Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ചരിത്രം തിരുത്തി, ഈ മലയാളം അധ്യാപികയുടെ ‘മാധവാന്വേഷണം’

1 min read

മുത്തശ്ശിക്കഥകളാല്‍ സമ്പന്നമായിരുന്നു ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളെജിലെ മലയാളം പ്രൊഫസര്‍ ലിറ്റി ചാക്കോയുടെ ബാല്യം. അങ്ങനെ കുട്ടിക്കാലത്ത് ലിറ്റി കേട്ട, അവരുടെ മനസില്‍ തങ്ങിയ ഒരു കഥയുണ്ടായിരുന്നു…പുഴയുടെ തീരത്ത് അമ്മിക്കല്ലില്‍ തലവെച്ച് കിടന്ന്, മാനം നോക്കി നക്ഷത്രങ്ങളെ പഠിക്കുന്ന, പ്രപഞ്ചരഹസ്യങ്ങളെ തേടുന്ന ഒരു അമാനുഷ പ്രതിഭ. പഠിച്ച് ജോലി നേടി മലയാളം അധ്യാപികയായി ലിറ്റി. എന്നാല്‍ ആ അമാനുഷനെ താളിയോലകളില്‍ നിന്ന് വീണ്ടെടുക്കാനുള്ള നിയോഗം ചാലക്കുടി സ്വദേശിയായ അവരിലേക്ക് തന്നെയെത്തി. അങ്ങനെ ഈ മലയാളം അധ്യാപികയിലൂടെ പുനര്‍ജനിച്ചു സംഗമഗ്രാമം മാധവനെന്ന ലോകത്തെ അല്‍ഭുതപ്പെടുത്തിയ ഗണിതജ്ഞന്‍. ലിറ്റി ചാക്കയോടൊപ്പം ഓരോ ഭാരതീയനും-വിശിഷ്യാ ഓരോ മലയാളിയും-‘മാധവം സ്മരാമി’ എന്ന് ആരാധനയോടെയും അല്‍പ്പം അഹങ്കാരത്തോടെയും പറയുന്ന കാലത്തിലേക്ക് നമ്മളെത്തുന്നത്

ദിപിന്‍ ദാമോദരന്‍

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലധികമായി താളിയോലകളിലൂടെയും ഉപേക്ഷിക്കപ്പെട്ട പൈതൃക ഭവനങ്ങളിലൂടെയും രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന സംസ്‌കൃത ശ്ലോകങ്ങളിലൂടെയുമെല്ലാമാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളെജിലെ മലയാളം അധ്യാപിക ലിറ്റി ചാക്കോയുടെ യാത്ര. ഗണിതശാസ്ത്രത്തിലെ ഇതിഹാസമായ സംഗമഗ്രാമം മാധവനെ തേടിയായിരുന്നു അത്. അറിയപ്പെടാതെ പോയ, മാധവന്റെ കഥ പ്രചരിപ്പിക്കേണ്ടത് തന്റെ നിയോഗമാണെന്ന് ലിറ്റി ചാക്കോ കരുതുന്നു. ആധുനിക കാല്‍ക്കുലസിന്റെ അടിസ്ഥാന ആശയങ്ങള്‍ യൂറോപ്പില്‍ രൂപംകൊള്ളുന്നതിന് നൂറ്റാണ്ടുകള്‍ മുമ്പേ അനന്ത പരമ്പരകള്‍ ഉപയോഗിച്ച് അതി സങ്കീര്‍ണമായ ഗണിതശാസ്ത്ര പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ട സംഗമഗ്രാമം മാധവനെ ലോകത്തിന് പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ലിറ്റി തന്റെ ഗവേഷണയാത്ര ആരംഭിക്കുന്നത്.

