വേള്‍ഡ് കാര്‍ ഡിസൈന്‍ കിരീടം നേടി ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍
ലാന്‍ഡ് റോവറിന്റെ പാരമ്പര്യം പേറുന്നതാണ് പുതിയ ഡിഫെന്‍ഡര്‍
ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ വേള്‍ഡ് കാര്‍ അവാര്‍ഡുകളില്‍ വേള്‍ഡ് കാര്‍ ഡിസൈന്‍ കിരീടം നേടിയത് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍. സമാന വേദിയില്‍ ലാന്‍ഡ് റോവര്‍ അംഗീകരിക്കപ്പെടുന്നത് ഇത് മൂന്നാം തവണയാണ്. റേഞ്ച് റോവര്‍ (2018), റേഞ്ച് റോവര്‍ ഇവോക്ക് (2012) എന്നീ മോഡലുകള്‍ മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌കാരം നേടിയിരുന്നു. ലാന്‍ഡ് റോവറിന്റെ പാരമ്പര്യം പേറുന്നതാണ് പുതിയ ഡിഫെന്‍ഡര്‍. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ പുറത്തിറങ്ങിയ പുതിയ കാറുകളെയാണ് വേള്‍ഡ് കാര്‍ ഡിസൈന്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്.
വിവിധ അവാര്‍ഡുകളില്‍ ഏറ്റവും പ്രധാനപ്പെട്ട വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയത് ഫോക്‌സ്‌വാഗണ്‍ ഐഡി.4 എന്ന ഓള്‍ ഇലക്ട്രിക് എസ്‌യുവിയാണ്. ലോകത്തെ 28 രാജ്യങ്ങളില്‍നിന്നുള്ള ഓട്ടോമോട്ടീവ് ജേണലിസ്റ്റുകളായ 93 അംഗ ജൂറിയാണ് വോട്ട് ചെയ്ത് തെരഞ്ഞെടുപ്പ് നടത്തിയത്. ടൊയോട്ട യാരിസ്, ഹോണ്ട ഇ എന്നീ കാറുകളെ പിന്തള്ളിയാണ് ഫോക്‌സ്‌വാഗണ്‍ ഐഡി.4 ഈ പുരസ്‌കാരം സ്വന്തമാക്കിയത്. ഇതിനുമുമ്പ് നാല് തവണ വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ കിരീടം ഫോക്‌സ്‌വാഗണ്‍ നേടിയിട്ടുണ്ടെങ്കിലും ജര്‍മന്‍ കാര്‍ നിര്‍മാതാക്കളുടെ ഒരു ഇലക്ട്രിക് വാഹനം ഇതാദ്യമായാണ് ഈ അവാര്‍ഡ് കരസ്ഥമാക്കുന്നത്. 2009 നുശേഷം ഇത് അഞ്ചാം തവണയാണ് വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഫോക്സ്‌വാഗണ്‍ നേടുന്നത്.