‘എല്‍ഐസി എംഎഫ് നിഫ്റ്റി മിഡ്കാപ് 100 ഇടിഎഫ്’
കൊച്ചി: എല്‍ഐസി മ്യൂച്വല്‍ ഫണ്ട് അസെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് പുതിയ ഫണ്ട് ഓഫര്‍ (എന്‍ എഫ് ഒ) പുറത്തിറക്കി. ‘എല്‍ഐസി എംഎഫ് നിഫ്റ്റി മിഡ്കാപ് 100 ഇടിഎഫ്’ എന്നാണ് പുതിയ ഫണ്ടിന്റെ പേര്. 2024 ഫെബ്രുവരി 8 ന് ആരംഭിച്ചിരിക്കുന്ന ഓഫര്‍ ഫെബ്രുവരി 12 വരെ തുടരും. അതിന് ശേഷം ഫെബ്രുവരി 19 മുതല്‍ വീണ്ടും തുടര്‍ച്ചയായി വില്‍പനക്ക് ലഭ്യമാകും. പുതിയ ഫണ്ടിന്റെ മാനേജര്‍ എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ഇക്വിറ്റി ഫണ്ടിന്റെ സുമിത് ഭട്‌നാഗറാണ്.
ഫണ്ടിന്റെ ലക്ഷ്യം നിഫ്റ്റി മിഡ് കാപ് 100 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡെക്‌സിലുള്ള ഓഹരികളുടെയും കടപ്പത്രങ്ങളുടെയും പ്രകടനത്തിനനുസരിച്ചുള്ള വരുമാനം ലഭ്യമാക്കുക എന്നതാണ്. എന്നാല്‍ ഇത് വിപണിയിലെ നഷ്ടസാധ്യതകള്‍ക്ക് വിധേയമായിരിക്കും. പുതിയ ഫണ്ടിന്റെ കുറഞ്ഞ നിക്ഷേപം 5000 രൂപയും, അതിനു ശേഷം ഒരു രൂപയുടെ ഗുണിതങ്ങളുമായിരിക്കും.
എല്‍ഐസി എംഎഫ് നിഫ്റ്റി മിഡ്കാപ് 100 ന്റെ കാര്യത്തില്‍ എല്‍ഐസി മ്യൂച്വല്‍ ഫണ്ടിന് ശുഭാപ്തി വിശ്വാസമുണ്ടെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒ യുമായ രവികുമാര്‍ ഝാ പറഞ്ഞു. നിലവിലുള്ള സാമ്പത്തിക പരിതസ്ഥിതിയില്‍ കൃത്യ സമയത്തു തന്നെയാണ് ഫണ്ട് പുറത്തിറക്കുന്നതെന്നും, ഐഎംഎഫ്് റിപ്പോര്‍ട്ടനുസരിച്ച് വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ശക്തമായിരിക്കുമെന്നും അദ്ദേഹം വിലയിരുത്തി. ഇതിലുപരിയായി അടുത്ത സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ച ലോകത്തില്‍ ഏറ്റവും ഉയര്‍ന്നതാകുമെന്നും, ഗവണ്‍മെന്റിന്റെ വിപണിയില്‍ നിന്നുള്ള കടമെടുപ്പ് താഴ്ന്നു നില്‍ക്കുന്നത് ഓഹരി വിപണിക്ക് കരുത്തേകുമെന്നും ഈ സാഹചര്യത്തില്‍ പുതിയ ഫണ്ടിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ എത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.