അരാംകോയുടെ അറ്റാദായത്തില്‍ 44 ശതമാനം ഇടിവ്; ചിലവിടല്‍ കുറയ്ക്കും, ലാഭവിഹിതം കുറയ്ക്കില്ല
1 min read-
2019ല്‍ 330.69 ബില്യണ്‍ ഡോളറായിരുന്ന ലാഭം 58 ബില്യണ്‍ ഡോളറായി ഇടിഞ്ഞു
-
സമീപകാലത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വര്‍ഷങ്ങളില്‍ ഒന്നായിരുന്നു 2020 എന്ന് സിഇഒ അമീന്‍ നാസര്‍
റിയാദ്: സൗദി അറേബ്യയിലെ പൊതുമേഖല എണ്ണക്കമ്പനിയായ അരാംകോയുടെ അറ്റാദായം കഴിഞ്ഞ വര്‍ഷം 44 ശതമാനം ഇടിഞ്ഞ് 49 ബില്യണ്‍ ഡോളറായി. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലുള്ള എണ്ണ വിലത്തകര്‍ച്ചയാണ് അരാംകോയുടെ ലാഭത്തകര്‍ച്ചയ്ക്ക് കാരണം. സമീപകാലത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വര്‍ഷങ്ങളില്‍ ഒന്നായിരുന്നു 2020 എന്ന് സാമ്പത്തിക റിപ്പോര്‍ട്ട് പുറത്ത് വിട്ടുകൊണ്ട് അരാംകോ സിഇഒ അമീന്‍ നാസര്‍ പറഞ്ഞു. 2019ല്‍ 330.69 ബില്യണ്‍ ഡോളറായിരുന്നു അരാംകോയുടെ ലാഭം.
ലാഭം കുത്തനെ തകര്‍ന്നെങ്കിലും ഓഹരിയുമടകള്‍ക്ക്് 75 ബില്യണ്‍ ഡോളര്‍ ലാഭവിഹിതം നല്‍കുമെന്ന വാഗ്ദാനത്തില്‍ ഉറച്ച് നില്‍ക്കുമെന്ന് അരാംകോ അറിയിച്ചു. എന്നാല്‍ കമ്പനിയുടെ 98 ശതമാനം ഉടമസ്ഥാവകാശവും സൗദി സര്‍ക്കാരിനാണെന്നതിനാല്‍ ഈ തുകയുടെ ചെറിയൊരു വിഹിതം മാത്രമേ പുറത്ത് പോകുകയുള്ളു. അതേസമയം ചിലവിടല്‍ കാര്യമായി വെട്ടിച്ചുരുക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. എന്നിരുന്നാലും തന്ത്രരപ്രധാനവും ആധുനികവുമായ പദ്ധതികളുമായി മുന്നോട്ട് പോകാനാണ് അരാംകോയുടെ തീരുമാനം.
കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്് ലോകമെമ്പാടും എണ്ണയ്ക്ക് ഡിമാന്‍ഡ് കുറഞ്ഞതോടെ കഴിഞ്ഞ വര്‍ഷം ആഗോള എണ്ണക്കമ്പനികള്‍ പലതും നഷ്ടത്തിലാകുകയും ലാഭത്തകര്‍ച്ച നേരിടുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക തിരിച്ചടികളില്‍ നിന്നും ലോകം പതുക്കെ ഉയര്‍ത്തെഴുന്നേറ്റ് തുടങ്ങിയതോടെ ഈ വര്‍ഷം വീണ്ടും എണ്ണവില തിരിച്ചുകയറി. ഉല്‍പ്പാദന നിയന്ത്രണം തുടരാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനവും വിലക്കയറ്റത്തിന് ശക്തി പകര്‍ന്നു. എണ്ണവിപണി തിരിച്ചുവരവിന്റെ സൂചനകള്‍ കാണിച്ച് തുടങ്ങിയതില്‍ സന്തോഷമുണ്ടെന്ന് അമീന്‍ നാസര്‍ പറഞ്ഞു. ചൈനയുടെ എണ്ണ ഉപഭോഗം പകര്‍ച്ചവ്യാധിക്ക് മുമ്പത്തെ അവസ്ഥയ്ക്ക് അടുത്തെത്തിയതായും ഏഷ്യ, പടിഞ്ഞാറന്‍ ഏഷ്യ മേഖലകളിലും എണ്ണയുടെ ഡിമാന്‍ഡില്‍ കാര്യമായ പുരോഗതി ഉണ്ടായതായും നാസര്‍ പറഞ്ഞു. വാക്‌സിന്‍ വിതരണം ശക്തമാകുന്നതോടെ യൂറോപ്പിലും അമേരിക്കയിലും എണ്ണയ്ക്ക് ഡിമാന്‍ഡ് വര്‍ധിക്കുമെന്നും ഈ വര്‍ഷം അവസാനത്തോടെ ആഗോള എണ്ണ ഉപഭേഗം പ്രതിദിനം 99 മില്യണ്‍ ബാരലായി ഉയരുമെന്നും അരാംകോ സിഇഒ പ്രതീക്ഷ പ്രകടിപ്പിച്ചു.
