എംഎസ്എംഇ ഉപഭോക്തൃ വിദ്യാഭ്യാസ പദ്ധതി
കൊച്ചി: ദേശീയ തലത്തിലുള്ള എംഎസ്എംഇ ഉപഭോക്തൃ വിദ്യാഭ്യാസ പദ്ധതിക്കായി ട്രാന്‍സ് യൂണിയന്‍ സിബില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രിയുമായി സഹകരിക്കും. വായ്പാ ആസൂത്രണം, സിബില്‍ റാങ്ക്, വാണിജ്യ വായ്പാ വിവരങ്ങള്‍ എന്നിവയെ കുറിച്ച് വിവരങ്ങള്‍ നല്‍കി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
എളുപ്പത്തിലും വേഗത്തിലുമുള്ള വായ്പകള്‍ നേടാന്‍ സാധിക്കും വിധം മികച്ച വായ്പാ ചരിത്രവും സിബില്‍ റാങ്കും നേടാന്‍ ഇതു എംഎസ്എംഇ സഹായിക്കും. മഹാരാഷ്ട്ര, അസ്സം, ത്രിപുര എന്നിവിടങ്ങളിലെ എംഎസ്എംഇ ക്ലസ്റ്ററുകളിലാവും ഇതിനു തുടക്കം കുറിക്കുക. രാജ്യത്തിന്‍റെ വികസനത്തില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ വലിയ ചാലക ശക്തിയാണെന്നും രാജ്യത്തെ മൂന്നിലൊന്ന് എംഎസ്എംഇകളും ഔപചാരിക വായ്പകള്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും ഇതേക്കുറിച്ചു പ്രതികരിച്ച ട്രാന്‍സ് യൂണിയന്‍ സിബില്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ഹര്‍ഷല ചന്ദോര്‍കര്‍ പറഞ്ഞു. പുതിയ നീക്കം എംഎസ്എംഇകള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക അവബോധത്തിന്‍റെ അഭാവമാണ് പലപ്പോഴും എംഎസ്എംഇകള്‍ക്കു പ്രശ്നമാകുന്നതെന്ന് ഫിക്കി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ജ്യോതി വിജി പറഞ്ഞു. ഈ മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് പുതിയ നീക്കം സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.