റെയ്ല്‍ടെല്‍ ഐപിഒ ഫെബ്രുവരി 16ന് മുതല്‍
1 min readന്യൂഡെല്‍ഹി: റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള റെയില്‍ടെല്‍ ഫെബ്രുവരി 16ന് ഐപിഒ ആരംഭിക്കും. 18 ന് അവസാനിക്കുന്ന ഓഹരി വില്‍പ്പനയില്‍ ഒരു ഓഹരിക്ക് 93 മുതല്‍ 94 രൂപ വരെയാണ് വില നിശ്ചയിച്ചിട്ടുള്ളത്. ഐപിഒയുടെ ഏറ്റവും കുറഞ്ഞ മാര്‍ക്കറ്റ് ലോട്ട് വലുപ്പം 155 ഷെയറുകളാണ്. ഒരു വ്യക്തിഗത നിക്ഷേപകന് 13 ലോട്ടുകള്‍ക്ക് വരെ അപേക്ഷിക്കാം.
റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ 819.24 കോടി രൂപയുടെ ഐപിഒ സര്‍ക്കാരിന്‍റെ കൈവശമുള്ള 8,71,53,369 ഇക്വിറ്റി ഓഹരികളുടെ പൂര്‍ണമായ വില്‍പ്പനയ്ക്ക് വേണ്ടിയാണ്.
കെപിടെക് പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ രജിസ്ട്രാര്‍. ഓഹരികള്‍ ബിഎസ്ഇ, എന്‍എസ്ഇയില്‍ പട്ടികപ്പെടുത്താന്‍ ഉദ്ദേശിക്കുന്നു. സര്‍ക്കാരിന്‍റെ ഓഹരി വിറ്റഴിക്കല്‍ ഉദ്യമത്തിന്‍റെ ഭാഗം എന്നതിനൊപ്പം ഓഹരിവിപണിയില്‍ പട്ടികപ്പെടുത്തുന്നതിലൂടെയുള്ള നേട്ടങ്ങളും ഐപിഒ-യിലൂടെ കമ്പനിക്ക് ലഭിക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.
2000ല്‍ പ്രവര്‍ത്തനസജ്ജമായ റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഒരു പൊതുമേഖലാ ബിസിനസ് യൂണിറ്റാണ്. ഇത് പൂര്‍ണമായും ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ (ജിഒഐ) ഉടമസ്ഥതയിലുള്ളതും റെയില്‍വേ മന്ത്രാലയത്തിന്‍റെ ഭരണനിര്‍വഹണത്തിന് കീഴിലുള്ളതുമാണ്.
ഇന്‍ഫര്‍മേഷന്‍ ആന്‍റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി (ഐസിടി) പശ്ചാത്തല സൗകര്യ വികസനം പ്രദാനം ചെയ്യുന്ന കമ്പനി 2020 ജൂണ്‍ 30 വരെ 55,000 കിലോമീറ്ററിലും 5677 റെയില്‍വേ സ്റ്റേഷനുകളിലും ഒപ്റ്റിക് ഫൈബര്‍ ശൃംഖല സ്ഥാപിച്ചു. ഹരിയാന, ഗുരുഗ്രാം, സെക്കന്തരാബാദ്, തെലങ്കാന എന്നിവിടങ്ങളില്‍ ഡാറ്റാ സെന്‍ററുകളുണ്ട്.