സ്വതന്ത്ര ഡയറക്റ്റര്‍മാര്‍ക്ക് നല്‍കുന്ന പ്രതിഫലത്തിന് ജിഎസ്ടി ബാധകം
1 min readന്യൂഡെല്‍ഹി: സ്വതന്ത്ര ഡയറക്ടര്‍മാര്‍ക്ക് നല്‍കുന്ന പ്രതിഫലത്തിന് റിവേഴ്‌സ് ചാര്‍ജ് അടിസ്ഥാനത്തില്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) നല്‍കാന്‍ കമ്പനികള്‍ക്ക് ബാധ്യതയുണ്ടെന്ന് രാജസ്ഥാന്‍ അപ്പലേറ്റ് അതോറിറ്റി ഓണ്‍ അഡ്വാന്‍സ് റൂളിംഗ് (എഎആര്‍). ഒരു കമ്പനിയുടെ ബുക്കുകളില്‍ ‘ശമ്പളം’ എന്ന് പ്രഖ്യാപിക്കുകയും ഐടി നിയമത്തിലെ സെക്ഷന്‍ 192 പ്രകാരം ടിഡിഎസിന് വിധേയമാക്കുകയും ചെയ്യുന്ന ഭാഗങ്ങള്‍ ഈ പ്രതിഫലത്തില്‍ ഉണ്ടെങ്കില്‍ അതിന് നികുതി നല്‍കേണ്ടതില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കമ്പനിയുടെ ജീവനക്കാരല്ലാത്ത ഡയറക്ടര്‍മാരെ സംബന്ധിച്ചിടത്തോളം, കമ്പനിക്ക് നല്‍കുന്ന സേവനങ്ങള്‍, സിജിഎസ്ടി നിയമത്തിലെ ഷെഡ്യൂള്‍ 3-ന്റെ പരിധിക്ക് പുറത്താണെന്നും അതിനാല്‍ അവയ്ക്ക് നികുതി നല്‍കേണ്ടതാണെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് പരോക്ഷ ടാക്‌സ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) സര്‍ക്കുലറിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. സിബിസി സര്‍ക്കുലര്‍ പ്രകാരം, പാര്‍ട്ട് ടൈം ഡയറക്ടര്‍മാര്‍ക്ക് നല്‍കുന്ന പേമെന്റുകളുടെ കാര്യത്തില്‍ മാത്രമേ സേവന നികുതി ബാധ്യത കമ്പനിക്ക് ഉണ്ടാകൂ.
റിവേഴ്‌സ് ചാര്‍ജ് മെക്കാനിസം പ്രകാരം ഡയറക്ടര്‍ക്ക് നല്‍കുന്ന പ്രതിഫലത്തിന്റെ ജിഎസ്ടി ഏതൊരു കമ്പനിക്കും ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റായി ലഭ്യമാകുമെന്നതിനാല്‍ പുതിയ വ്യക്തത വരുത്തല്‍ സര്‍ക്കാരിന് കൂടുതല്‍ വരുമാനം ലഭ്യമാക്കില്ല.