മമത മത്സരത്തിനായി വീണ്ടും ഭബാനിപ്പൂരിലേക്ക്
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മന്ത്രിയും മുതിര്‍ന്ന ടിഎംസി നേതാവുമായ ശോഭാദേബ് ചതോപാധ്യായ ഭബാനിപൂര്‍ നിയമസഭാ സീറ്റില്‍ നിന്ന് ഒഴിയാന്‍ ഒരുങ്ങുന്നു. പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ഈ മണ്ഡലത്തില്‍നിന്നാകും ജനവിധിതേടുക എന്ന് തൃണമൂല്‍ വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിഎംസിയില്‍നിന്നും ബിജെപിയിലേക്ക് ചേക്കേറിയ സുവേന്ദു അധികാരിയെ പരാജയപ്പെടുത്തുന്നതിനായി മമത അദ്ദേഹത്തിന്‍റെ സ്വന്തം തട്ടകമായ നന്ദിഗ്രാമില്‍ മത്സരിച്ചു. ഇവിടെ ദീദിക്ക് സുവേന്ദുവിനുമുമ്പില്‍ പരാജയം രുചിക്കേണ്ടി വന്നു. പരാജയപ്പെട്ട മമത മുഖ്യമന്ത്രിയുടെ കസേരയില്‍ തുടരാന്‍ ആറുമാസത്തിനുള്ളില്‍ നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. സത്യപ്രതിജ്ഞ ചെയ്തതിനുശേഷം ഉപതെരഞ്ഞടുപ്പിനായി അവര്‍ മണ്ഡലം അന്വേഷിച്ചു. ആദ്യപരിഗണനതന്നെ ഭബാനിപ്പൂരിനായിരുന്നു. ഇക്കാരണത്താലാണ് ചതോപാധ്യായക്ക് എംഎല്‍എ സ്ഥാനം ഉപേക്ഷിക്കേണ്ടിവരുന്നത്.
ഇത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും അദ്ദേഹം അത് പാലിക്കുമെന്നും ചതോപാധ്യായയുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചതന്നെ അദ്ദേഹം രാജി സമര്‍പ്പിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ‘ഇത് എന്‍റെ തീരുമാനവും പാര്‍ട്ടിയുടെ തീരുമാനവുമാണ്. ഞാന്‍ സന്തോഷത്തോടെ അത് പാലിക്കുന്നു, “കൃഷിമന്ത്രിയായ ചതോപാദ്ധ്യായ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന് മറ്റൊരു സീറ്റ് നല്‍കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. പാര്‍ട്ടി നേതാവ് കാജല്‍ സിന്‍ഹയുടെ മരണത്തെത്തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് ആവശ്യമായിരുന്ന ഖാര്‍ദ സീറ്റില്‍ നിന്ന് ചതോപാദ്ധ്യായ മത്സരിക്കാനാണ് സാധ്യതയെന്ന് സൂചനയുണ്ട്.
മമതയുടെ സീറ്റായിരുന്നു ഭബാനിപ്പൂര്‍.കഴിഞ്ഞ രണ്ടുതവണയും അവര്‍ മത്സരിച്ചത് ഇവിടെയാണ്. അവിടെ ഇക്കുറി ചതോപാദ്ധ്യായ വിജയിച്ചത് 28000പരംവോട്ടിനാണ്. 2016ല്‍ ഇവിടെ ദീദി വിജയിച്ചപ്പോള്‍ ഭുരിപക്ഷം 25000ത്തിനുമുകളിലായിരുന്നു. ഇക്കുറി അവിടെ ജനപിന്തുണ വര്‍ധിപ്പിക്കാന്‍ ടിഎംസിക്കായി എന്നാണ് വോട്ടെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കിയത്.