സൌദിയിൽ പുതിയ ആഡംബരക്കപ്പൽ കമ്പനിയുമായി പിഐഎഫ്
1 min readആഡംബരക്കപ്പൽ വ്യവസായ മേഖലയുടെ വികസനവും തൊഴിലവസരങ്ങൾ സൃഷ്ടിക്കലും പ്രധാന ലക്ഷ്യങ്ങൾ
ജിദ്ദ ആഡംബരക്കപ്പൽ വ്യവസായ മേഖലയുടെ വികസനം ലക്ഷ്യമിട്ട് സൌദി അറേബ്യയിൽ പുതിയ ക്രൂയിസ് കമ്പനി പ്രവർത്തനമാരംഭിച്ചു. രാജ്യത്തെ സോവറീൻ വെൽത്ത് ഫണ്ടായ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടാണ് സൌദി ക്രൂയിസ് എന്ന പേരിലുള്ള കമ്പനി തുടങ്ങിയിരിക്കുന്നത്. വിഷൻ 2030 പരിഷ്കരണ പദ്ധതിയുടെ ലക്ഷ്യങ്ങൾ മുൻനിർത്തി ടൂറിസം ലക്ഷ്യസ്ഥാനമെന്ന നിലയിൽ സൌദിയെ അന്താരാഷ്ട്ര ആഡംബരക്കപ്പൽ ഭൂപടത്തിന്റെ ഭാഗമാക്കി മാറ്റുകയാണ് പുതിയ കമ്പനിയുടെ ഉദ്ദേശ്യം. ഇതിലൂടെ ടൂറിസം മേഖലയിൽ 50,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും രാജ്യം പദ്ധതിയിടുന്നുണ്ട്.
പരിസ്ഥിതിക്കും പ്രകൃതി വിഭവങ്ങൾക്കും കോട്ടം തട്ടാത്ത വിധത്തിൽ രാജ്യത്തെ സാംസ്കാരിക, പൈതൃക കേന്ദ്രങ്ങളിലേക്ക് ആഡംബര കപ്പലിലൂടെ ചെന്നെത്താൻ സാധിക്കുന്ന തരത്തിലുള്ള പാത വികസിപ്പിക്കുകയാണ് സൌദി ക്രൂയിസിന്റെ ആദ്യ ദൌത്യം.ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം പുതിയൊരു മേഖലയ്ക്ക് രൂപം നൽകി പകർച്ചവ്യാധി മൂലം താഴേക്ക് പോയ തൊഴിലില്ലായ്മ നിരക്ക് തിരിച്ചുപിടിക്കുക കൂടിയാണ് സൌദി ക്രൂയിസിന്റെ ലക്ഷ്യം. സൌദി സീസൺസ്,അൽഉല തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആഡംബര നൌകയിലൂടെയുള്ള സഞ്ചാരം വിദേശികളെ മാത്രമല്ല, സ്വദേശികളെയും ആകർഷിക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം ആഡംബരക്കപ്പൽ സഞ്ചാരം എല്ലാവർക്കും താങ്ങാൻ കഴിയുന്നതാകുമോ എന്ന സംശയം ഇതിനോടകം തന്നെ പല കോണുകളിലും ഉയരുന്നുണ്ട്. പ്രത്യേക വിഭാഗത്തിൽ പെട്ട ആളുകൾക്ക് മാത്രമായിരിക്കും ഇത്തരത്തിലുള്ള ടൂറിസം പദ്ധതികൾ ആസ്വദിക്കാനാകുക എന്നത് നിരാശാജനകമാണെന്നാണ് ഇവർ പറയുന്നത്. റെഡ് സീ സ്പിരിറ്റ് എന്ന ആഡംബരക്കപ്പൽ യാത്രയ്ക്ക് 7,000 മുതൽ 10,000 റിയാൽ വരെ ആയിരുന്നു ടിക്കറ്റ് നിരക്ക്. ഇതേ രീതിയിലുള്ള ടിക്കറ്റ് നിരക്കാണ് സൌദി ക്രൂയിസും മുന്നോട്ട് വെക്കുകയെങ്കിൽ തദ്ദേശീയർക്ക് അവ താങ്ങാൻ കഴിയില്ലെന്നും അവർ പറയുന്നു.
എണ്ണ-ഇതര മേഖലയിൽ പുതിയ സാധ്യതകൾ വെട്ടിത്തുറക്കുന്നതിന് ഊന്നൽ നൽകുന്ന പിഐഎഫിന്റെ 2021-2025 കാലഘട്ടത്തേക്കുള്ള സാമ്പത്തിക നയത്തിന്റെ ഭാഗമായാണ് ക്രൂയിസ് കമ്പനി. 2025 അവസാനത്തോടെ രാജ്യത്തിന്റെ എണ്ണ-ഇതര വരുമാനത്തിലേക്ക് 1.2 ട്രില്യൺ റിയാൽ സംഭാവന നൽകുകയാണ് പിഐഎഫിന്റെയും ഉപ കമ്പനികളുടെയും ലക്ഷ്യം. ഇതിനായി യുനെസ്കോയുടെ പൈതൃക ഭൂപടത്തിൽ ഇടം നേടിയതും അല്ലാത്തതുമായ രാജ്യത്തെ പൈതൃക കേന്ദ്രങ്ങളും ചരിത്രപ്രധാന, സാംസ്കാരിക ലക്ഷ്യസ്ഥാനങ്ങളും മറ്റ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും പരമാവധി ഉപയോഗപ്പെടുത്താനാണ് പിഐഎഫിന്റെ പദ്ധതി.
കഴിഞ്ഞ ഓഗസ്റ്റിലാണ് റെഡ് സീ സ്പിരിറ്റ് സൌദിയിൽ ആദ്യത്തെ ആഡംബരക്കപ്പൽ യാത്ര ആരംഭിച്ചത്. യൻബു, റാസ് അബ്യദ്, നിയോം, മാഗ്ന എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് ഇതിന്റെ സഞ്ചാരം.