പുതിയ വിമാനങ്ങള്‍ക്കുള്ള ഫണ്ടിംഗ്: സൗദിയ 3 ബില്യണ്‍ ഡോളറിന്റെ ഉടമ്പടിയില്‍ ഒപ്പുവെച്ചു
1 min readസൗദിയുടെ വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉടമ്പടി
റിയാദ്: സൗദി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ)ആറ് തദ്ദേശീയ ബാങ്കുകളുമായി 3 ബില്യണ്‍ ഡോളറിന്റെ (11.2 ബില്യണ്‍ സൗദി റിയാല്‍) സാമ്പത്തിക ഉടമ്പടിയില്‍ ഒപ്പുവെച്ചു. സൗദിയുടെ വ്യോമയാന ചരിത്രത്തില്‍ തന്നെ ഇത്ര വലിയൊരു ഉടമ്പടി ആദ്യമാണ്. വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള സൗദിയയുടെ പദ്ധതികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുകയാണ് ഉടമ്പടിയുടെ ലക്ഷ്യം. നേരത്തെ പ്രഖ്യാപിച്ച 73 പുതിയ വിമാനങ്ങളുടെ ഏറ്റെടുക്കലിന് വേണ്ടിയും ഫണ്ടിംഗിന്റെ ഒരു ഭാഗം വിനിയോഗിക്കും. 2023 വരെയുള്ള സൗദിയയുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്കുള്ള തുക ഫണ്ടിംഗിലൂടെ ലഭ്യമാകുമെന്നാണ് കരുതുന്നത്.
സൗദിയ ഡയറക്ടര്‍ ജനറല്‍ ഇബ്രാഹിം ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍-ഒമറും അല്‍ രജ്ഹി ബാങ്ക്,സൗദി ബ്രിട്ടീഷ് ബാങ്ക് അറബ് നാഷണല്‍ ബാങ്ക്, സാംബ, ബാങ്ക് അല്‍ജസ്രിയ,ബാങ്ക് അല്‍ബെയ്ദ് പ്രതിനിധികളുമാണ് ഉടമ്പടിയില്‍ ഒപ്പുവെച്ചത്.
ഇരുപത് A321നിയോ വിമാനങ്ങളും, പതിനഞ്ച് A321XLR വിമാനങ്ങളും, മുപ്പത് A320 നിയോ വിമാനങ്ങളും എട്ട് ബോയിംഗ് 787-10 വിമാനങ്ങളും വാങ്ങുന്നതിനായി ബോയിംഗുമായും എയര്‍ബസുമായും സൗദിയ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇതില്‍ അഞ്ച് ബോയിംഗ് 787-10 വിമാനങ്ങള്‍ ബോയിംഗ് സൗദിയക്ക് നല്‍കിക്കഴിഞ്ഞു.
രാജ്യത്തിന്റെ ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും ഈ കരാര്‍ നേട്ടമാകുമെന്ന് സൗദി അറേബ്യയിലെ ഗതാഗതമന്ത്രി സാലെഹ് ബിന്‍ നാസര്‍ അല്‍ ജാസര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ ടൂറിസം മേഖലുടെയും മറ്റ് അനുബന്ധ മേഖലകളുടെയും വികസനത്തിനും രാജ്യത്ത് നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും എയര്‍ കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനും വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും സുപ്രധാന മേഖലകളെ ശാക്തീകരിച്ച് കൊണ്ട് സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ശക്തി പകരാനും വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള സൗദിയുടെ പദ്ധതി നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇടപാടിന്റെ വലുപ്പ് പരിഗണിക്കുമ്പോള്‍ ആറ് തദ്ദേശീയ ബാങ്കുകളുമായുള്ള പങ്കാളിത്തത്തിലൂടെ ദേശീയ വിമാനക്കമ്പനിയുടെ ശേഷി വര്‍ധിപ്പിക്കുന്നത് സൗദി ചരിത്രത്തില്‍ തന്നെ ആദ്യമാണെന്നും രാജ്യത്തെ ബാങ്കിംഗ് മേഖലയുടെ കരുത്തിന് തെളിവാണിതെന്നും സാലെഹ് ബിന്‍ നാസര്‍ അല്‍ ജാസര്‍ പറഞ്ഞു. ഇടപാടില്‍ എച്ച്എസ്ബിസി സൗദി ആയിരുന്നു സൗദിയയുടെ സാമ്പത്തിക ഉപദേഷ്ടാവും ഇന്‍വെസ്റ്റ്‌മെന്റ് ഏജന്റും.