ബഹിരാകാശ ദൗത്യങ്ങളില്‍ ഇന്ത്യന്‍ സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വലിയ സാദ്ധ്യതകൾ
തിരുവനന്തപുരം: ആഗോള ബഹിരാകാശ ദൗത്യങ്ങളില്‍ ഇന്ത്യയുടെ സംഭാവന നിര്‍ണായകമാണെന്ന് ഇന്ത്യന്‍ ബഹിരാകാശ യാത്രികനും ടെസ്റ്റ് പൈലറ്റുമായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍. കോവളത്ത് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്‌യുഎം) സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ 2025 സ്റ്റാര്‍ട്ടപ് സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രനിര്‍മ്മാണത്തില്‍ ബഹിരാകാശ യാത്രികരുടെ മനോഭാവത്തെയും പങ്കിനെയും കുറിച്ച് സംസാരിച്ച പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ബഹിരാകാശ ദൗത്യ മേഖലയില്‍ മുന്‍നിര രാജ്യങ്ങള്‍ ബഹിരാകാശ നിയമങ്ങള്‍ മാറ്റിയെഴുതുമ്പോള്‍ ലോകം ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് നായര്‍ പറഞ്ഞു. നാസ പോലുള്ള പ്രമുഖ ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങളില്‍ നൂറുകണക്കിന് ഇന്ത്യന്‍ വംശജരായ പ്രൊഫഷണലുകള്‍ ജോലി ചെയ്യുന്നുണ്ട്. അതിനാല്‍ ഈ മേഖലയിലെ പ്രവര്‍ത്തനത്തിന്‍റെ ഏകദേശം 30 ശതമാനം ഇന്ത്യക്കാര്‍ സംഭാവന ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. മറ്റുള്ളവര്‍ക്കായി ജോലി ചെയ്യുന്നതിനുപകരം ബഹിരാകാശത്ത് സ്വന്തം ഇടം വികസിപ്പിക്കുന്നുണ്ടെന്ന് ഇന്ത്യ ഉറപ്പാക്കേണ്ടതുണ്ട്. ഗഗന്‍യാന്‍, ചന്ദ്രയാന്‍ ദൗത്യങ്ങള്‍ പോലുള്ള വരാനിരിക്കുന്ന പദ്ധതികള്‍ ഇതര രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ കഴിവ് കൂടുതല്‍ വെളിപ്പെടുത്തും. ബഹിരാകാശ ദൗത്യങ്ങളില്‍ ഇന്ത്യന്‍ സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംഭാവന ചെയ്യാന്‍ കഴിയുന്ന നിരവധി മേഖലകളുണ്ട്. എല്ലാ മനുഷ്യ ബഹിരാകാശ ദൗത്യങ്ങളിലും റഷ്യക്കാര്‍ വികസിപ്പിച്ചെടുത്ത ടോയ് ലറ്റ് സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. അതില്‍ അവര്‍ക്ക് ഒരു കുത്തകയുണ്ട്. ഇതിന് ബദല്‍ കൊണ്ടുവരാന്‍ നാസ വിദഗ്ധര്‍ ധാരാളം സമയം ചെലവഴിച്ചു. പക്ഷേ ഇപ്പോഴും അതിന് കഴിഞ്ഞിട്ടില്ല. ബഹിരാകാശത്ത് മനുഷ്യര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്ന സാങ്കേതിക വികസനങ്ങള്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ മുഖമുദ്രയായി മാറ്റണം. സ്റ്റാര്‍ട്ടപ്പ് സ്ഥാപകരെപ്പോലെ, ബഹിരാകാശയാത്രികരും അവരുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വലിയ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നുവെന്ന് പ്രശാന്ത് ബാല്കൃഷ്ണന്‍ പറഞ്ഞു. ഒരു ദൗത്യത്തിലായിരിക്കുമ്പോള്‍ മെക്കാനിക്കല്‍ റിപ്പയര്‍, മെഡിക്കല്‍ സഹായം, ഭക്ഷണം തയ്യാറാക്കല്‍ എന്നിവയുള്‍പ്പെടെ വ്യത്യസ്ത കാര്യങ്ങളില്‍ ബഹിരാകാശ യാത്രികന്‍ സ്വയം പരിശീലിപ്പിക്കേണ്ടിവരും. അതുപോലെ എല്ലാ സ്റ്റാര്‍ട്ടപ്പ് സ്ഥാപകരും ബഹുമുഖ കഴിവുകള്‍ നേടണം. അത് ഓരോ ടീം അംഗവും എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അവരെ സഹായിക്കും. സ്വകാര്യ മേഖലയുടെയും സര്‍ക്കാരിന്‍റെയും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയാണ് വികസിത രാജ്യങ്ങള്‍ ബഹിരാകാശ മേഖലയിലെ മുന്നേറ്റം സാധ്യമാക്കിയത്. ഇന്ത്യ പരിമിതമായ സാമ്പത്തിക സ്രോതസ്സിനെയും ബഹിരാകാശ വിദഗ്ധരുടെ മികവിനെയും ആശ്രയിച്ചുകൊണ്ടാണ് ഇത് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞരുടെ വിജയത്തെ അദ്ദേഹത്തെ പ്രശംസിച്ചു. ഇന്ത്യയെ ആഗോള ബഹിരാകാശ ശക്തിയായി മാറ്റുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭങ്ങള്‍ക്കും പ്രധാന പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പര്‍പസ്, പാഷന്‍ ആന്‍ഡ് പെര്‍സിസ്റ്റന്‍സ്: കേരള സ്റ്റാര്‍ട്ടപ് മേഖലയിലെ വഴികാട്ടികള്‍ എന്ന സെഷനില്‍ എഐ സെമികണ്ടക്ടര്‍ സ്റ്റാര്‍ട്ടപ്പ് നേത്രസെമി സ്ഥാപകന്‍ ജ്യോതിസ് ഇന്ദിരാഭായ്, ജെന്‍ റോബോട്ടിക്സ് സ്ഥാപകനും സിഇഒയുമായ വിമല്‍ ഗോവിന്ദ്, ഐറോവ് സ്ഥാപകനും സിഇഒയുമായ ജോണ്‍സ് ടി മത്തായി, അസിമോവ് റോബോട്ടിക്സിന്‍റെ സിഇഒയും സ്ഥാപകനുമായ ജയകൃഷ്ണന്‍ ടി എന്നിവര്‍ സംസാരിച്ചു. രാജ്യത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന പുതിയ സാങ്കേതിക പരിഹാരങ്ങള്‍ കണ്ടെത്താനും 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുകയെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി പ്രവര്‍ത്തിക്കാനും അവര്‍ സ്റ്റാര്‍ട്ടപ്പ് സ്ഥാപകരോട് ആഹ്വാനം ചെയ്തു.
