ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണി : ഒന്നാം സ്ഥാനം നിലനിര്‍ത്തി സാംസംഗ്
കഴിഞ്ഞ വര്‍ഷം ഏറ്റവും വേഗത്തില്‍ വളരുന്ന ബ്രാന്‍ഡായി മാറിയത് റിയല്‍മിയാണ്
സോള്‍: കഴിഞ്ഞ വര്‍ഷം ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ സാംസംഗ്. കൗണ്ടര്‍പോയന്റിന്റെ മാര്‍ക്കറ്റ് മോണിറ്റര്‍ സര്‍വീസാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
2019 നാലാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 2020 നാലാം പാദത്തില്‍ ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണി ഒരു ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. അതേസമയം, കൊവിഡ് 19 സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ മറികടന്ന് തൊട്ടു മുന്‍പാദത്തേക്കാള്‍ 2020 നാലാം പാദത്തില്‍ വിപണിയില്‍ എട്ട് ശതമാനം വളര്‍ച്ച പ്രകടമായി.
വിദ്യാഭ്യാസം, ജോലി, വിനോദോപാധികള്‍ക്ക് ആവശ്യമായി വന്നതോടെ ആളുകള്‍ ഫീച്ചര്‍ ഫോണുകള്‍ മാറ്റി സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ചുതുടങ്ങിയതായി റിസര്‍ച്ച് അനലിസ്റ്റ് അമന്‍ ചൗധരി ചൂണ്ടിക്കാട്ടി. 5ജിയിലേക്കുള്ള പരിവര്‍ത്തനം തുടങ്ങിയതും ഡിവൈസുകളുടെ വില, സേവനദാതാക്കളുടെ താരിഫ് എന്നിവ കുറഞ്ഞതും ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ വീണ്ടെടുപ്പ് പ്രക്രിയ വേഗത്തിലാക്കി.
കഴിഞ്ഞ വര്‍ഷം ഏറ്റവും വേഗത്തില്‍ വളരുന്ന ബ്രാന്‍ഡായി മാറിയത് റിയല്‍മിയാണ്. ഷിപ്‌മെന്റ് കണക്കുകളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 65 ശതമാനത്തിന്റെ വളര്‍ച്ച!
2020 ല്‍ 255.7 മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകളാണ് ഉല്‍പ്പാദന കേന്ദ്രങ്ങളില്‍നിന്ന് സാംസംഗ് കയറ്റി വിട്ടത്. 19 ശതമാനമാണ് ആഗോളതലത്തില്‍ വിപണി വിഹിതം. അതേസമയം മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 14 ശതമാനത്തിന്റെ ഇടിവ് സാംസംഗിന് നേരിടേണ്ടിവന്നു. ഒക്‌റ്റോബര്‍ ഡിസംബര്‍ കാലയളവില്‍ മാത്രം 62.5 മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകളാണ് സാംസംഗ് ഷിപ്‌മെന്റ് ചെയ്തത്. ഗാലക്‌സി എ സീരീസാണ് തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.
ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കഴിഞ്ഞ വര്‍ഷം ആപ്പിളാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. 15 ശതമാനമാണ് വിപണി വിഹിതം. എന്നാല്‍ 2020 നാലാം പാദത്തില്‍ ആപ്പിള്‍ ഒന്നാം സ്ഥാനം കയ്യടക്കി.
അമേരിക്ക ചൈന വ്യാപാര യുദ്ധത്തിന്റെ പരിണിതഫലമായി ഉപരോധങ്ങളും സ്മാര്‍ട്ട്‌ഫോണ്‍ ഘടകങ്ങളുടെ കടുത്ത ക്ഷാമവും അതിജീവിച്ച് ആഗോളതലത്തില്‍ വാവെയ് മൂന്നാം സ്ഥാനത്തെത്തി. ചൈനയിലെ മികച്ച പ്രകടനമാണ് കമ്പനിയെ സഹായിച്ചത്.
ഷവോമി, ഓപ്പോ ബ്രാന്‍ഡുകളുടെ 2020 നാലാം പാദത്തിലെ കണക്കുകളാണ് പുറത്തുവന്നത്. ഈ പാദത്തില്‍ ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഷവോമി നടത്തിയ ഷിപ്‌മെന്റുകളുടെ എണ്ണം 43 ദശലക്ഷം യൂണിറ്റാണ്. മുന്‍ വര്‍ഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 31 ശതമാനം വര്‍ധന. 2020 നാലാം പാദത്തില്‍ ഓപ്പോ ഒമ്പത് ശതമാനം വിപണി വിഹിതം (34 മില്യണ്‍ യൂണിറ്റ്) കൈവരിച്ചു.
പിക്‌സല്‍ 4എ, പിക്‌സല്‍ 5 സ്മാര്‍ട്ട്‌ഫോണുകളുടെ സഹായത്തോടെ ഇതേ പാദത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ ഗൂഗിളിന് കഴിഞ്ഞു.