കൊതുക് ശല്യം ഉല്‍പ്പാദനക്ഷമതയെ ഗുരുതരമായി ബാധിക്കുന്നു
കൊച്ചി: കൊതുക് ശല്യം മൂലമുള്ള ഉറക്കക്കുറവ് കാരണം ആളുകള്‍ക്ക് സമ്മര്‍ദ്ദവും ക്ഷീണവും അനുഭവപ്പെടുന്നത് ഇന്ത്യയുടെ പകുതിയിലധികം (58 ശതമാനം) ഉല്‍പ്പാദനക്ഷമതയേയും ബാധിക്കുന്നു. ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡിന്‍റെ (ജിസിപിഎല്‍) രാജ്യത്തെ മുന്‍നിര ഗാര്‍ഹിക പ്രാണിനാശിനി ബ്രാന്‍ഡായ ഗുഡ്നൈറ്റ് നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ വിവരം ചൂണ്ടിക്കാട്ടുന്നത്. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ യുഗോവിന്‍റെ നേതൃത്വത്തില്‍ ‘ഒരു കൊതുക്, എണ്ണമറ്റ ഭീഷണികള്‍’ എന്ന തലക്കെട്ടില്‍ രാജ്യവ്യാപകമായി സര്‍വേ സംഘടിപ്പിച്ചത്. കൊതുകു ശല്യത്തെക്കുറിച്ചുള്ള ആളുകളുടെ പൊതു മനോഭാവങ്ങള്‍ പരിശോധിക്കുകയും കൊതുക് പരത്തുന്ന രോഗങ്ങളുടെ അപകടസാധ്യതകള്‍ വിലയിരുത്തുകയുമാണ് സര്‍വേ ലക്ഷ്യംവെച്ചത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 62 ശതമാനം പുരുഷന്മാരും 53 ശതമാനം സ്ത്രീകളും കൊതുക് ഉറക്കം കെടുത്തുന്നത് തങ്ങളുടെ ഉല്‍പാദന ക്ഷമതയെ ബാധിക്കുന്നതായി വെളിപ്പെടുത്തി. വ്യവസായ മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം കൊതുക് പരത്തുന്ന മലേറിയ പോലുള്ള രോഗങ്ങള്‍ മൂലം മാത്രം ഇന്ത്യയ്ക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത ഏകദേശം 16000 കോടി രൂപയാണ്.
കേരളം, തമിഴ്നാട്, കര്‍ണാടക, അന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യയാണ് കൊതുകു ശല്യത്തിന് ഏറ്റവുമധികം ഇരയാകുന്ന രണ്ടാമത്തെ മേഖല. ഇവിടെ 57 ശതമാനം ആളുകളാണ് കൊതുകു മൂലമുണ്ടാകുന്ന അസ്വസ്ഥമായ ഉറക്കം മൂലം ഉത്പാദന ക്ഷമത കുറഞ്ഞെന്ന് വ്യക്തമാക്കിയത്. 67 ശതമാനവുമായി രാജ്യത്തിന്‍റെ പടിഞ്ഞാറന്‍ മേഖലയിലാണ് ഈ പ്രശ്നം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. വടക്കേയിന്ത്യന്‍ 56 ശതമാനം പേരെയും കിഴക്കന്‍ മേഖലയില്‍ ഇത് 49 ശതമാനം പേരെയുമാണ് ബാധിച്ചിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള 1,011 ആളുകള്‍ ഈ സര്‍വേയില്‍ പങ്കെടുത്തു അതില്‍ 330 പേര്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണ്.