ട്രേഡ് റിസീവബിള്‍സ് ഡിസ്കൗണ്ടിംഗ് സിസ്റ്റം (ട്രെഡ്സ്) എംഎസ്എംഇകൾക്ക് സഹായകരം
തിരുവനന്തപുരം: സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) നേരിടുന്ന പ്രവര്‍ത്തന മൂലധന പ്രതിസന്ധി മറികടക്കാന്‍ കഴിയുന്ന സംവിധാനമാണ് ട്രെഡ്സ് (ടിആര്‍ഇഡിഎസ്) എന്ന് വ്യവസായ മന്ത്രി പി.രാജീവ്. കേരളീയം പരിപാടിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ട്രെഡ്സ് ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരുമായി ബന്ധപ്പെടുന്ന വിവിധ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ട്രെഡ്സ് ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. പുതിയ കാലത്തിന്‍റെ എംഎസ്എംഇകള്‍ക്ക് മുന്നോട്ട് പോകുന്നതില്‍ ഈ സംവിധാനം സഹായകരമായിരിക്കും. നിരവധി സ്ഥാപനങ്ങള്‍ ഇതിനോടകം ട്രെഡ്സില്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞതായും മന്ത്രി പറഞ്ഞു. പരമാവധി എംഎസ്എംഇകള്‍ക്ക് സഹായകമായ വിധത്തില്‍ ഈ സംവിധാനം വിനിയോഗിക്കാന്‍ സാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
എംഎസ്എംഇകളെ പരമാവധി നിലനിര്‍ത്തുന്നതിനുള്ള ഇക്കോസംവിധാനം സംസ്ഥാന സര്‍ക്കാര്‍ ശക്തിപ്പെടുത്തി വരുന്നുണ്ട്. 1,40000 പുതിയ എംഎസ്എംഇകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഐടി സ്റ്റാര്‍ട്ടപ്പ്കള്‍ക്ക് നല്‍കിക്കൊണ്ടിരുന്ന എല്ലാ സൗകര്യങ്ങളും ഐടി ഇതര സ്റ്റാര്‍ട്ടപ്പുകള്‍ക്കും ലഭ്യമാക്കുന്നതായും മന്ത്രി പറഞ്ഞു. വന്‍കിട വ്യവസായത്തേക്കാള്‍ കൂടുതല്‍ സാധ്യതകളുള്ള കേരളത്തിലെ പ്രധാനപ്പെട്ട വ്യവസായ മേഖലയാണ് എംഎസ്എംഇകളെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വ്യാപാരത്തില്‍ നിന്ന് ലഭിക്കുന്ന തുക ലിക്വിഡ് ഫണ്ടുകളാക്കി മാറ്റുതിന് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ നേരിടുന്ന തടസങ്ങള്‍ പരിഹരിക്കുന്നതിനായാണ് ട്രേഡ് റിസീവബിള്‍സ് ഡിസ്കൗണ്ടിംഗ് സിസ്റ്റം (ട്രെഡ്സ്) രൂപീകരിച്ചത്. കൃത്യസമയത്ത് സംരംഭകര്‍ക്ക് പണമിടപാട് നടത്തുന്നതിനും ക്രെഡിറ്റ് റിസ്ക് പരമാവധി കുറയ്ക്കുന്നതിനും ഈ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ സാധിക്കും.