സര്‍ക്കാര്‍ നിര്‍ദേശം സംഘടനകള്‍ സ്വാഗതം ചെയ്തു
1 min readന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരു കമ്മിറ്റി വഴി പരിഹരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ കര്‍ഷക നേതാക്കള്‍ സ്വാഗതം ചെയ്തു. എല്ലാ കര്‍ഷക സംഘടനകളുടെയും പ്രതിനിധികള്‍ കൂടിയാലോചന നടത്തിയശേഷം അടുത്തദിവസം നടക്കാനിരിക്കുന്ന പതിനൊന്നാംവട്ട ചര്‍ച്ചയില്‍ അവര്‍ സര്‍ക്കാരിനെ നിലപാടറിയിക്കുകയും ചെയ്യുമെന്ന് നേതാക്കള്‍ പറഞ്ഞു.”ഞങ്ങള്‍ക്ക് സമിതിയെ വിശ്വാസമില്ല, പക്ഷേ നിയമങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. തീര്‍ച്ചയായും ഇത് പരിഗണിക്കേണ്ട കാര്യമാണ്. ഞങ്ങള്‍ ഇത് ചര്‍ച്ച ചെയ്യുകയും ഒടുവില്‍ ഒരു അഭിപ്രായം രൂപപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യും”-വിജ്ഞാന ഭവനില്‍ ഇതുവരെ സര്‍ക്കാരുമായി നടത്തിയ 10 ചര്‍ച്ചകളുടെയും ഭാഗമായ കര്‍ഷക നേതാവ് ശിവകുമാര്‍ കക്ക പറഞ്ഞു.
”നിയമങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതുവരെ നിയമങ്ങള്‍ നടപ്പാക്കുന്നത് നിര്‍ത്തിവെയ്ക്കും. സര്‍ക്കാരിന്റെ ഈ നിര്‍ദേശം പരിഗണിക്കപ്പെടേണ്ടതാണ്” യോഗത്തില്‍ പങ്കെടുത്ത മറ്റൊരു കര്‍ഷക നേതാവ് ദര്‍ശന്‍ പാല്‍ സിംഗ് പറയുന്നു. ‘കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിലൂടെ ഒന്നരവര്‍ഷത്തേക്ക് നിയമം താല്‍ക്കാലികമായി നിര്‍ത്താമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.അതേസമയം കമ്മിറ്റിനല്‍കുന്ന റിപ്പോര്‍ട്ടിലൂടെ തങ്ങള്‍ മുന്നോട്ടുപോകും”അഖിലേന്ത്യാ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനാന്‍ മുല്ലയും പറയുന്നു. സര്‍ക്കാരിന്റെ നിര്‍ദേശം എല്ലാ കര്‍ഷക സംഘടനകളും ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്.തുടര്‍ന്ന് അവര്‍ സര്‍ക്കാരിനെ നിലപാടറിയിക്കും