പിഡബ്ല്യുഡി റസ്റ്റ് ഹൗസ് നവീകരണത്തില്‍ അഭിപ്രായം അറിയിക്കാം
1 min readജൂണ്‍ 27നു മുമ്പായി അഭിപ്രായങ്ങള്‍ നല്‍കാമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സംസ്ഥാനത്തെ പിഡബ്ല്യുഡി റസ്റ്റ്ഹൗസുകള്‍ കൂടുതല്‍ ജനകീയമാക്കാന്‍ പദ്ധതി തയ്യാറാവുകയാണെന്നും ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കൂടുതല്‍ താമസ സൗകര്യങ്ങള്‍ ഒരുക്കുകയും ജനകീയമാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം.
റസ്റ്റ്ഹൗസുകളുടെ നവീകരണത്തിന് പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്. പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളെ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിന് എന്തൊക്കെ ചെയ്യാം, ഏതെല്ലാം രീതിയില്‍ പുതിയ ആശയങ്ങള്‍ നടപ്പിലാക്കാം എന്നതിനെ സംബന്ധിച്ചാണ് പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നത്. സോഷ്യല്‍മീഡിയ വഴിയാണ് ജനങ്ങള്‍ ആശയം സമര്‍പ്പിക്കേണ്ടത്. ഇതു സംബന്ധിച്ചുള്ള മന്ത്രിയുടെ പോസ്റ്റിന് കീഴില്‍ കമന്‍റായും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ജൂണ്‍ 27 ന് മുന്‍പ് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കണം എന്ന് മുഹമ്മദ് റിയാസ് അഭ്യര്‍ത്ഥിക്കുന്നു.
പിഡബ്ല്യുഡിയുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിന് അവതരിപ്പിച്ച ‘പിഡബ്ല്യുഡി 4 യു’ എന്ന ആപ്ലിക്കേഷനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലാണ് ആപ്പ് ആദ്യമെത്തിയത്. കഴിഞ്ഞ ദിവസം ആപ്പ്സ്റ്റോര്‍ വേര്‍ഷനും പുറത്തിറക്കി.
ഇതിനു പുറമേ പൊതുജനങ്ങള്‍ക്ക് പിഡബ്ല്യൂഡിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയിക്കുന്നതിന് മന്ത്രിയുടെ നേതൃത്വത്തില്‍ ഫോണ്‍ ഇന്‍ പരിപാടികളും കൃത്യമായ ഇടവേളകളില്‍ സംഘടിപ്പിക്കുന്നുണ്ട്. ‘റിംഗ് റോഡ് ‘ എന്ന പേരിലുള്ള ഫോണ്‍ ഇന്‍ പരിപാടി ഇനി 28-06-21 ന് തിങ്കളാഴ്ച നടക്കും. വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെയാണ് ‘ റിംഗ് റോഡ് ‘. 18004257771 (ടോള്‍ ഫ്രീ) എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്.