മുകുള്‍ റോയിയുടെ സുരക്ഷ കേന്ദ്രം പിന്‍വലിച്ചു
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയുടെ ‘വൈ +’ വിഭാഗം സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. ബിജെപിയില്‍ നിന്ന് റോയ് വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷമാണ് ഈ നടപടി. റോയിയുടെ മകന്‍ ശുഭ്രാങ്ശുവിന്‍റെ സിഐഎസ്എഫ് സംരക്ഷണവും കഴിഞ്ഞ ആഴ്ച പിന്‍വലിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന് (എംഎച്ച്എ) റോയിയുടെ രേഖാമൂലമുള്ള അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് സുരക്ഷ പിന്‍വലിക്കല്‍ എന്നാണ് റിപ്പോര്‍ട്ട്. ടിഎംസിയില്‍ വീണ്ടും ചേര്‍ന്ന ഉടന്‍ സുരക്ഷ പിന്‍വലിക്കണമെന്ന് ടിഎംസി നേതാവ് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. റോയിക്കെതിരെയുള്ള ഭീഷണി വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ ‘വൈ +’ കാറ്റഗറി സുരക്ഷ കേന്ദ്രം നല്‍കുകയായിരുന്നു.
അന്നുമുതല്‍ രണ്ട് പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാരും (പിഎസ്ഒ) അഞ്ച് സായുധ ഗാര്‍ഡുകളും അദ്ദേഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കാനായി എപ്പോഴും കൂടെയുണ്ട്. റോയിയുടെ സുരക്ഷ പൂര്‍ണമായും പിന്‍വലിക്കാനാണ് ഇപ്പോള്‍ എംഎച്ച്എ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ തന്‍റെ സുരക്ഷയില്‍ നിന്ന് ഒഴിവാക്കിയതായി റോയ് നേരത്തെ കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ തുടരുകയാണെന്ന് സിആര്‍പിഎഫ് ആസ്ഥാനവും പറഞ്ഞു. ടിഎംസി നേതാവിന് ‘വൈ +’ കാറ്റഗറി സുരക്ഷ നല്‍കുന്ന സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് പിന്മാറിയാലുടന്‍ സംസ്ഥാന പോലീസ് അദ്ദേഹത്തിന്‍റെ സുരക്ഷ ഏറ്റെടുക്കുമെന്നാണ് അറിയുന്നത്.