October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വാണിജ്യേതര ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സൗജന്യ ചാര്‍ജിംഗ് നല്‍കുന്ന പദ്ധതിയുമായി ദീവ

ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് ദുബായിലെ ആകെ ഇലക്ട്രിക് കാറുകളുടെ എണ്ണം 2,473 ആണ്

ദുബായ്: ദുബായ് ഗ്രീന്‍ മൊബീല്‍ സ്ട്രാറ്റെജി 2030 പദ്ധതിയുടെ ഭാഗമായി ദുബായില്‍ ഉടനീളം ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജറുകള്‍ സ്ഥാപിക്കുന്ന ഇവി ഗ്രീന്‍ ചാര്‍ജര്‍ പദ്ധതി അവതരിപ്പിച്ച് ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിട്ടി (ദീവ). ദുബായിലുടനീളം മുന്നൂറോളം ചാര്‍ജിംഗ് സ്‌റ്റേഷനുകളാണ് ദീവ സ്ഥാപിച്ചിരിക്കുന്നത്.

ദുബായ് ഗ്രീന്‍ മൊബീല്‍ സ്ട്രാറ്റെജിയിലൂടെ എമിറേറ്റിലെ മൊത്തം ഇലക്ട്രിക് കാറുകളുടെ എണ്ണം 2,473 ആയും ഹൈബ്രിഡ് വാഹനങ്ങളുടെ എണ്ണം 6,016 ആയും വര്‍ധിപ്പിക്കാന്‍ എമിറേറ്റിന് സാധിച്ചിട്ടുണ്ട്. ഗ്രീന്‍ ചാര്‍ജര്‍ ഉദ്യമത്തില്‍ രജിസ്റ്റര്‍ ചെയ്ത ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് ക്യുആര്‍ കോഡ് ഉപയോഗിച്ച് ദീവയുടെ ചാര്‍ജിംഗ് സ്‌റ്റേഷനുകളില്‍ നിന്ന് വാഹനം ചാര്‍ജ് ചെയ്യാനാകും. ക്യൂആര്‍ കോഡിന് പുറമേ, ഇവി ഗ്രീന്‍ ചാര്‍ജിംഗ് കാര്‍ഡും ഇവര്‍ക്ക് ഉപയോഗിക്കാം.

ഗ്രീന്‍ ചാര്‍ജര്‍ ഉദ്യമത്തില്‍ രജിസ്റ്റര്‍ ചെയ്ത വാണിജ്യേതര ഇവി ഉപഭോക്താക്കള്‍ക്ക് ഈ വര്‍ഷം അവസാനം വരെ സൗജന്യ ചാര്‍ജിംഗിനുള്ള സൗകര്യവും ദീവ ഒരുക്കിയിട്ടുണ്ട്. അതേസമയം സംഘടനകളുടെയോ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയോ അര്‍ദ്ധ സര്‍ക്കാര്‍ സംഘടനകളുടെയോ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇവി വാഹനങ്ങള്‍ ഓരോ കിലോവാട്ട് അവറിനും 29 ഫില്‍സ് അടയ്ക്കണം.

സൗജന്യ പാര്‍ക്കിംഗ്, വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫീസില്‍ ഇളവ്, സലിക് ടാഗ് ഫീസില്‍ ഇളവ് അടക്കം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടും (ആര്‍ടിഎ) നിരവധി ഇളവുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കണ്ടെത്തുന്നതിനായി ഉപഭോക്താക്കള്‍ക്ക് ദീവയുടെ വെബ്‌സൈറ്റോ സ്മാര്‍ട്ട് ആപ്പോ ഗൂഗിള്‍ മാപ്പ്, ആപ്പിള്‍ മാപ്പ്, ഫോര്‍സ്‌ക്വയര്‍ പോലുള്ള മറ്റ് ഡിജിറ്റല്‍ മാപ്പ് പ്ലാറ്റ്‌ഫോമുകളോ ഉപയോഗപ്പെടുത്താം. ഒറ്റ കേബിളും പ്ലഗ്ഗുമുള്ള യൂണിവേഴ്‌സല്‍ സ്മാര്‍ട്ട് ചാര്‍ജിംഗ് സിസ്റ്റത്തിനുള്ള പേറ്റന്റിനായി ദീവയിലെ ഇന്നവേഷന്‍ സെന്ററിലെ ഗവേഷകര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ദീവയുടെ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ രൂപകല്‍പ്പനയും ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന തരത്തിലാണ്.  മാത്രമല്ല എല്ലാ തരം ഇലക്ട്രിക് വാഹനങ്ങളുടെയും വണ്‍ സ്‌റ്റോപ്പ് പോയിന്റായ ഈ ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ വാഹനത്തിനനുസരിച്ച് പ്ലഗ്ഗുകളും ചാര്‍ജിംഗും ഓട്ടോമാറ്റിക് ആയി മാറും.

Maintained By : Studio3