വാക്സിനെത്താൻ വൈകും; യാത്രാവിലക്ക് മെയ് 17 വരെ നീട്ടാൻ സൌദി തീരുമാനം
1 min readകൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിലുള്ള കുറവ് കണക്കിലെടുത്ത് മാർച്ച് അവസാനം അതിർത്തികൾ തുറക്കാനായിരുന്നു നേരത്തെ സൌദി തീരുമാനിച്ചിരുന്നത്
റിയാദ്: കോവിഡ്-19 വാക്സിനുകളുടെ വിതരണം വൈകുന്നത് മൂലം യാത്രാനിരോധനം നീട്ടാൻ സൌദി തീരുമാനം. നേരത്തെ മാർച്ച് 31ന് അതിർത്തികൾ തുറന്ന് യാത്രാവിലക്കുകൾ പിൻവലിക്കുമെന്നാണ് സൌദി പ്രഖ്യാപിച്ചിരുന്നതെങ്കിലും നിർമ്മാതാക്കൾ വാക്സിൻ എത്തിക്കാൻ വൈകുന്നത് മൂലം ഇത് മെയ് 17ലേക്ക് നീട്ടാനാണ് ഇപ്പോൾ സൌദി തീരുമാനിച്ചിരിക്കുന്നത്.
രാജ്യത്തെ കോവിഡ്-19 കേസുകളുടെ എണ്ണത്തിലുണ്ടായ കുറവ് കണക്കിലെടുത്താണ് മാർച്ച് 31ഓടെ കര,നാവിക, വ്യോമ അതിർത്തികൾ തുറക്കാൻ സൌദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നത്. അന്ന് തന്നെ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ കോവിഡ്-19 വാക്സിൻ നിർമാതാക്കൾ പറഞ്ഞ സമയത്ത് വാക്സിൻ എത്തിക്കാത്തത് കൊണ്ടും ലോകത്ത് രണ്ടാമതും അതിവേഗ വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്യുന്നത് കൊണ്ടും അതിർത്തികൾ തുറക്കുന്നത് മെയിലേക്ക് നീട്ടി വെച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. യാത്രാ നിരോധനം പിൻവലിച്ച്, അതിർത്തികൾ തുറക്കുന്നതിന് മുമ്പായി വൈറസ് വ്യാപനം പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ ഭൂരിഭാഗം ആളുകൾക്കും പ്രതിരോധ വാക്സിൻ കുത്തിവെപ്പ് എടുക്കാനാണ് സൌദി പദ്ധതിയിടുന്നത്.
രോഗ വ്യാപന ശേഷി കൂടിയ കൊറോണ വൈറസ് വകഭേദങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഡിസംബറിലാണ് സൌദി അറേബ്യ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകൾ റദ്ദ് ചെയ്തത്.