ഒരു ജനതയുടെ വൈജ്ഞാനിക പാരമ്പര്യത്തിന്റെ പുനര്‍വായന എന്നത് കേവലം ഭൂതകാല സ്മരണകളല്ല, മറിച്ച് ആ ജനതയുടെ ബൗദ്ധിക സ്വത്വത്തെയും ചരിത്രപരമായ നിലനില്‍പ്പിനെയും അടയാളപ്പെടുത്തുന്ന ദൗത്യമാണ്. ശാസ്ത്രീയ പൈതൃകത്തിന്റെ സംരക്ഷണം ഒരു സമൂഹത്തിന്റെ ആത്മവിശ്വാസത്തെയും ലോകവീക്ഷണത്തെയും എങ്ങനെ മാറ്റിമറിക്കുന്നു എന്നതിന്റെ ഉത്തമ ദൗത്യമായിരുന്നു ലിറ്റി ചാക്കോ എന്ന ഗവേഷകയുടെ അന്വേഷണം. കലാലയ ഇടനാഴികളില്‍ നിന്ന് ആരംഭിച്ച ആ യാത്ര, സംഗമഗ്രാമ മാധവന്‍ എന്ന അസാമാന്യ പ്രതിഭയുടെ അസ്തിത്വം പോലും വിസ്മൃതിയിലാണ്ട ഒരു കാലഘട്ടത്തിലായിരുന്നു. മാധവന്റെ വ്യക്തിത്വത്തെയും സംഭാവനകളെയും കുറിച്ചുള്ള ചോദ്യങ്ങള്‍ കേരളത്തിന്റെ, ഭാരതത്തിന്റെ ചരിത്രരചനയില്‍ ഒരു വഴിത്തിരിവാകുന്നു ഇപ്പോള്‍. പതിനാലാം നൂറ്റാണ്ടില്‍ മാധവന്‍ അടിത്തറയിട്ട ‘കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ്’ ആഗോള ശാസ്ത്ര ചരിത്രത്തിലെ സമാനതകളില്ലാത്ത അധ്യായമാണ്. ആധുനിക കല്‍ക്കുലസിന്റെ പിതാക്കന്മാരായി യൂറോപ്പ് കൊണ്ടാടുന്നവര്‍ക്ക് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ അനന്തശ്രേണികളും (Infinite Series) ത്രികോണമിതിയിലെ വിപുലീകരണങ്ങളും (Trigonomteric expansions) മാധവന്‍ കണ്ടെത്തിയിരുന്നു.

  സൈബര്‍ പാര്‍ക്കില്‍ സാന്‍ഡ്ബോക്സിന്റെ മിനി ടെക് പാര്‍ക്ക്

പാശ്ചാത്യേതര സ്രോതസ്സുകളെ അവഗണിക്കുന്ന യൂറോപ്യന്‍ കേന്ദ്രീകൃത ചരിത്രവീക്ഷണം മൂലം ഗണിതശാസ്ത്രത്തിന്റെ വളര്‍ച്ചാക്രമം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നാണ് ലിറ്റി ചാക്കോയുടെ പക്ഷം. ഈ ചരിത്രപരമായ വിസ്മൃതിയുടെ മൂടല്‍മഞ്ഞ് നീക്കാന്‍ ശാസ്ത്രജ്ഞരല്ല, മറിച്ച് അക്ഷരങ്ങളുടെയും വരികളുടെയും ആന്തരാര്‍ത്ഥങ്ങള്‍ തേടി നടന്ന ഒരു ഭാഷാസ്‌നേഹി് മുന്നോട്ടുവന്നു എന്നതാണ് ശ്രദ്ധേയം. കൊളോണിയല്‍ അധിനിവേശ വിദ്യാഭ്യാസത്തിന്റെ സ്വാധീനവും അറിവ് കൈമാറുന്നതിലെ പാരമ്പരാഗത നിയന്ത്രണങ്ങളും കാരണമാകാം മാധവനെ പോലൊരു ശാസ്ത്രപ്രതിഭ മണ്മറഞ്ഞതെന്നു പറയുന്നു ലിറ്റി. ശാസ്ത്രം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യപ്പെട്ട ഒന്നാണെന്ന ധാരണ ശരിയല്ലെന്നും ശാസ്ത്രീതയതയില്‍ അടിയുറച്ചതായിരുന്നു ഇവിടുത്തെ സമൂഹമെന്നും അവര്‍ കരുതുന്നു.

