്‌ഫോം വളരെ വലുതായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദശലക്ഷക്കണക്കിന് (മില്യണ്‍സ് ആന്‍ഡ് മില്യണ്‍സ്, ടെന്‍സ് ഓഫ് മില്യണ്‍സ്) ആള്‍ക്കാരെ പുതിയ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരാന്‍ ട്രംപിന് കഴിയുമെന്ന് മില്ലര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രസിഡന്റായിരിക്കെ പ്രകോപനപരമായാണ് ഡൊണാള്‍ഡ് ട്രംപ് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നത്. ട്വിറ്ററില്‍ 88 മില്യണ്‍ പേര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നിരുന്നു. വിമര്‍ശകരെയും എതിരാളികളെയും ആക്ഷേപിക്കാന്‍ പലപ്പോഴും ട്വീറ്റുകള്‍ ഉപയോഗിച്ചു. ഉദ്യോഗസ്ഥരെ ചുമതലയില്‍നിന്ന് നീക്കുന്നതും സുപ്രധാന നയമാറ്റങ്ങളും പലപ്പോഴും ട്വിറ്ററിലൂടെയാണ് പ്രഖ്യാപിച്ചിരുന്നത്. ജനുവരി 6 ന് നടന്ന റാലിയില്‍ പങ്കെടുക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തതോടെ ഡൊണാള്‍ഡ് ട്രംപിന്റെ എക്കൗണ്ട് ട്വിറ്റര്‍ എന്നന്നേയ്ക്കുമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ റാലിയാണ് യുഎസ് കാപിറ്റോളിലെ അക്രമത്തില്‍ കലാശിച്ചത്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, സ്‌നാപ്ചാറ്റ് തുടങ്ങി മറ്റ് പ്രധാന പ്ലാറ്റ്‌ഫോമുകളും ട്രംപിന് താല്‍ക്കാലികമായോ സ്ഥിരമായോ വിലക്കേര്‍പ്പെടുത്തി.
നവംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനോടാണ് ഡൊണാള്‍ഡ് ട്രംപ് തോറ്റത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഇപ്പോഴും വലിയ സ്വാധീനമുള്ള ട്രംപ് 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍കൂടി മല്‍സരിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പിച്ചതോടെ വാഷിംഗ്ടണ്‍ വിടുകയും ഫ്‌ളോറിഡയിലെ അദ്ദേഹത്തിന്റെ റിസോര്‍ട്ട് വീട്ടിലേക്ക് താമസം മാറ്റുകയും ചെയ്തിരുന്നു.