ഓഡിറ്റ് റിപ്പോര്‍ട്ട് ഉണ്ടെങ്കിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുകയുള്ളു
തിരുവനന്തപുരം: അഞ്ചു വര്‍ഷം കഴിയുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭകരമാക്കണമെന്ന് വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കാലത്തിന് അനുസരിച്ച് മാറാന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു കഴിയണമെന്നും അടിമുടി പ്രൊഫഷണല്‍ ആയിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടര്‍മാര്‍ക്കായി പൊതുമേഖലാ പുന:സംഘടനാ ബോര്‍ഡിന്റെ (റിയാബ്) ആഭിമുഖ്യത്തില്‍ എറണാകുളം ബോള്‍ഗാട്ടിയില്‍ സംഘടിപ്പിച്ച ത്രിദിന പരിശീലനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
അടുത്ത സാമ്പത്തിക വര്‍ഷംമുതല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ഉണ്ടെങ്കിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുകയുള്ളു. ഓഡിറ്റ് റിപ്പോര്‍ട്ട് കൃത്യമായിരിക്കണം. എല്ലാ സ്ഥാപനങ്ങളും മാര്‍ച്ച് 31നകം പ്രവര്‍ത്തന റിപ്പോര്‍ട്ടും(പ്രോഗ്രസ് റിപ്പോര്‍ട്ട്) മാനേജിങ് ഡയറക്ടര്‍മാര്‍ വിലയിരുത്തല്‍ റിപ്പോര്‍ട്ടും നല്‍കണം. മാനേജര്‍ കേഡറില്‍ ഓട്ടോമാറ്റിക് പ്രമോഷന്‍ ഇനിയുണ്ടാകില്ല. പ്രൊഫഷണല്‍ രീതിയിലായിരിക്കും മാനേജര്‍മാരുടെ തെരഞ്ഞെടുപ്പ്. ഡയറക്ടര്‍ ബോര്‍ഡില്‍ മാനേജിങ് ഡയറക്ടര്‍ ഉള്‍പ്പെടെ മൂന്നിലൊന്ന് അംഗങ്ങള്‍ പ്രൊഫഷണല്‍സ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. ഒരു ടീമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയും. തയ്യാറാക്കിയ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കുവാന്‍ കഴിയണം. ഇതിന് മാനേജിങ് ഡയറക്ടര്‍മാര്‍ നേതൃത്വം നല്‍കണം. ലാഭകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഉണ്ട്. അതോടൊപ്പം സര്‍ക്കാരിനെ ആശ്രയിക്കുന്ന സ്ഥാപനങ്ങളുമുണ്ട്. പ്രതികൂല സാഹചര്യത്തിലുള്ള സ്ഥാപനങ്ങളെ നന്നാക്കിയെടുക്കുന്നതാണ് വെല്ലുവിളി.പരിശീലനത്തിലൂടെ ലഭിച്ച കാര്യങ്ങള്‍കൂടി ഉള്‍പ്പെടുത്തി സ്ഥാപനങ്ങളെ പ്രൊഫഷണലായി മുന്നോട്ടുനയിക്കണമെന്നും മന്ത്രി പറഞ്ഞു.
വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. റിയാബ് ചെയര്‍മാന്‍ ഡോ.ആര്‍.അശോക്, റിയാബ് സെക്രട്ടറി കെ.പത്മകുമാര്‍, റിയാബ് മാസ്റ്റര്‍ പ്ലാന്‍സ് അഡൈ്വസര്‍ കെ.കെ റോയ് കുര്യന്‍, റിയാബ് എക്‌സിക്യൂട്ടീവ് വി.വി ലക്ഷ്മി പ്രിയ തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ മത്സരാധിഷ്ഠിത കമ്പോള വ്യവസ്ഥയില്‍ കാലുറപ്പിക്കുന്നതിനും ആഗോള സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് കര്‍മശേഷി വര്‍ധിപ്പിക്കുന്നതിനുമായി വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ 42 പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടര്‍മാര്‍ക്കായാണ് റിയാബിന്റെ ആഭിമുഖ്യത്തില്‍ ത്രിദിന പരിശീലന പരിപാടി സംഘടിപ്പിച്ചത്.
ഇന്‍ഡസ്ട്രിയല്‍ കള്‍ച്ചര്‍, ഓപ്പറേഷനല്‍ എക്‌സ്‌ലെന്‍സ്, ബിസിനസ് സ്ട്രാറ്റജി, മാര്‍ക്കറ്റ് ക്യാപ്ച്ചറിങ് എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം. തുടര്‍ന്ന് ചിന്തകളും ആശയങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുകയും അനുബന്ധ ചര്‍ച്ചകളും നടന്നു. ഈ വിഷയങ്ങളില്‍ വൈദഗ്ധ്യം നേടിയ പ്രഗത്ഭരായ ഡോ എബ്രഹാം കോശി, പ്രൊഫ. മാണി പി സാം, ഡോ.സജി ഗോപിനാഥ്, പ്രൊഫ. ആനന്ദക്കുട്ടന്‍ ബി ഉണ്ണിത്താന്‍, ഐസക് വര്‍ഗീസ്, വേണുഗോപാല്‍ സി ഗോവിന്ദ്, കെ.ഹരികുമാര്‍, കെ.കെ റോയ് കുര്യന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു.