വാക്സിനേഷനെ ജനകീയ പോരാട്ടമാക്കണമെന്ന് പ്രധാനമന്ത്രി
1 min read- അനേകം പേരെ കൊറോണ വൈറസ് നമ്മില്‍ നിന്നും തട്ടിയെടുത്തെന്ന് മോദി
- ബ്ലാക്ക് ഫംഗസ് ഭീഷണിക്കെതിരെ കരുതിയിരിക്കണം
- അലംഭാവത്തിനുള്ള സമയമല്ല, പോരാട്ടത്തിനുള്ളതാണെന്നും പ്രധാനമന്ത്രി
ന്യൂഡെല്‍ഹി: കോവിഡ് മരണങ്ങളില്‍ വിതുമ്പി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരെ കുറിച്ച് സംസാരിക്കവേ പ്രധാനമന്ത്രി വികാരാധീനനായി. വാരാണസിയിലെ ആരോഗ്യ പ്രവര്‍ത്തകരെ ഓണ്‍ലൈന്‍ മീറ്റിംഗില്‍ അഭിസംബോധന ചെയ്യുമ്പോഴാണ് മോദി വിതുമ്പിയത്. അനേകം പേരെ കോവിഡ് വൈറസ് നമ്മില്‍ നിന്നും തട്ടിയെടുത്തു. വൈറസ് ബാധിച്ച് മരിച്ചവരുടെ പ്രിയപ്പെട്ടവരുടെ ദുഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം ബ്ലാക്ക് ഫംഗസ് എന്ന പുതിയ ഭീഷണിക്കെതിരെ രാജ്യം കരുതിയിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് രോഗികളില് കൂടുതലായി കാണപ്പെടുന്ന ഫംഗസ് ബാധയ്ക്കെതിരെ രാജ്യം തയാറെടുക്കണമെന്നും അതിനെ പിടിച്ചുകെട്ടണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിനെതിരായി വാക്സിനേഷനെ ഒരു ജനകീയ പോരാട്ടമായി മാറ്റേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. കോവിഡ് മഹാമാരിയെ ചെറുക്കുന്നതിനുള്ള ശക്തി നേടുന്നതിന് യോഗയും ആയുഷും വലിയ രീതിയില്‍ സഹായം ചെയ്തെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരിക്കലും അലംഭാവത്തിനുള്ള സമയമല്ല ഇതെന്നും വലിയ പോരാട്ടമാണ് നമുക്ക് മുന്നിലുളഅളതെന്നും മോദി ഓര്‍മിപ്പിച്ചു. എവിടെ രോഗമുണ്ടോ അവിടെ ചികില്‍സയുണ്ട് എന്നതായിരിക്കണം നമ്മളെ മുദ്രാവായ്കമെന്നും അദ്ദഹം ഓര്‍മിപ്പിച്ചു.
ഡിആര്‍ഡിഒയുടെയും ഇന്ത്യന്‍ കരസേന യുടെയും സംയുക്ത പരിശ്രമത്തിലൂടെ അടുത്തിടെ ആരംഭിച്ച പണ്ഡിറ്റ് രാജന്‍ മിശ്ര കോവിഡ് ആശുപത്രി ഉള്‍പ്പെടെ വാരണാസിയിലെ വിവിധ കോവിഡ് ആശുപത്രികളുടെ പ്രവര്‍ത്തനം പ്രധാനമന്ത്രി അവലോകനം ചെയ്തു. ജില്ലയിലെ കോവിഡ് ഇതര ആശുപത്രികളുടെ പ്രവര്‍ത്തനവും അദ്ദേഹം അവലോകനം ചെയ്തു.
അതേസമയം കോവിഡ് പ്രതിരോധ കുത്തിവയ്പു പരിപാടിയില്‍ ഇന്ത്യക്ക് വീണ്ടും നേട്ടം. മൂന്നാം ഘട്ടത്തിനു കീഴില്‍ ഇതിനകം 19 കോടിയിലേറെ (19,18,79,503) വാക്സിന്‍ ഡോസുകളാണ് നല്‍കിയത്.
വെള്ളിയാഴ്ച്ച രാവിലെ 7 വരെയുള്ള താല്‍ക്കാലിക കണക്കനുസരിച്ച് 27,53,883 സെഷനിലായി 19,18,79,503 വാക്സിന്‍ ഡോസുകളാണ് നല്‍കിയത്. 97,24,339 ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യ ഡോസും 66,80,968 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസും വാക്സിന്‍ സ്വീകരിച്ചു. മുന്നണിപ്പോരാളികളില്‍ 1,47,91,600 പേര്‍ ആദ്യ ഡോസും 82,85,253 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 18-44 പ്രായപരിധിയില്‍ 86,04,498 പേര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു. 45-60 പ്രായപരിധിയില്‍ 5,98,35,256 പേര്‍ ആദ്യ ഡോസും 95,80,860 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. അറുപതിനുമേല്‍ പ്രായമുള്ള 5,62,45,627 ഗുണഭോക്താക്കള്‍ ആദ്യ ഡോസും 1,81,31,102 പേര്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.
വാക്സിന്‍ സ്വീകരിച്ചവരുടെ 66.32 ശതമാനവും പത്തു സംസ്ഥാനങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20.61 ലക്ഷം പരിശോധനകളാണ് നടത്തിയത്. ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന പരിശോധനകളെന്ന നേട്ടവും ഇതിലൂടെ രാജ്യം സ്വന്തമാക്കി. രാജ്യത്ത് രോഗസ്ഥിരീകരണ നിരക്ക് കുറഞ്ഞ് 12.59 ശതമാനമായി.
കഴിഞ്ഞ എട്ടു ദിവസമായി പ്രതിദിന രോഗമുക്തി നിരക്ക് പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ്.