പ്രവാസി ഭാരതീയ ദിന കൺവെൻഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്, മധ്യപ്രദേശിലെ ഇൻഡോറിൽ പതിനേഴാമതു പ്രവാസി ഭാരതീയ ദിന കൺവെൻഷൻ ഉദ്ഘാടനംചെയ്തു. ‘സുരക്ഷിത് ജായേൻ, പ്രശിക്ഷിത് ജായേൻ’ സ്മരണിക തപാൽ സ്റ്റാമ്പു പുറത്തിറക്കിയ പ്രധാനമന്ത്രി, ‘ആസാദി കാ അമൃത് മഹോത്സവ് – ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പ്രവാസികളുടെ സംഭാവന’ എന്ന വിഷയത്തെ ആസ്പദമാക്കി, പിബിഡി ഇതാദ്യമായി സംഘടിപ്പിച്ച ഡിജിറ്റൽ പ്രദർശനവും ഉദ്ഘാടനംചെയ്തു.
പ്രവാസി ഭാരതീയ ദിന (പിബിഡി) കൺവെൻഷൻ, വിദേശ ഇന്ത്യക്കാരുമായി ഇടപഴകുന്നതിനും സമ്പർക്കംപുലർത്തുന്നതിനും പ്രവാസികളെ പരസ്പരം ഇടപഴകാൻ പ്രാപ്തരാക്കുന്നതിനുമുള്ള പ്രധാന വേദി പ്രദാനംചെയ്യുന്ന കേന്ദ്രഗവൺമെന്റിന്റെ പ്രധാന പരിപാടിയാണ്. ‘പ്രവാസിസമൂഹം: അമൃതകാലത്ത് ഇന്ത്യയുടെ പുരോഗതിയിലെ വിശ്വസനീയ പങ്കാളികൾ’ എന്നതാണ് ഈ പിബിഡി കൺവെൻഷന്റെ പ്രമേയം. ഏകദേശം 70 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 3,500ലധികം പ്രവാസി അംഗങ്ങൾ പിബിഡി കൺവെൻഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നാലുവർഷത്തെ ഇടവേളയ്ക്കുശേഷം പ്രവാസി ഭാരതീയ ദിനം അതിന്റെ എല്ലാ പ്രൗഢിയോടെയും നടക്കുകയാണെന്നു പറഞ്ഞ പ്രധാനമന്ത്രി വ്യക്തിപരമായ ഇടപെടലിന്റെ പ്രാധാന്യവും സന്തോഷവും വെളിപ്പെടുത്തുകയും ചെയ്തു. 130 കോടി ഇന്ത്യക്കാരുടെ പേരിൽ ഏവരേയും സ്വാഗതംചെയ്ത പ്രധാനമന്ത്രി, ഇന്ത്യയുടെ ഹൃദയമെന്നറിയപ്പെടുന്ന, നർമദയിലെ പുണ്യജലത്തിനും ഹരിതാഭയ്ക്കും ഗോത്രവർഗസംസ്കാരത്തിനും ആത്മീയതയ്ക്കും പേരുകേട്ട, മധ്യപ്രദേശിന്റെ മണ്ണിലാണു പരിപാടി നടക്കുന്നതെന്നു ചൂണ്ടിക്കാട്ടി. ഈയിടെ സമർപ്പിച്ച മഹാകാൽ മഹാ ലോകിനെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി വിശിഷ്ട വ്യക്തികളും പ്രതിനിധികളും പുണ്യസ്ഥലം സന്ദർശിക്കുമെന്ന പ്രതീക്ഷയും പങ്കുവച്ചു. ആതിഥേയ നഗരമായ ഇൻഡോറിനെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, ഇൻഡോർ ഒരു നഗരവും ഒരു ഘട്ടവുമാണെന്നു ചൂണ്ടിക്കാട്ടി “പൈതൃകം കാത്തുസൂക്ഷിച്ചു കാലത്തിനു മുമ്പേ നടക്കുന്ന ഘട്ടമാണിത്” എന്നു പറഞ്ഞു. പാചകമേഖലയിൽ ഇൻഡോറിന്റെ പ്രശസ്തിയെക്കുറിച്ചും ശുചിത്വയജ്ഞത്തിലെ നേട്ടത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാക്കിയത് അടുത്തിടെയാണ് എന്നതിനാൽ പ്രവാസി ഭാരതീയ ദിനം പലതരത്തിൽ സവിശേഷമാണെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന വിഷയത്തിൽ ഇതാദ്യമായി പിബിഡി ഡിജിറ്റൽ എക്സിബിഷൻ സംഘടിപ്പിച്ചിട്ടുണ്ടെന്നും അതു മഹത്തായ യുഗത്തെ വീണ്ടും മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. അമൃതകാലത്തിന്റെ വരുന്ന 25 വർഷത്തെ യാത്രയിൽ പ്രവാസി ഭാരതീയരുടെ പ്രധാന പങ്ക് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയുടെ അതുല്യമായ ആഗോളവീക്ഷണവും ആഗോളക്രമത്തിൽ നാടിന്റെ പങ്കും അവർ ശക്തിപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി.
വിശിഷ്ടാതിഥികളായ ഗയാന സഹകരണ റിപ്പബ്ലിക് പ്രസിഡന്റ് ഡോ. മൊഹമ്മദ് ഇർഫാൻ അലി, സുരിനാം റിപ്പബ്ലിക് പ്രസിഡന്റ് ചന്ദ്രികാപെർസാദ് സന്തോഖി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ഗവർണർ മംഗുഭായ് പട്ടേൽ, കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ, സഹമന്ത്രിമാരായ മീനാക്ഷി ലേഖി, വി മുരളീധരൻ, ഡോ. രാജ്കുമാർ രഞ്ജൻ സിങ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.