വരുമാനത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ മൂലധന ചിലവിടല്‍ പരിധി 40-45 ബില്യണ്‍ ഡോളറില്‍ നിന്നും 35 ബില്യണ്‍ ഡോളറാക്കി ചുരുക്കാന്‍ അരാംകോ തീരുമാനിച്ചു. 2020ല്‍ 27 ബില്യണ്‍ ഡോളറായിരുന്നു അരാംകോയിലെ മൂലധന ചിലവിടല്‍.
ബ്ലൂ ഹൈഡ്രജന്‍ ചൈനയുമായി സഹകരിക്കാുമെന്ന് അരാംകോ സിഇഒ
ചൈനയുമായുള്ള സഹകരണം ശക്തമാക്കാനും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയിട്ട് സൗദി അറേബ്യയിലെ പൊതുമേഖല എണ്ണക്കമ്പനി സൗദി അരാംകോ. പ്രകൃതി വാതകത്തില്‍ നിന്നും ഹൈഡ്രജന്‍, അമോണിയ എന്നിവയുടെ ഉല്‍പ്പാദനം സംബന്ധിച്ച ഗവേഷണമടക്കമുള്ള വിഷയങ്ങളിലാണ് ചൈനയുമായി സഹകരിക്കാന്‍ അരാംകോ പദ്ധതിയിടുന്നത്. ബ്ലൂ ഹൈഡ്രജന്‍, അമോണിയ, കൃത്രിമ ഇന്ധനങ്ങള്‍, കാര്‍ബണ്‍ കാപ്ചര്‍ യൂട്ടലൈസേഷന്‍, സംഭരണം എന്നീ മേഖലകളില്‍ ചൈനയുമായി സഹകരിക്കാനാണ് അരാംകോ ആലോചിക്കുന്നതെന്നും ദീര്‍ഘകാല, ലോ-കാര്‍ബണ്‍ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ ഇവ നിര്‍ണായകമാണെന്നും ബീജിംഗില്‍ നടന്ന ചൈന ഡെവലപ്‌മെന്റ് ഫോറത്തില്‍ അരാംകോ സിഇഒ അമീന്‍ നാസ്സര്‍ വ്യക്തമാക്കി.
കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലുള്ള എണ്ണവിലത്തകര്‍ച്ചയുടെ ഫലമായി ചിലവിടലില്‍ പരിമിതികളുണ്ടെങ്കിലും ചൈനീസ് പദ്ധതികളില്‍ നിക്ഷേപം വര്‍ധിക്കാനും അരാംകോ ആലോചിക്കുന്നുണ്ട്. ഹെവി ട്രാന്‍സ്‌പോര്‍ട്ട്, കെമിക്കല്‍സ്, ലൂബ്രിക്കന്റുകള്‍, അലോഹ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ചൈനയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഡൗണ്‍സ്ട്രീം പ്രോജക്ടുകളില്‍ നിക്ഷേപത്തിന് കൂടുതല്‍ അവസരങ്ങള്‍ കാണുന്നതായി അമീന്‍ നാസ്സര്‍ പറഞ്ഞു.