മൂന്നാര്‍-തേക്കടി പാതയ്ക്ക് മോസ്റ്റ് സീനിക് റോഡ് അവാര്‍ഡ്

തിരുവനന്തപുരം: ഇന്ത്യാ ടുഡേ മാഗസിന്‍റെ ഇന്ത്യാ ടുഡേ ടൂറിസം സര്‍വേ 2025 അവാര്‍ഡ് കേരള ടൂറിസത്തിന്. ഏറ്റവും മനോഹരമായ റോഡ് (മോസ്റ്റ് സീനിക് റോഡ്) വിഭാഗത്തില്‍ ഇന്ത്യ ടുഡേ എഡിറ്റേഴ്സ് ചോയ്സ് അവാര്‍ഡിനാണ് കേരളത്തെ തെരഞ്ഞെടുത്തത്. മൂന്നാര്‍ മുതല്‍ തേക്കടി വരെയുള്ള റോഡാണ് കേരളത്തെ പുരസ്കാരത്തിന് അര്‍ഹമാക്കിയത്. ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ ടുഡേ വാര്‍ഷിക ടൂറിസം സമ്മേളനത്തില്‍ കേന്ദ്ര ടൂറിസം സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തില്‍ നിന്ന് കേരള ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ടൂറിസം മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഇന്ത്യ ടുഡേ നല്‍കുന്ന വാര്‍ഷിക പുരസ്കാരമാണിത്. പ്രകൃതിയോടിണങ്ങിയുള്ള കേരളത്തിന്‍റെ തനത് വിനോദസഞ്ചാര അനുഭവങ്ങള്‍ക്കുള്ള സ്വീകാര്യതയ്ക്കൊപ്പം ടൂറിസം മേഖലയില്‍ കേരളം നടപ്പാക്കുന്ന നൂതന പദ്ധതികള്‍ക്കും ആകര്‍ഷണങ്ങള്‍ക്കുമുള്ള അംഗീകാരം കൂടിയായി ഈ പുരസ്കാരത്തെ കാണുന്നുവെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിലൂടെ രാജ്യത്തെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനായി കേരളം വീണ്ടും അംഗീകരിക്കപ്പെടുന്നു. കൂടുതല്‍ ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളുടെ വരവിന് പുരസ്കാര നേട്ടം സഹായകമാകും. പശ്ചാത്തല മേഖലയിലെ വികസനം കേരളത്തിലെ ടൂറിസത്തിനു കൂടി മുതല്‍ക്കൂട്ടായി മാറുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള ടൂറിസത്തിന്‍റെ മികവിനുള്ള സാക്ഷ്യപത്രമായി പുരസ്കാരത്തെ കാണുന്നുവെന്ന് ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. സഞ്ചാരികളുടെ മാറിവരുന്ന അഭിരുചികള്‍ക്കനുസരിച്ച് നൂതനവും വ്യത്യസ്തവുമായ ടൂറിസം ഉത്പന്നങ്ങളും പദ്ധതികളും ആവിഷ്കരിക്കാനാണ് കേരളം ലക്ഷ്യമിടുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ടൂറിസം രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യ ടുഡേയുടെ പുരസ്കാരം 2022 ലും പങ്കാളിത്തസൗഹൃദ കാരവന്‍ ടൂറിസം പദ്ധതിയായ ‘കേരവന്‍ കേരള’യ്ക്ക് 2023 ലും ഇന്ത്യാ ടുഡേ പുരസ്കാരം കേരളത്തിന് ലഭിച്ചിരുന്നു.