ഭാഷയും ഗണിതവും സംഗമിച്ചപ്പോള്‍

പൈതൃക പഠനങ്ങളില്‍ വിവിധ വിജ്ഞാനശാഖകള്‍ തമ്മിലുള്ള ഏകോപനം എത്രത്തോളം അനിവാര്യമാണെന്ന് ലിറ്റി ചാക്കോയുടെ ഗവേഷണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മലയാളം പ്രൊഫസറായ ലിറ്റി, ഗണിതശാസ്ത്രത്തിന്റെ ലോകത്തേക്ക് കടന്നുചെന്നത് തന്റെ നാടിന്റെ സാംസ്‌കാരിക വേരുകള്‍ തേടിയുള്ള യാത്രയിലായിരുന്നു. ഒരു ഭാഷാ വിദഗ്ധ എന്ന നിലയില്‍ സംസ്‌കൃതത്തിലും മലയാളത്തിലുമുള്ള അവരുടെ പ്രാവീണ്യം പുരാതന ശാസ്ത്രസത്യങ്ങളെ വേര്‍തിരിച്ചെടുക്കുന്നതില്‍ നിര്‍ണ്ണായകമായി. അന്താരാഷ്ട്ര ഗവേഷകര്‍ മാധവന്റെ ജന്മനാടിനെ തേടിയെത്തുന്നത് കണ്ടപ്പോള്‍, ആ പ്രതിഭയെ ശരിയായ ചരിത്ര പശ്ചാത്തലത്തില്‍ അവതരിപ്പിക്കുക എന്നത് ലിറ്റി ഒരു നിയോഗമായി ഏറ്റെടുത്തു. എന്നാല്‍ അന്നതിന് തെളിവുകളൊന്നുമില്ലായിരുന്നു, ഒരു പുസ്തകം പോലും ലിറ്റിക്ക് ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിരുന്നില്ല. ചെന്നൈയിലെ കെ വി ശര്‍മ ഫൗണ്ടേഷനില്‍ നിന്ന് മാധവന്‍ എഴുതിയ ‘വേണ്വാരോഹം’ എന്ന കൃതിയുടെ പതിപ്പ് ഒരു സുഹൃത്ത് മുഖാന്തിരം സ്വന്തമാക്കാന്‍ കഴിഞ്ഞതോടെ ഗവേഷണത്തിന്റെ ദിശ കൂടുതല്‍ വ്യക്തമായി. മാധവനെക്കുറിച്ച് വളരെ ആഴത്തില്‍ പഠനം നടത്തിയ ചരിത്രാന്വേഷകനായിരുന്നു ശര്‍മയെന്ന് ലിറ്റി ചാക്കോ പറയുന്നു. ഏകദേശം ഒന്നര ലക്ഷത്തോളം ശാസ്ത്രീയ താളിയോല ഗ്രന്ഥങ്ങളാണ് ശര്‍മയിലൂടെ കടന്നുപോയത്.

  മണിവ്യൂ ലിമിറ്റഡ് ഐപിഒ

കേവലം സമവാക്യങ്ങളിലൂടെയല്ല, മറിച്ച് സാഹിത്യവും ഭാഷയും വിശകലനം ചെയ്യുന്നതിലൂടെ മാത്രമേ പുരാതന ഭാരതീയ ശാസ്ത്രത്തിന്റെ സത്ത ചോര്‍ന്നുപോകാതെ വീണ്ടെടുക്കാന്‍ കഴിയൂ എന്ന് അവര്‍ തെളിയിച്ചു. ഭാഷയെ ഒരു വൈജ്ഞാനിക ഉപകരണം എന്ന നിലയില്‍ ഉപയോഗിച്ചുകൊണ്ട് അവര്‍ ഗണിതത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശി.

ഇരിങ്ങാലക്കുട തന്നെയാണോ മാധവന്റെ ജന്മദേശമെന്ന ചോദ്യത്തിന് ലിറ്റി ചാക്കോയ്ക്ക് വ്യക്തമായ ഉത്തരമുണ്ട്. മാധവന്റെ ജന്മസ്ഥലം അന്വേഷിച്ച് ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ കാളവണ്ടിയില്‍ എത്തിയ കഥ പണ്ട് അവിടെ ജീവിച്ചിരുന്ന കണ്ടന്‍ മാഷ് പറഞ്ഞതായി ലിറ്റി ചാക്കോ ഓര്‍ത്തെടുക്കുന്നു. ‘മാധവന്റെ ജന്മസ്ഥലം ഇരിങ്ങാലക്കുടയല്ല, കൂടല്ലൂര്‍ മനയാണെന്നാണ് മറുവാദം. ഭാരതപ്പുഴയെ പലപ്പോഴും ഗ്ലോറിഫൈ ചെയ്ത് പറയാറുണ്ടെങ്കിലും പെരിയാറിനെക്കുറിച്ച് അങ്ങനെ ആരും പറയാറില്ല. അതിനാലെല്ലാമായിരിക്കാമത്. ഇതല്ലാതെ ഒരു ലൊക്കേഷന്‍ എനിക്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഗമഗ്രാമം സംസ്‌കൃതമാണ്. ആ വാക്കിന്റെ മലയാളമാണ് കൂടല്ലൂര്‍. അതായിരിക്കാം അങ്ങനെയൊരു വാദത്തിന് കാരണം.”

