വരും വര്‍ഷങ്ങളിലും ബിസിനസ് യാത്രകളില്‍ ഇടിവുണ്ടാകും: ഖത്തര്‍ എയര്‍വേസ്
1 min readവീഡിയോ കോണ്‍ഫറന്‍സിംഗിന്റെ വളര്‍ച്ചയും കമ്പനികളുടെ ചിലവ് ചുരുക്കല്‍ നടപടികളും തിരിച്ചടിയായി
ദോഹ: കുറച്ച് വര്‍ഷങ്ങളില്‍ കൂടി ബിസിനസ് യാത്രകളിലെ ഇടിവ് തുടരുമെന്ന് ഖത്തര്‍ എയര്‍വേസിലെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസറായ തിയറി ആന്റിനോറി. ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സിയായ കാപ്പ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പനികളിലെ ചിലവ് ചുരുക്കല്‍ നടപടികള്‍ തുടരുന്നതിനാല്‍ പ്രീമിയം യാത്രകള്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്താന്‍ സമയമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ്-19 പകര്‍ച്ചവ്യാധിക്ക് മുമ്പ് ബിസിനസ് ക്ലാസ് യാത്രാവിപണി വിമാനക്കമ്പനികളെ സംബന്ധിച്ചെടുത്തോളം ശക്തമായ വളര്‍ച്ചയുള്ള വിപണിയായിരുന്നു. പ്രത്യേകിച്ച് ഗള്‍ഫ് ആസ്ഥാനമായ വിമാനക്കമ്പനികള്‍ ബിസിനസ് രംഗത്തെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് അത്യാഢംബര സീറ്റുകളിലും ബിസിനസ് ക്ലാസിലും വലിയ നിക്ഷേപകങ്ങള്‍ നടത്താറുണ്ട്. പക്ഷേ, കഴിഞ്ഞ വര്‍ഷം വീഡിയോ കോണ്‍ഫറന്‍സിംഗ് അതിവേഗ വളര്‍ച്ച നേടുകയും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ചിലവ് ചുരുക്കല്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തതോടെ വിമാനങ്ങളിലെ പ്രീമിയം യാത്രാ വിപണി ശക്തമായ തിരിച്ചടി നേരിട്ടു.
പ്രതിസന്ധിയുടെ ഈ അവസ്ഥ മുതലെടുത്ത് കമ്പനികള്‍ ചിലവ് ചുരുക്കല്‍ നടപടികള്‍ നടപ്പിലാക്കുമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യാത്രാച്ചിലവുകള്‍ വെട്ടിച്ചുരുക്കുന്നതിലൂടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ചിലവിടുന്ന തുകയുടെ പത്ത് ശതമാനം വരെ ലാഭിക്കാമെന്ന ചിന്തയാണ് കമ്പനികള്‍ക്ക് ഉണ്ടാകുകയെന്നും ആന്റിനോറി പറഞ്ഞു. അതിനാല്‍ ബിസിനസ് യാത്ര മേഖലയിലെ ഇടിവ് കുറച്ച് വര്‍ഷങ്ങള്‍ കൂടി തുടര്‍ന്നേക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗള്‍ഫ് വിമാനക്കമ്പനികളിലെ ഭൂരിഭാഗം വിമാനങ്ങളിലും കൂടുതലായും ബിസിനസ് ക്ലാസ് സീറ്റുകള്‍ ആണെന്നതിനാല്‍ പ്രീമിയം യാത്ര വിപണിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഇവിടങ്ങളിലെ വിമാനക്കമ്പനികള്‍.