തായ്‌വാനീസ് ഇലക്ട്രിക് സ്‌കൂട്ടര്‍ ബ്രാന്‍ഡ് ഗോഗോറോ വിവ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തു
ഗോഗോറോയുമായി ഹീറോ മോട്ടോകോര്‍പ്പ് ഈയിടെ പങ്കാളിത്തം സ്ഥാപിച്ചിരുന്നു
ന്യൂഡെല്‍ഹി: തായ്‌വാനീസ് ഇലക്ട്രിക് സ്‌കൂട്ടര്‍ ബ്രാന്‍ഡായ ഗോഗോറോ ഇന്ത്യയില്‍ തങ്ങളുടെ വിവ ഇലക്ട്രിക് സ്‌കൂട്ടര്‍ രജിസ്റ്റര്‍ ചെയ്തു. 2019 ലാണ് ഗോഗോറോ വിവ ആദ്യമായി അനാവരണം ചെയ്തത്. വിവിധ വിദേശ വിപണികളില്‍ വിറ്റുവരുന്നു. യുവജനങ്ങളെ ലക്ഷ്യമാക്കി വികസിപ്പിച്ച ഇലക്ട്രിക് സ്‌കൂട്ടറാണ് ഗോഗോറോ വിവ. ഊര്‍ജ്വസ്വലമായ നിറങ്ങള്‍ കൂടാതെ പാരമ്പര്യേതരവും യുവത്വവുമായ രൂപകല്‍പ്പനയാണ് നല്‍കിയത്.
മൊത്തത്തിലുള്ള രൂപകല്‍പ്പന ലളിതമാണെങ്കിലും ഫീച്ചറുകള്‍ക്ക് കുറവില്ല. എല്‍ഇഡി ലൈറ്റിംഗ്, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റ് ചെയ്യാവുന്ന എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, രണ്ട് റൈഡിംഗ് മോഡുകള്‍, റീജനറേറ്റീവ് ബ്രേക്കിംഗ്, കീലെസ് ഇഗ്നിഷന്‍ എന്നിവ ലഭിച്ചു. 3 കിലോവാട്ട് ഹബ്ബ് മോട്ടോറാണ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ പരമാവധി 115 എന്‍എം ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കും. പൂര്‍ണ ബാറ്ററി ചാര്‍ജില്‍ മണിക്കൂറില്‍ 30 കിമീ വേഗതയില്‍ പോയാല്‍ 85 കിമീ സഞ്ചരിക്കാന്‍ കഴിയും. ബാറ്ററി സ്വാപ്പ് ചെയ്യാന്‍ കഴിയുമെന്നതിനാല്‍ റൈഡിംഗ് റേഞ്ച് സംബന്ധിച്ച ആശങ്ക വേണ്ട. ചാര്‍ജ് തീര്‍ന്ന ബാറ്ററി നല്‍കി പൂര്‍ണമായി ചാര്‍ജ് ചെയ്ത ബാറ്ററി ഉറപ്പിക്കുന്നതിന് മിനിറ്റുകള്‍ മതിയാകും.
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഈയിടെ ഗോഗോറോയുമായി കൈകോര്‍ത്തിരുന്നു. ഈ പങ്കാളിത്തം അനുസരിച്ച്, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലേക്കുള്ള ഹീറോ മോട്ടോകോര്‍പ്പിന്റെ പരിവര്‍ത്തനത്തെ ഗോഗോറോ സഹായിക്കും. കൂടാതെ, ഇന്ത്യയില്‍ ബാറ്ററി സ്വാപ്പിംഗ് സംവിധാനം സ്ഥാപിക്കുന്നതിന് ഗോഗോറോ തങ്ങളുടെ അറിവും വൈദഗ്ധ്യവും കൈമാറും. ഗോഗോറോയുടെ നിലവിലെ ഇവി പ്ലാറ്റ്‌ഫോമുകള്‍ അടിസ്ഥാനമാക്കി ഹീറോ മോട്ടോകോര്‍പ്പിന് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ നിര്‍മിക്കാനും കഴിയും. ഗോഗോറോ വിവ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമോ അതോ സ്വന്തം ഇലക്ട്രിക് സ്‌കൂട്ടര്‍ വികസിപ്പിക്കുന്നതിന് വിവയുടെ പ്ലാറ്റ്‌ഫോം ഹീറോ മോട്ടോകോര്‍പ്പ് ഉപയോഗിക്കുമോയെന്ന് കാത്തിരുന്ന് കാണാം.