ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ എടുക്കില്ല
1 min readന്യൂഡെൽഹി: കോവിഡ്-19 വാക്സിനുകൾ പരസ്പരം കൈമാറ്റം ചെയ്യരുതെന്നും ഗർഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും വാക്സിൻ നൽകുന്നതിൽ നിന്നും ഒഴിവാക്കണമെന്നും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. കൊറോണ വൈറസിനെതിരായ വാക്സിനുകൾ ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും പരീക്ഷിക്കാത്തതിനാലാണ് ഇവരെ വാക്സിനേഷനിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
ഓക്സ്ഫഡ് സർവ്വകലാശാലയും ബ്രിട്ടീഷ്-സ്വീഡിഷ് കമ്പനിയായ അസ്ട്രസെനെകയും ചേർന്ന് വികസിപ്പിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന കോവിഷീൽഡ്, ഭാരത് ബയോടെകിന്റെ കോവാക്സിൻ എന്നീ വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിനാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയത്. നാളെ മുതലാണ് ഇന്ത്യയിൽ കോവിഡ്-19നെതിരായ വാക്സിനേഷൻ ആരംഭിക്കുന്നത്.
അടിയന്തര ഉപയോഗത്തിനുള്ള അനുമതി പ്രകാരം പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് മാത്രമേ വാക്സിൻ നൽകാവൂ എന്നും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.