ശബരിമല: പാര്‍ട്ടി നിലപാടില്‍ ഖേദിച്ച് ദേവസ്വം മന്ത്രി
1 min readതിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട് 2018ല്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ ഖേദം പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.സി.പി.ഐ-എം സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ പാതയിലെത്തിയതിന് ശേഷമാണ് മന്ത്രി സിപിഎമ്മിന്‍റെ പ്രഖ്യാപിത നിലപാടില്‍ നിന്ന് പിന്നോട്ടുപോയത്. അന്ന് നടന്ന സംഭവങ്ങള്‍ നടക്കാന്‍ പാടില്ലായിരുന്നുവെന്നും അത് തന്നെ ഏറെ വേദനിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമല ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുക എന്ന നിലപാടാണ് അന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്.ഇത് കേരളമൊട്ടാകെ നിറഞ്ഞുനിന്ന സമരങ്ങള്‍ക്കും മറ്റ് നടപടികള്‍ക്കും കാരണമായി. പ്രസ്തുത നിലപാട് നവോത്ഥാനപ്രസ്ഥാനമാക്കി മുന്നോട്ടുകൊണ്ടുപോകാനും സര്‍ക്കാര്‍ തയ്യാറായി. അതിനുശേഷം നടന്നത് ഒരിക്കലും കാണാത്ത ശക്തമായ പ്രതിഷേധവും വിശ്വാസികളും പോലീസും തമ്മിലുള്ള സംഘര്‍ഷവുമായിരുന്നു. ഒരു ഘട്ടത്തില്‍ ഇതുവരെ നിരോധിക്കപ്പെട്ട പ്രായത്തിലുള്ള രണ്ട് സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനും കഴിഞ്ഞു.
ഇപ്പോള്‍ കേസ് സുപ്രീംകോടതിയിലെ ഏഴ് അംഗ ബെഞ്ചിലേക്ക് റഫര്‍ ചെയ്തിട്ടുണ്ടെങ്കിലും, തീരുമാനമെത്തുംമുമ്പുതന്നെ ദേവസ്വം മന്ത്രി ക്ഷേത്ര പ്രവേശനം സംബന്ധിച്ച മുന്‍ നിലപാടില്‍ മാറ്റം വരുത്തുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എല്ലാവരും അഗാധമായി ദുഃഖിതരാണെന്നും അദ്ദേഹം പറയുന്നു. ‘ ഇനി കേസില്‍ സുപ്രീം കോടതി വിധി വന്നാലും ഭക്തജനങ്ങളുടെയും വിശ്വാസി സമൂഹത്തിന്‍റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുത്തതിനുശേഷം മാത്രമെ ഞങ്ങള്‍ മുന്നോട്ടുപോകുകയുള്ളു’ അദ്ദേഹം പറയുന്നു.
ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. ഗുരുതര ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് തീരുമാനം. അതേസമയം ശബരിമല വിഷയുമായി ബന്ധപ്പെട്ട് ചാര്‍ജുചെയ്തിരിക്കുന്ന എല്ലാകേസുകളും പിന്‍വലിക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. എന്‍എസ്എസും ഈ ആവശ്യം ഉ്ന്നയിച്ചിരുന്നു. നിയമസഭാതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ എല്ലാവിഭാഗം ജനങ്ങളെയും ഒപ്പം നിര്‍ത്തുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് സര്‍ക്കാരിന്‍റെ ഈ നടപടിഎന്നാണ് വിലയിരുത്തപ്പെടുന്നത്.
നിരപരാധികളായ ആളുകള്‍ക്കെതിരായി എടുത്തിരുന്ന കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രതികരിച്ചിരുന്നു. ഇപ്പോഴെങ്കിലും സര്‍ക്കാര്‍ ഔചിത്യപൂര്‍വം പെരുമാറി എന്നാണ് കരുതുന്നത്. ഇതുകൊണ്ട് ശബരിമല വിഷയം തീരുമെന്ന് കരുതേണ്ടതില്ല. ശബരിമല വിഷയത്തില്‍ ഇടതുപക്ഷത്തിന്‍റെ നിലപാടില്‍ മാറ്റമെന്തെങ്കിലും ഉണ്ടായി എന്ന് ഇതുകൊണ്ട് കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് അനുകൂലമായ നടപടി ഏത് രാഷ്ട്രീയ പാര്‍ട്ടി സ്വീകരിച്ചാലും സ്വാഗതം ചെയ്യുമെന്ന് തന്ത്രി കുടുംബവും പ്രതികരിച്ചിരുന്നു.
അതേസമയം ആയിരം തവണ ഗംഗയില്‍ മുങ്ങിക്കുളിച്ചാലും തെറ്റ് ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് മന്ത്രിയുടെ ഖേദം പ്രകടിപ്പിക്കലിനെതിരെ സംസാരിച്ച സംസ്ഥാന ബിജെപി പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. മുന്‍പ് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നടത്തിയ പ്രസ്താവനകള്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഓര്‍മ്മയുണ്ടെന്ന് ഉറപ്പാണ്. സിപിഐ എമ്മിന്‍റെ കാപട്യം ഇപ്പോള്‍ കാണുക- ബിജെപി അധ്യക്ഷന്‍ ആരോപിച്ചു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റുകളില്‍ ഒരെണ്ണത്തില്‍ മാത്രമേ ഇടതുമുന്നണിക്ക് വിജയിക്കാന്‍ കഴിഞ്ഞുള്ളു. ഇത് ശബരിമല വിഷയത്തില്‍ അവരുടെ തെറ്റായ നിലപാട് മൂലമാണ് ഇത് സംഭവിച്ചതെന്നായിരുന്നു പൊതുവായ ധാരണ.