പിഎംഐ കുറഞ്ഞു; മെയില്‍ ദുബായിലെ എണ്ണയിതര സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായി
പതിനേഴ് മാസത്തിന് ശേഷം ഏപ്രിലില്‍ ദുബായുടെ പിഎംഐ 53.3 ആയി ഉയര്‍ന്നിരുന്നു. എന്നാല്‍ മെയില്‍ ഇത് 51.6 ആയി കുറഞ്ഞു.
ദുബായ്: മെയില്‍ ദുബായിലെ എണ്ണയിതര സമ്പദ് വ്യവസ്ഥ വളര്‍ച്ച നിലനിര്‍ത്തിയെങ്കിലും ഏപ്രിലിനെ അപേക്ഷിച്ച് സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായതായി പിഐംഐ ഡാറ്റ. ഉല്‍പ്പാദനവും പുതിയ ബിസിനസുകളും കൂടിയെങ്കിലും വളരെ മന്ദഗതിയിലുള്ള വളര്‍ച്ചയാണ് പ്രകടമായതെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ ദുബായുടെ പിഎംഐ (പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചിക) വ്യക്തമാക്കി. മാത്രമല്ല കഴിഞ്ഞ മാസം എമിറേറ്റില്‍ നിയമനങ്ങളിലും കുറവ് രേഖപ്പെടുത്തി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഏപ്രിലില്‍ ഉല്‍പ്പാദന നിരക്കുകള്‍ കൂടിയെങ്കിലും കഴിഞ്ഞ മാസം അത് വീണ്ടും കുറഞ്ഞതായി ദുബായുടെ ഏറ്റവും പുതിയ പിഎംഐ സൂചിപ്പിക്കുന്നു.
പതിനേഴ് മാസത്തിന് ശേഷം ഏപ്രിലില്‍ ദുബായുടെ പിഎംഐ 53.3 ആയി ഉയര്‍ന്നിരുന്നു. എന്നാല്‍ മെയില്‍ ഇത് 51.6 ആയി കുറഞ്ഞു. എന്നിരുന്നാലും എമിറേറ്റിലെ ബിസിനസ് മേഖലയിലെ പ്രവര്‍ത്തന സാഹചര്യങ്ങള്‍ പത്ത് മാസത്തിനിടെയുള്ള ഏറ്റവും വേഗത്തിലുള്ള അഭിവൃദ്ധി പ്രകടമാക്കി. പിഎംഐയിലെ അഞ്ച് ഉപ സൂചികകളില്‍ നാലും ഏപ്രിലിനെ അപേക്ഷിച്ച് ദുര്‍ബലമായിരുന്നു. വിതരണക്കാരുടെ ഡെലിവറി സമയം മാത്രമാണ് നില മെച്ചപ്പെടുത്തിയത്. ഉല്‍പ്പാദനം, പുതിയ ഓര്‍ഡറുകള്‍ എന്നീ സൂചികകളിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. ഒരു മാസത്തിനിടെ ഈ രണ്ട് സൂചികകളിലും 3.8 പോയിന്റിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
എണ്ണയിതര ബിസിനസ് സാഹചര്യങ്ങളില്‍ കൂടുതല്‍ ആധുനികമായ പുരോഗതി ആവശ്യമാണെന്നാണ് പിഎംഐയിലുള്ള ഇടിവ് സൂചിപ്പിക്കുന്നതെന്നും തുടര്‍ച്ചയായ മൂന്ന് മാസങ്ങളില്‍ ഉയര്‍ന്നതിന് ശേഷമാണ് ദുബായ് പിഎംഐ കഴിഞ്ഞ മാസം 53.5ല്‍ നിന്നും 51.6 ലേക്ക് വീണതെന്നും ഐഎച്ച്എസ് മാര്‍ക്കിറ്റിലെ സാമ്പത്തിക വിദഗ്ധനായ ഡേവിഡ് ഓവെന്‍ പറഞ്ഞു. 2019 അവസാനത്തിന് ശേഷം ഏപ്രിലില്‍ ഉല്‍പ്പാദനം, പുതിയ ഓര്‍ഡര്‍ എന്നിവ ശക്തമായിരുന്നെങ്കിലും മെയില്‍ വളരെ ദുര്‍ബലമായ വളര്‍ച്ചയാണ് ഈ രണ്ട് വിഭാഗങ്ങളിലും രേഖപ്പെടുത്തിയതെന്നും ഓവെന്‍ കൂട്ടിച്ചേര്‍ത്തു. മാന്ദ്യത്തെ തുടര്‍ന്ന് മെയില്‍ കമ്പനികള്‍ക്ക് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കേണ്ടതായി വന്നു. പക്ഷേ മൊത്തത്തിലുള്ള തൊഴില്‍നഷ്ട നിരക്ക് കുറവായിരുന്നു.
