November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡിജിറ്റല്‍ ബാങ്കുകള്‍ക്ക് സൗദി മന്ത്രിസഭയുടെ പച്ചക്കൊടി; ലൈസന്‍സ് നല്‍കുക ധനമന്ത്രാലയം

എസ്ടിസി ബാങ്ക്, സൗദി ഡിജിറ്റല്‍ ബാങ്ക് എന്നീ ഡിജിറ്റല്‍ ബാങ്കുകള്‍ക്ക് ആവശ്യമായ അനുമതി നല്‍കുക സൗദി ധനമന്ത്രി

റിയാദ്: രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ സൗദി മന്ത്രിസഭ സമ്മതം മൂളി. എസ്ടിസി ബാങ്കിനും സൗദി ഡിജിറ്റല്‍ ബാങ്കിനും ലൈസന്‍സ് ലഭ്യമാക്കാന്‍ മന്ത്രിസഭ ധനമന്ത്രാലയത്തെ ചുമതലപ്പെടുത്തി. പ്രവര്‍ത്തനം ആരംഭിക്കാന്‍ തയ്യാറെടുക്കുന്ന ഇരുബാങ്കുകള്‍ക്കും ധനമന്ത്രി ആവശ്യമായ ലൈസന്‍സുകള്‍ ലഭ്യമാക്കുമെന്ന് മന്ത്രിസഭയുടെ പ്രസ്താവനയെ ഉദ്ധരിച്ച് സൗദി പ്രസ്സ്് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ആദ്യം, എസ്ടിസി പേയെ 2.5 ബില്യണ്‍ സൗദി റിയാല്‍ മൂലധനമുള്ള എസ്ടിസി ബാങ്കെന്ന തദ്ദേശീയ ഡിജിറ്റല്‍ ബാങ്ക് ആക്കും. രണ്ടാമതായി, അബ്ദുള്‍ റഹ്‌മാന്‍ ബിന്‍ സാദ് അല്‍ റാഷിദ് ആന്‍ഡ് സണ്‍സിന്റെ നേതൃത്വത്തിലുള്ള നിശ്ചിത കമ്പനികളും നിക്ഷേപകരും ചേര്‍ന്ന് രാജ്യത്ത് ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി 1.5 ബില്യണ്‍ സൗദി റിയാല്‍ മൂലധനമോടെ പ്രാദേശിക ഡിജിറ്റല്‍ ബാങ്കായ സൗദി ഡിജിറ്റല്‍ ബാങ്ക് സ്ഥാപിക്കും. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിര്‍ച്വല്‍ യോഗത്തിലാണ് ഡിജിറ്റല്‍ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള തീരുമാനം മന്ത്രിസഭ അംഗീകരിച്ചത്.

സൗദി അറേബ്യയുടെ സാമ്പത്തിക വികസന പദ്ധതിയോട് അനുബന്ധിച്ചാണ് മന്ത്രിസഭ ഡിജിറ്റല്‍ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള തീരുമാനം അംഗീകരിച്ചതെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ദാന്‍ പ്രതികരിച്ചു. സൗദി വിഷന്‍ 2030 എന്ന സമഗ്ര സാമ്പത്തിക പരിവര്‍ത്തന പദ്ധതിയുടെ ഭാഗമാണ് സാമ്പത്തിക വികസന പദ്ധതിയും. കൂടുതല്‍ കാര്യക്ഷമമായ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം വികസിപ്പിക്കുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, ധനകാര്യ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്ക് രൂപം നല്‍കുക. സ്വകാര്യ മേഖലയുടെ വളര്‍ച്ചയ്ക്ക് ധനകാര്യ കമ്പനികളുടെ പിന്തുണ ലഭ്യമാക്കുക എന്നിവയും സൗദി വിഷന്‍ 2030യുടെ ലക്ഷ്യങ്ങളാണ്.

കഴിഞ്ഞ വര്‍ഷം ഉപഭോക്താക്കള്‍ക്ക് പണമിടപാട് സേവനങ്ങള്‍, കണ്‍സ്യൂമര്‍ മൈക്രോഫിനാന്‍സ്, ഇലക്ട്രോണിക് ഇന്‍ഷുറന്‍സ് ബ്രോക്കറേജ് എന്നിവ ലഭ്യമാക്കാന്‍ രാജ്യത്തെ 16 ഫിനാന്‍ഷ്യല്‍ ടെക്‌നോളജി(ഫിന്‍ടെക്) കമ്പനികള്‍ക്ക് സൗദി അറേബ്യയിലെ കേന്ദ്രബാങ്കായ സമ അനുമതി നല്‍കിയിരുന്നു. യുഎഇയിലും ബഹ്‌റൈനിലും നേരത്തെ ഇത്തരത്തിലുള്ള ഡിജിറ്റല്‍ ബാങ്കുകള്‍ രൂപീകൃതമായിട്ടുണ്ട്.

Maintained By : Studio3