December 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടൂറിസം മേഖലയ്ക്കായി ‘മിഷന്‍ 2030’ മാസ്റ്റര്‍പ്ലാന്‍

1 min read

തിരുവനന്തപുരം: വിനോദസഞ്ചാരത്തിനായി എല്ലാ മേഖലയെയും പരിഗണിച്ചുകൊണ്ടുള്ള ‘മിഷന്‍ 2030’ മാസ്റ്റര്‍പ്ലാന്‍ സര്‍ക്കാര്‍ അടുത്ത വര്‍ഷം കൊണ്ടുവരുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഡ്രൈ ഡേ, സംസ്ഥാനത്തിന്‍റെ ജിഡിപിയില്‍ ടൂറിസത്തിന്‍റെ സംഭാവന നിലവിലെ 12 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി വര്‍ധിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നയങ്ങളും നിര്‍ദേശങ്ങളും മാസ്റ്റര്‍പ്ലാന്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഡ്രൈ ഡേ ഒഴിവാക്കുന്നത് തദ്ദേശ വകുപ്പുമായടക്കം ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും കേരളീയം പരിപാടിയുടെ ഭാഗമായി ‘കേരളത്തിലെ വിനോദസഞ്ചാര മേഖല’ എന്ന സെമിനാറിനെ അഭിസംബോധന ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. ടൂറിസം മേഖലയില്‍ സ്വകാര്യ നിക്ഷേപം വന്‍തോതില്‍ പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍ അടുത്ത വര്‍ഷം നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടത് പ്രധാനമാണെന്നും സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തോടെ മാത്രമേ ആഗോളതലത്തില്‍ കേരള ടൂറിസത്തിനുള്ള ഇടം സുസ്ഥിരമാക്കാനാകൂവെന്നും മന്ത്രി പറഞ്ഞു.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

നവംബര്‍ 16ന് നടക്കുന്ന ടൂറിസം നിക്ഷേപക സംഗമം സ്വകാര്യ നിക്ഷേപകര്‍ക്ക് പുതിയ ആശയങ്ങളും അവസരങ്ങളും ചര്‍ച്ച ചെയ്യുന്നതിന് വഴിയൊരുക്കും. പൊതു-സ്വകാര്യ പങ്കാളിത്ത സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ ഇപ്പോഴും ടൂറിസം മേഖലയ്ക്ക് കഴിഞ്ഞിട്ടില്ല. സ്വകാര്യ നിക്ഷേപത്തിന് വലിയ സാധ്യതയാണ് ടൂറിസം മേഖലയിലുള്ളത്. വാഗമണിലെ ഗ്ലാസ് ബ്രിഡ്ജ് പൊതു-സ്വകാര്യ മാതൃകയ്ക്ക് ഉദാഹരണമാണ്. സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെ ഹെലി ടൂറിസവും ക്രൂയിസ് ടൂറിസവും 2024-ല്‍ ആരംഭിക്കും. ചാലിയാര്‍ നദിക്ക് കുറുകെ നവീകരിച്ച 132 വര്‍ഷം പഴക്കമുള്ള ഫറോക്ക് പാലം ഡിസൈന്‍ പോളിസിക്ക് അനുസൃതമായി 2024 ല്‍ സംസ്ഥാനത്തിന് സമര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ആലുവയില്‍ മറ്റൊരു പാലത്തിന്‍റെ പണി 2024 ല്‍ ആരംഭിക്കും. പൊതു-സ്വകാര്യ മേഖലകളുടെ സഹകരണത്തോടെയാണ് ഈ പദ്ധതികളെല്ലാം നടപ്പാക്കുന്നത്. നൂതന പദ്ധതികള്‍ ആവിഷ്കരിക്കുന്ന ‘കേരള മോഡല്‍’ ലോകമെമ്പാടും അനുകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

ഗ്ലാസ് ബ്രിഡ്ജ്, ഫ്ളോട്ടിങ് ബ്രിഡ്ജ്, സിനിമാ ടൂറിസം, കാരവന്‍ ടൂറിസം തുടങ്ങിയ പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചതിലൂടെ കോവിഡിന് ശേഷമുള്ള വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. കോവിഡിനു ശേഷം വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് ശ്രദ്ധേയമാണ്. കോവിഡിന് മുമ്പ് ഏകദേശം 11,43,710 ആഭ്യന്തര വിനോദസഞ്ചാരികള്‍ വയനാട് സന്ദര്‍ശിച്ചപ്പോള്‍ 2022 ല്‍ സഞ്ചാരികളുടെ എണ്ണം 15,09,207 ആയി ഉയര്‍ന്നു. ഡിടിപിസിയുടെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളില്‍, കോവിഡിന് മുമ്പുള്ള ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 11,84,526 ആയിരുന്നു. വരുമാനം 7998719 രൂപ. 2022-23 ല്‍ ആഭ്യന്തര സന്ദര്‍ശകരുടെ എണ്ണം 24,34,756 ഉം വരുമാനം 12,213,79,45 രൂപയുമാണ്. ഇക്കഴിഞ്ഞ പൂജ അവധി ദിവസങ്ങളില്‍ വയനാട്ടിലെ ഡിടിപിസി ടൂറിസം കേന്ദ്രങ്ങളില്‍ 52,416 സന്ദര്‍ശകര്‍ എത്തുകയും 31,73,785 രൂപ വരുമാനം നേടുകയും ചെയ്തുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ടൂറിസം മേഖലയിലെ മൊത്തം തൊഴിലവസരങ്ങള്‍ 15 ലക്ഷമാണെന്ന് ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു. 2022 ല്‍ ഈ മേഖലയില്‍ നിന്നുള്ള മൊത്തം വരുമാനം 35,168.42 കോടി രൂപയായിരുന്നു. വിദേശ സഞ്ചാരികളിലൂടെയുള്ള വരുമാനം 2792.42 കോടി രൂപയും ആഭ്യന്തര സഞ്ചാരികളില്‍ നിന്നുള്ള വരുമാനം 24,588.96 കോടി രൂപയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്
Maintained By : Studio3