സ്വദേശിവല്‍ക്കരണം: സൗദി അറേബ്യയില്‍ നിതാഖാതിന്റെ രണ്ടാം പതിപ്പ് പ്രഖ്യാപിച്ചു
1 min readസ്വകാര്യ മേഖല സംരംഭങ്ങളില്‍ സൗദി പൗരന്മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം
റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാതിന്റെ രണ്ടാം പതിപ്പ് പ്രഖ്യാപിച്ചു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ (എംഎച്ച്ആര്‍എസ്ഡി) സൗദിവല്‍ക്കരണ പദ്ധതിയായ നിതാഖാതിന്റെ പുതിയ പതിപ്പ് നിതാഖത് വികാസ പദ്ധതിയെന്നാണ് അറിയപ്പെടുക. 2024ഓടെ 340,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനാണ് നിതാഖാതിന്റെ പരിഷ്‌കരിച്ച പതിപ്പിലൂടെ ലക്ഷ്യമിടുന്നത്.
ആകര്‍ഷകമായ തൊഴിലസരങ്ങള്‍ ലഭ്യമാക്കിയും തൊഴില്‍വിപണിയുടെ ശേഷി വര്‍ധിപ്പിച്ചും തൊഴിലാളികളുടെ എണ്ണവും ആവശ്യമായ സ്വദേശിവല്‍ക്കരണ നിരക്കും സന്തുലിതമാക്കാനാണ് എംഎച്ച്ആര്‍എസ്ഡിയുടെ തന്ത്രപ്രധാന പരിവര്‍ത്തന്ന പദ്ധതികളില്‍ ഒന്നായ പുതിയ നിതാഖാത് പദ്ധതിയുടെ ലക്ഷ്യം. തദ്ദേശീിയ തൊഴില്‍ വിപണിയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുകയും തൊഴിലാളികളുടെ കാര്യക്ഷമത വര്‍ധിപ്പിച്ച് ലോകോത്തര നിലവാരത്തിലുള്ള മത്സരങ്ങളെ നേരിടാന്‍ പൗരന്മാരെ പ്രാപ്തരാക്കുകയും തൊഴിലിടങ്ങളിലെ സ്ത്രീ പുരുഷാനുപാതം വര്‍ധിപ്പിക്കുകയും പരിപാടിയുടെ ലക്ഷ്യമാണെന്ന് സൗദി മാനവ വിഭവശേഷി മന്ത്രി അഹമ്മദ് സുലൈമാന്‍ അല്‍ രജ്ഹി പറഞ്ഞു.
മൂന്ന് ഘട്ടങ്ങളാണ് നിതാഖാത് പുതിയ പതിപ്പിനുള്ളത്. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള വ്യക്തതയുള്ളതും സുത്യാര്യവുമായ കാഴ്ടപ്പാടോടു കൂടിയ സ്വദേശിവല്‍ക്കരണ പദ്ധതിയാണ് അതിലൊന്ന്. സ്വകാര്യ മേഖല സ്ഥാപനങ്ങളുടെ സംഘടനാപരമായ ദൃഢത വര്‍ധിപ്പിക്കുകയാണ് അതിന്റെ ലക്ഷ്യം. നിശ്ചിത വലുപ്പത്തിന്റെ അടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങളുടെ വര്‍ഗ്ഗീകരണത്തെ ആശ്രയിച്ചുള്ള നിലവിലെ സ്വദേശിവല്‍ക്കരണ നിരക്കിന് പകരം ഒരു സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണവുമായി ബന്ധപ്പെട്ട സമവാക്യം ഉപയോഗിച്ച് സ്വദേശിവല്‍ക്കരണ നിരക്ക് കണക്കാക്കുയാണ് പുതിയ പതിപ്പിന്റെ രണ്ടാമത്തെ സവിശേഷത. ഓരോ സ്ഥാപനങ്ങളിലെയും തൊഴിലാളികളുടെ എണ്ണവും ആവശ്യമായ സ്വദേശിവല്‍ക്കരണ നിരക്കും സന്തുലിതാവസ്ഥയിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരേ സ്വഭാവങ്ങളിലുള്ളവയെ ഒന്നിപ്പിച്ച് 85ന് പകരം 32 ചോയിസുകളാക്കി പദ്ധതിയുടെ രൂപഘടന ലളിതമാക്കുക, ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുകയാണ് മൂന്നാമത്തെ ഘട്ടം.
മന്ത്രാലയത്തിന്റെ തൊഴില്‍വിപണി തീരുമാനങ്ങളില്‍ സുപ്രധാന പങ്കാളിത്തമുള്ള പൊതുമേഖറല സ്ഥാപനങ്ങളുമായും സ്വകാര്യമേഖലയുമായും ചേര്‍ന്നാണ് എംഎച്ച്ആര്‍എസ്ഡി നിതാഖതിന്റെ പുതിയ പതിപ്പിന് രൂപം നല്‍കിയിരിക്കുന്നത്. തൊഴിലുകളുടെ സ്വദേശിവല്‍ക്കരണം, സൗദി പൗരന്മാര്‍ക്കുള്ള ഏറ്റവും കുറഞ്ഞ വേതനം നിജപ്പെടുത്തല്‍ എന്നീ ലക്ഷ്യങ്ങളോടെ 2011ലാണ് നിതാഖാതിന്റെ ആദ്യ പതിപ്പ് ആരംഭിച്ചത്. സൗദി പൗരന്മാരുടെ കുറഞ്ഞ വേതനം 3,000 സൗദി റിയാല്‍ ആക്കി വര്‍ധിപ്പിച്ചായിരുന്നു നിതാഖതിന്റെ ആദ്യ ചുവടുവെപ്പ്. ഇത് പിന്നീട് ഈ വര്‍ഷം രണ്ടാം പാദത്തോടെ 4,000 റിയാലാക്കി വീണ്ടും കൂട്ടി.