ഇരിഞ്ഞാടപ്പിള്ളി മനയെന്നാണ് മാധവന്റെ ഇല്ലപ്പേര്. ‘ബഹുളാധിഷ്ഠിത വിഹാരത്തിലെ മാധവന്‍ എന്ന് പേരായ ഞാന്‍’ എന്ന് മധാവന്‍ തന്നെ പറയുന്നുണ്ട്. ബഹുളം ഇലഞ്ഞിയാണ്, വിഹാരം പള്ളിയാണ്. ഇലഞ്ഞി നില്‍ക്കുന്ന പള്ളി. അതാകാം ചെറുതായി ലോപിച്ച് ഇന്നത്തെ പേരിലെത്തിയത്. ആ സമയത്തെ മലയാളസാഹ്യത്യത്തിലും ലിറ്റി ചാക്കോ പരതി. ‘മണിപ്രവാള കൃതിയായ ചന്ദ്രോല്‍വസത്തില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തതയുണ്ട്. ഉല്‍സവം നടക്കുന്നത് തൃശൂരിലെ ചിറ്റിലപ്പിള്ളിയിലാണ്. ചന്ദ്രോല്‍സവത്തിലെ 26ാം ശ്ലോകത്തില്‍ സംഗമഗ്രാമത്തിലെ ബ്രാഹ്മണന്‍മാര്‍ പോകുന്നു എന്ന് പരാമര്‍ശമുണ്ട്. ഇരിങ്ങാലക്കുടയ്ക്ക് സംഗമാഗ്രാമമെന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ചകോരസന്ദേശത്തിലും പരാമര്‍ശമുണ്ട്.’ നിലവിലെ മനയ്ക്ക് 200-300 വര്‍ഷത്തെ കാലപ്പഴക്കമേയുള്ളൂവെന്ന വാദത്തിനും ടീച്ചര്‍ക്ക് മറുപടിയുണ്ട്. മനയ്ക്കടുത്തുള്ള അമ്പലത്തിലെ വട്ടെഴുത്ത് ലിഖിതമാണ് അതിന്റെ കാതല്‍. ലിഖിതം പുരാവസ്തു വകുപ്പ് വിശകലനം ചെയ്തപ്പോള്‍ ബോധ്യമായത് പന്ത്രണ്ടാം നൂറ്റാണ്ടിലെയാണെന്നാണ്. ഇരിഞ്ഞാട്ടിടപ്പിള്ളി ഇല്ലം വകയെന്ന പരാമര്‍ശവുമുണ്ട് അതില്‍. അത് ലോപിച്ചാകാം ഇപ്പോഴത്തെ ഇരിങ്ങാടപ്പിള്ളി മനയായത്.

  ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍: മന്ത്രി പി. രാജീവ്

പുരാതന ഭാരതീയ വിജ്ഞാന പാരമ്പര്യം ശാസ്ത്രീയ തത്വങ്ങളെ പലപ്പോഴും കവിതാരൂപത്തിലാണ് ആവിഷ്‌കരിച്ചിരുന്നത്. ഈ ‘കാവ്യാത്മകമായ ഗണിതശാസ്ത്രം’ തിരിച്ചറിഞ്ഞത് ലിറ്റി ചാക്കോയുടെ ഗവേഷണത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു. താളിയോലകളിലെ ശ്ലോകങ്ങള്‍ കേവലം സാഹിത്യസൃഷ്ടികളല്ലെന്നും അവ സങ്കീര്‍ണ്ണമായ, യുക്തിഭദ്രമായ തത്വങ്ങളാണെന്നും അവര്‍ ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരുന്നു. മാധവനെഴുതിയ ശ്ലോകങ്ങളിലെ ഓരോ സംസ്‌കൃത പദത്തിനും പിന്നില്‍ നിശ്ചിത ഗണിത മൂല്യങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ കവിത ഗണിതമായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. കടപയാദി സമ്പ്രദായത്തിലായിരുന്നു അതെല്ലാം. താളിയോലകളിലെ ലിപികള്‍ വായിക്കുക എന്നതിലുപരി, ഓരോ വരിയുടെയും ഗണിതപരമായ ആന്തരാര്‍ത്ഥം കണ്ടെത്താന്‍ ഭാഷാപരമായ അറിവ് അവര്‍ ഉപയോഗപ്പെടുത്തി. ഈ അന്വേഷണമാണ് ‘ലഗ്‌നപ്രകരണം’ എന്ന നഷ്ടപ്പെട്ട കൃതിയുടെ കണ്ടെത്തലിലേക്ക് നയിച്ചത്. ലഗ്നപ്രകരണത്തിന്റെ കുറച്ച് ഭാഗങ്ങള്‍ തൃപ്പൂണിത്തുറയില്‍ നിന്ന് കണ്ടെടുത്ത് 9 വര്‍ഷം കഴിഞ്ഞ് പുരാവസ്തുക്കള്‍ വില്‍ക്കുന്ന ഇരിങ്ങാലക്കുടയിലെ ഒരാളില്‍ നിന്ന് ആകസ്മികമായി ലഭിച്ച താളിയോലയിലെ കടപയാദി വാക്ക് ലിറ്റി ശ്രദ്ധിച്ചു. തുടര്‍ന്ന് അത് വൃത്തിയാക്കി വായിച്ചപ്പോഴാണ് ലഗ്നപ്രകരണമാണെന്ന് ലിറ്റിക്ക് ബോധ്യം വന്നത്. വിവരണാതീത നിമിഷമെന്നാണ് ലിറ്റി ചാക്കോ ഇതിനെ വിശേഷിപ്പിച്ചത്. മാധവന്റെ ചരിത്രം കണ്ടെത്താന്‍ ലിറ്റി സ്വീകരിച്ചത് ശാസ്ത്രീയമായ ‘ക്രോസ്‌റെഫറന്‍സിംഗ്’ രീതിയായിരുന്നു. ഒരു ഗ്രന്ഥത്തിലെ പരാമര്‍ശങ്ങള്‍ മറ്റൊരു ശിഷ്യനിലേക്കോ കൃതിയിലേക്കോ നയിക്കുന്ന ഈ ശൃംഖല മാധവനിലേക്കുള്ള വഴി തുറന്നു കൊടുക്കുകയായിരുന്നു.

താളിയോലകള്‍ കാറ്റലോഗ് ചെയ്യാനും ഡിജിറ്റൈസ് ചെയ്യാനുമുള്ള മുന്നേറ്റത്തിനും ലിറ്റി നേതൃത്വം നല്‍കി. ലിറ്റി ചാക്കോ എന്ന അധ്യാപികയുടെ യാത്ര വിസ്മൃതിയിലായ ഒരു വൈജ്ഞാനിക പാരമ്പര്യത്തിലേക്കുള്ള വിസ്മയകരമായ തിരിച്ചുപോക്കായിരുന്നു. കവിതയുടെയും ഭാഷയുടെയും ചുവടുപിടിച്ച് അവര്‍ ഗണിതശാസ്ത്രത്തിന്റെ അത്യുന്നതങ്ങളില്‍ വിരാജിച്ചിരുന്ന ഒരു വിശ്വപ്രതിഭയെ വീണ്ടെടുത്തു. വ്യത്യസ്ത വിജ്ഞാനശാഖകള്‍ തമ്മിലുള്ള മതിലുകള്‍ തകര്‍ത്തുകൊണ്ട് നടത്തിയ ഇത്തരം അന്വേഷണങ്ങള്‍, ചരിത്രത്തിന്റെ നഷ്ടപ്പെട്ട അധ്യായങ്ങള്‍ എക്കാലവും കാണാതാവുന്നില്ലെന്നും അവ കണ്ടെത്താനുള്ള അന്വേഷികള്‍ ഉണ്ടാകണമെന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. തിരയുന്നവരുള്ള കാലത്തോളം വിജ്ഞാനത്തിന്റെ ഒരു കൈത്തിരിയും ചരിത്രത്തിന്റെ അഗാധതയില്‍ എന്നെന്നേക്കുമായി അണഞ്ഞുപോകുന്നില്ല. മാധവന്റെ മാസ്റ്റര്‍ പീസായി കരുതപ്പെടുന്ന, ഇനിയും കണ്ടെത്താത്ത ഗോളവാദത്തിനായുള്ള അന്വേഷണം തുടരുകയാണ് ലിറ്റി ചാക്കോ.

1 thought on “ചരിത്രം തിരുത്തി, ഈ മലയാളം അധ്യാപികയുടെ ‘മാധവാന്വേഷണം’

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3