വില വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം, കുവൈറ്റില്‍ സ്വര്‍ണാഭരണ വ്യാപാരത്തിന് പുതിയ നിബന്ധന
കമ്പനിയുടെ പേര്, സീരിയല്‍ നമ്പര്‍ അഥവാ ബാര്‍കോഡ്, കാരറ്റ്, തൂക്കം, ഏത് തരം ആഭരണമാണ് തുടങ്ങിയ വിവരങ്ങളാണ് പ്രൈസ് ടാഗില്‍ ഉണ്ടായിരിക്കേണ്ടത്
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ജ്വല്ലറികള്‍ ഓരോ ആഭരണത്തിന്റെയും വില അടക്കമുള്ള വിവരങ്ങള്‍ പൊതുവായി പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രിസഭാ നിര്‍ദ്ദേശം. വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി ഡോ.അബ്ദുള്ള അല്‍ സല്‍മാനാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
വിലകൂടിയ കരകൗശല ഉല്‍പ്പന്നങ്ങള്‍ക്കും ആഭരണങ്ങള്‍ക്കുമാണ് പുതിയ തീരുമാനം ബാധകം. പ്രൈസ് ടാഗില്‍ കമ്പനിയുടെ പേര്, സീരിയല്‍ നമ്പര്‍ അഥവാ ബാര്‍കോഡ്, കാരറ്റ്, തൂക്കം, ഓരോ ഘടകങ്ങളുടെയും മൂല്യം, തൊങ്ങലുകളുടെ തൂക്കം, ഏത് തരത്തിലുള്ള ഉല്‍പ്പന്നമാണ് തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണമെന്ന് മന്ത്രിസഭ തീരുമാനത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ കുവൈറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം സവിശേഷമായ കരകൗശല ഉല്‍പ്പന്നങ്ങള്‍ കടകളിലെ ആള്‍ത്തിരക്കില്ലാത്ത വ്യക്തതയുള്ള ഇടങ്ങളില്‍ വെച്ച് മാത്രമേ ഉപഭോക്താക്കള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. ഇവയിലും കമ്പനിയുടെ പേര്, ഇലക്ട്രോണിക് സെയില്‍ സിസ്റ്റവുമായി ബന്ധപ്പെട്ട സീരിയല്‍ നമ്പര്‍, വിഭാഗം, ഭാരം, ഉല്‍പ്പന്നത്തെ കുറിച്ചുള്ള വിവരണം എന്നിവയടങ്ങിയ ടാഗ് ഉണ്ടായിരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫിക്‌സഡ് റേറ്റ് അഥവാ നിശ്ചിത തുകയ്ക്ക് വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കും ടാഗ് ഉണ്ടായിരിക്കണം. ഇവയുടെ വില കടയുടെ വാണിജ്യ റെക്കോഡുകളില്‍ രേഖപ്പെടുത്തിയിരിക്കണമെന്നും മന്ത്രിസഭ നിര്‍ദ്ദേശത്തില്‍ പറയുന്നു.