ചൈനയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ടെസ്‌ല കാറുകള്‍ക്ക് വിലക്ക്
സര്‍ക്കാര്‍ ഓഫീസ് വളപ്പുകളില്‍ ടെസ്‌ല കാറുകള്‍ പാര്‍ക്ക് ചെയ്യരുതെന്ന നിര്‍ദേശം ജീവനക്കാര്‍ക്ക് ലഭിച്ചു
ബെയ്ജിംഗിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇത്തരം നിയന്ത്രണം ഏര്‍പ്പെടുത്തിയോ എന്ന് വ്യക്തമല്ല. ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക ഉത്തരവ് പ്രകാരമാണോ അതോ ഏജന്‍സി അധികൃതര്‍ സ്വയം സ്വീകരിച്ച നടപടിയാണോ എന്നതിലും വ്യക്തത വരണം. രാജ്യവ്യാപകമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയോ എന്നും കാത്തിരിക്കുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മാധ്യമങ്ങള്‍ക്ക് ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമാക്കുന്ന സ്റ്റേറ്റ് കൗണ്‍സില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസും (എസ്‌സിഐഒ) ‘ടെസ്‌ല ചൈന’ അധികൃതരും ഇക്കാര്യത്തില്‍ പ്രതികരിച്ചില്ലെന്ന് റോയിട്ടേഴ്‌സ് വ്യക്തമാക്കി.
മിക്ക വാഹന നിര്‍മാതാക്കളുടെയും വാഹനങ്ങളില്‍ ഡ്രൈവിംഗിനെ സഹായിക്കുന്ന സെന്‍സറുകളും കാമറകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിലവില്‍ ടെസ്‌ല കാറുകള്‍ക്ക് മാത്രമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് മാസത്തില്‍, ചൈനയിലെ ചില സൈനിക കെട്ടിട സമുച്ചയങ്ങളില്‍ ടെസ്‌ല കാറുകള്‍ പ്രവേശിക്കുന്നത് നിരോധിച്ചിരുന്നു. കാറുകളിലെ കാമറകള്‍ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണിയാണ് കാരണമായി പറഞ്ഞത്. അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളെ ചൈനീസ് സര്‍ക്കാര്‍ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നതിന്റെ ഒടുവിലത്തെ സംഭവവികാസങ്ങളാണ് ഇപ്പോഴത്തേത്. ചൈനീസ്, യുഎസ് സര്‍ക്കാരുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളും ഇലോണ്‍ മസ്‌കിന്റെ കമ്പനിയെ ബാധിക്കുന്നു. സുരക്ഷ മുന്‍നിര്‍ത്തി ചൈനയില്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ സൂക്ഷ്മ നിരീക്ഷണങ്ങളും കസ്റ്റമര്‍ സര്‍വീസ് പരാതികളുമാണ് ടെസ്‌ല നേരിടുന്നത്. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ റെഗുലേറ്റര്‍മാരുമായി സമ്പര്‍ക്കം വര്‍ധിപ്പിക്കുകയാണ് ടെസ്‌ല. കൂടാതെ, സര്‍ക്കാരുമായി ബന്ധപ്പെടുന്ന ടീമിന്റെ ശേഷിയും വര്‍ധിപ്പിച്ചു.
ലോകത്തെ ഏറ്റവും വലിയ കാര്‍ വിപണിയായ ചൈന, അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളുടെ രണ്ടാമത്തെ വലിയ വിപണിയുമാണ്. ടെസ്‌ലയുടെ ആകെ വില്‍പ്പനയുടെ മുപ്പത് ശതമാനത്തോളം ചൈനയിലാണ്. ടെസ്‌ല മോഡല്‍ 3 സെഡാന്‍, മോഡല്‍ വൈ എസ്‌യുവി എന്നിവ ഷാങ്ഹായ് പ്ലാന്റില്‍ നിര്‍മിക്കുന്നു.
കാറിന് ചുറ്റുമുള്ള ചിത്രങ്ങള്‍ ലഭിക്കുന്നതിനായി ടെസ്‌ല ഉള്‍പ്പെടെയുള്ള വാഹന നിര്‍മാതാക്കള്‍ കൂടുതല്‍ വാഹനങ്ങളില്‍ കാമറകളും സെന്‍സറുകളും സ്ഥാപിക്കുകയാണ്. ഈ ചിത്രങ്ങള്‍ ഏതെല്ലാം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു, എവിടേക്ക് അയയ്ക്കുന്നു, എവിടെ സൂക്ഷിച്ചുവെയ്ക്കുന്നു എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയാണ് ലോകമെങ്ങുമുള്ള വിവിധ ഏജന്‍സികള്‍ തല പുകയ്ക്കുന്നത്. പാര്‍ക്കിംഗ് ആവശ്യങ്ങള്‍ക്കും ലെയ്‌നുകള്‍ മാറുന്നതിനും മറ്റ് ഫീച്ചറുകള്‍ക്കുമായി ഡ്രൈവറെ സഹായിക്കുന്നതിന് ടെസ്‌ല കാറുകളുടെ പുറത്ത് നിരവധി കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ടെസ്‌ല വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന ഡാറ്റ, ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കാന്‍ കഴിയുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌ക് ഇടയ്ക്കിടെ പ്രസ്താവിക്കുന്നു.
മാര്‍ച്ച് മാസത്തില്‍ ചൈനയിലെ സൈനിക സമുച്ചയങ്ങളില്‍ ടെസ്‌ല കാറുകള്‍ക്ക് നിരോധനം വന്നതോടെ ഉന്നതതല ചൈനീസ് വേദിയില്‍ വീഡിയോയിലൂടെ ഇലോണ്‍ മസ്‌ക് പ്രത്യക്ഷപ്പെട്ടിരുന്നു. ചൈനയിലും ലോകത്ത് മറ്റെവിടെയും ചാര പ്രവര്‍ത്തനങ്ങള്‍ക്ക് ടെസ്‌ല കാറുകള്‍ ഉപയോഗിച്ചാല്‍ താന്‍ അടച്ചുപൂട്ടല്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ചൈനയില്‍ ഡാറ്റ സെന്റര്‍ ആരംഭിക്കുമെന്നും ചൈനയിലെ ടെസ്‌ല ഉടമകള്‍ക്കായി ഡാറ്റ പ്ലാറ്റ്‌ഫോം വികസിപ്പിക്കുമെന്നും ടെസ്‌ല അറിയിച്ചു.