തുടര്‍ച്ചയായ ആറാംമാസത്തിലും എണ്ണയിതര സമ്പദ് വ്യവസ്ഥയില്‍ ഉല്‍പ്പാദനം കൂടി. പക്ഷേ കഴിഞ്ഞ മാസം വളര്‍ച്ചയുടെ വേഗത ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. നിലവിലെ പ്രോജക്ടുകളിലൂടെയാണ് പുതിയ ഓര്‍ഡറുകളിലെ വളര്‍ച്ചയുടെ മാന്ദ്യത്തെ അതിജീവിച്ചതെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റ് സര്‍വ്വേയില്‍ പങ്കെടുത്ത കമ്പനികള്‍ അറിയിച്ചു. അതേസമയം കഴിഞ്ഞ മാസം ദുബായില്‍ ഉല്‍പ്പാദനത്തില്‍ അതിവേഗത്തിലുള്ള വളര്‍ച്ച പ്രകടമാക്കിയ ഏക മേഖല കെട്ടിട നിര്‍മാണ മേഖലയായിരുന്നു. മൊത്തവിപണി, ചില്ലറവിപണി എന്നീ മേഖലകളിലും നേരിയ തോതിലുള്ള വളര്‍ച്ചയാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. അതേസമയം ടൂറിസം,ട്രാവല്‍ മേഖലകളില്‍ കഴിഞ്ഞ മാസവും ആക്ടിവിറ്റി കുറഞ്ഞു.
കഴിഞ്ഞ മാസവും ഏറ്റവും ദുര്‍ബലമായ വളര്‍ച്ച പ്രകടമാക്കിയ രണ്ട് മേഖലകളായിരുന്നു ട്രാവല്‍, ടൂറിസം മേഖലകള്‍. അഞ്ച് മാസത്തിനിടെ നാലാമത്തെ തവണയാണ് ഈ രണ്ട് മേഖലകളിലും പുതിയ ജോലികളില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഉല്‍പ്പാദനത്തിലും പുതിയ ഓര്‍ഡറുകളിലും വളര്‍ച്ച മന്ദഗതിയിലായത് ജീവനക്കാരെ വെട്ടിച്ചുരുക്കാനും ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ പ്രേരിപ്പിച്ചു. മൊത്തത്തില്‍ മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് ദുബായിലെ എണ്ണയിതര സ്വകാര്യ മേഖലയില്‍ നിയമനങ്ങളില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വാങ്ങലിലും ഉല്‍പ്പന്നങ്ങളുടെ അളവിലും നേരിയ തോതിലുള്ള വളര്‍ച്ച മാത്രമാണ് മെയില്‍ രേഖപ്പെടുത്തിയത്. കടക്കാരുടെ പ്രകടനത്തിലും തുടര്‍ച്ചയായ നാലാംമാസവും ഇടിവ് രേഖപ്പെടുത്തി.
അതേസമയം മെയിലെ പിഎംഐയിലുള്ള ഇടിവ് ആശങ്കാജനകമല്ലെന്നും പല കാരണങ്ങള്‍ കൊണ്ടും അത്തരം ആഘാതങ്ങള്‍ ഉണ്ടാകാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മെയില്‍ യുഎഇയുടെ മൊത്തത്തിലുള്ള പിഎംഐയിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു. വേനല്‍ക്കാലത്ത് താരതമ്യേന യുഎഇയിലെ ബിസിനസ് മന്ദഗതിയിലാകാറുണ്ടെന്നും ഇവര്‍ നിരീക്ഷിക്കുന്നു. ദുബായിലും യുഎഇയിലും റിയല്‍ എസറ്റേറ്റ് ഇടപാടുകളില്‍ കഴിഞ്ഞ മാസങ്ങളില്‍ വലിയ തോതിലുള്ള വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. കോടിക്കണക്കിന് ദിര്‍ഹങ്ങളാണ് ഈ മേഖലയില്‍ കൈമാറ്റം ചെയ്യപ്പെട്ടത്. പക്ഷേ ഇവ സമ്പദ് വ്യവസ്ഥയിലേക്ക് എത്താന്‍ കുറച്ച് സമയമെടുത്തേക്കും. വര്‍ഷത്തിന്റെ രണ്ടാംപകുതിയില്‍ അതായത് മൂന്ന്,നാല് പാദങ്ങളില്‍ യുഎഇയിലെ ബിസിനസ് സാഹചര്യങ്ങള്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയും വിദഗ്ധര്‍ പങ്കുവെക്കുന്നു.