360 ഡിഗ്രിയില്‍ തിരിയുന്ന ലെനോവോ യോഗ 6
1 min read2 ഇന്‍ 1 ലാപ്‌ടോപ്പിന് 86,990 രൂപയാണ് വില. ഇപ്പോള്‍ പ്രീ ഓര്‍ഡര്‍ നടത്താം
ന്യൂഡെല്‍ഹി: ‘ലെനോവോ യോഗ 6’ 2 ഇന്‍ 1 ലാപ്‌ടോപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 360 ഡിഗ്രി ഹിഞ്ച് സഹിതമാണ് കണ്‍വെര്‍ട്ടിബിള്‍ ഡിവൈസ് വരുന്നത്. സ്റ്റൈലസ് സപ്പോര്‍ട്ട് ചെയ്യും. വിന്‍ഡോസ് 10 ഹോം ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. 1.32 കിലോഗ്രാം മാത്രമാണ് ഭാരം. എഎംഡി റൈസന്‍ 4000 സീരീസ് മൊബീല്‍ പ്രൊസസറാണ് കരുത്തേകുന്നത്. ഡോള്‍ബി ആറ്റ്‌മോസ് സപ്പോര്‍ട്ട് സഹിതം സ്റ്റീരിയോ സ്പീക്കറുകള്‍ സവിശേഷതയാണ്. ഇന്റഗ്രേറ്റഡ് 60 വാട്ട് ഔര്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 18 മണിക്കൂര്‍ വരെ ലാപ്‌ടോപ്പ് ഉപയോഗിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെട്ടു.
ലെനോവോ യോഗ 6 ലാപ്‌ടോപ്പിന് 86,990 രൂപയാണ് ഇന്ത്യയിലെ വില. അബിസ് ബ്ലൂ എന്ന ഏക കളര്‍ ഓപ്ഷനില്‍ ലഭിക്കും. ഇപ്പോള്‍ പ്രീ-ഓര്‍ഡര്‍ നടത്താം. ലെനോവോ.കോം, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍ മാര്‍ച്ച് 10 ന് വില്‍പ്പന ആരംഭിക്കും. റീട്ടെയ്ല്‍ സ്റ്റോറുകളില്‍ പിന്നീട് ലഭിച്ചുതുടങ്ങുമെന്ന് ലെനോവോ അറിയിച്ചു.
ടെന്റ്, ഫ്‌ളാറ്റ്, സ്റ്റാന്‍ഡേഡ് എന്നീ വ്യത്യസ്ത മോഡുകളില്‍ ഉപയോഗിക്കുന്നതിന് 360 ഡിഗ്രിയില്‍ തിരിയുന്ന വിജാഗിരി നല്‍കിയിരിക്കുന്നു. സ്‌കെച്ചിംഗ്, ബ്രൗസിംഗ് ആവശ്യങ്ങള്‍ക്ക് ലെനോവോ ഡിജിറ്റല്‍ പെന്‍ ഉപയോഗിക്കാന്‍ കഴിയും. എഎംഡി റൈസന്‍ 7 4700യു പ്രൊസസര്‍ വരെ നല്‍കിയിരിക്കുന്നു. 16 ജിബി വരെയാണ് റാം. ബില്‍റ്റ്-ഇന്‍ എഎംഡി റേഡിയോണ്‍ ഗ്രാഫിക്‌സ് ലഭിച്ചു. പിസിഐഇ എം.2 എസ്എസ്ഡി ഒരു ടിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയും. 13.3 ഇഞ്ച് ഫുള്‍ എച്ച്ഡി (1080, 1920 പിക്‌സല്‍) ഐപിഎസ് മള്‍ട്ടി ടച്ച് ഡിസ്‌പ്ലേ നല്‍കി. പരമാവധി ബ്രൈറ്റ്‌നസ് 300 നിറ്റ്. 72 ശതമാനം എന്‍ടിഎസ്‌സി കളര്‍ ഗാമറ്റ് ലഭിച്ചു.
പ്രൈവസി ഷട്ടര്‍ സഹിതം 720പി വെബ്കാം സവിശേഷതയാണ്. കീബോര്‍ഡിന്റെ വശത്തായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി. വൈഫൈ 6, ബ്ലൂടൂത്ത് 5, രണ്ട് യുഎസ്ബി ടൈപ്പ് എ പോര്‍ട്ടുകള്‍, രണ്ട് യുഎസ്ബി ടൈപ്പ് സി പോര്‍ട്ടുകള്‍, ഒരു ഹെഡ്‌ഫോണ്‍/മൈക് കോംബോ എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ക്രമീകരിക്കാവുന്ന 2 ലെവല്‍ ബാക്ക്‌ലിറ്റ് കീബോര്‍ഡ്, അലക്‌സ വോയ്‌സ് അസിസ്റ്റന്‍സ് എന്നിവയും ഫീച്ചറുകളാണ്. 308 എംഎം, 206 എംഎം, 17.1 എംഎം എന്നിങ്ങനെയാണ് വലുപ്പം സംബന്ധിച്ച അളവുകള്‍.