മാര്‍ച്ച് 31ന് സര്‍ക്കാര്‍ ചെക്കുകള്‍ക്കായി പ്രത്യേക ക്ലിയറന്‍സ്
1 min readന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള എല്ലാ സര്‍ക്കാര്‍ ഇടപാടുകളുടെയും എക്കൗണ്ടിംഗിന് സഹായിക്കുന്നതിനായി മാര്‍ച്ച് 31ന് ബാങ്കുകള്‍ സര്‍ക്കാര്‍ ചെക്കുകള്‍ക്കു വേണ്ടിയുള്ള പ്രത്യേക ക്ലിയറിംഗ് പ്രവര്‍ത്തനം നടത്തുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. ചെറുകിട ധനകാര്യ ബാങ്കുകള്‍ക്കും നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്കും ഒപ്പം എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും ഇതു സംബന്ധിച്ച് ആര്‍ബിഐ വിജ്ഞാപനത്തിലൂടെ നിര്‍ദേശം നല്‍കി.
സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31നുള്ള പ്രത്യേക ക്ലിയറിംഗ് പ്രവര്‍ത്തനങ്ങളില്‍ എല്ലാ ബാങ്കുകളും പങ്കെടുക്കേണ്ടത് നിര്‍ബന്ധമാണെന്ന് കേന്ദ്ര ബാങ്ക് അറിയിച്ചു. ഏത് ബുധനാഴ്ചയ്ക്കും ബാധകമായ സാധാരണ ക്ലിയറിംഗ് സമയവും മാര്‍ച്ച് 31 ന് പാലിക്കണമെന്ന് സൂചിപ്പിച്ചിച്ചിട്ടുണ്ട്. ‘നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ (2020-21) എല്ലാ സര്‍ക്കാര്‍ ഇടപാടുകളും 2021 മാര്‍ച്ച് 31 നകം എക്കൗണ്ടിംഗ് നടത്തുന്നതിന്, മൂന്ന് സിടിഎസ് (ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം) ഗ്രിഡുകളിലുടനീളം സര്‍ക്കാര്‍ ചെക്കുകള്‍ക്കായി പ്രത്യേക ക്ലിയറിംഗ് നടത്താന്‍ തീരുമാനിച്ചു,”വിജ്ഞാപനത്തില്‍ പറയുന്നു.
പ്രത്യേക ക്ലിയറിംഗ് സമയങ്ങളില്‍ ബന്ധപ്പെട്ട സിടിഎസ് ഗ്രിഡിനു കീഴിലുള്ള എല്ലാ അംഗ ബാങ്കുകളും അവരുടെ ഇന്‍റേണല്‍ ക്ലിയറിംഗ് പ്രോസസ്സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ തുറന്നിടുകയും അവരുടെ ക്ലിയറിംഗ് സെറ്റില്‍മെന്‍റ് എക്കൗണ്ടില്‍ മതിയായ ബാലന്‍സ് നിലനിര്‍ത്തുകയും ചെയ്യേണ്ടതുണ്ടെന്നും റിസര്‍വ് ബാങ്ക് കൂട്ടിച്ചേര്‍ത്തു.