പകര്‍ച്ചവ്യാധിക്കാലത്ത് കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ കഴിക്കാം അഞ്ച് പോഷകാഹാരങ്ങള്‍
1 min read
പയര്‍. പരിപ്പ്, ചീര, ഇലക്കറികള്‍ തുടങ്ങിയവ നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നേത്രാരോഗ്യം കാത്തുസൂക്ഷിക്കാന്‍ വളരെ നല്ലതാണ്
പകര്‍ച്ചവ്യാധിയും അതെത്തുടര്‍ന്നുള്ള ലോക്ക്ഡൗണും വര്‍ക്ക് ഫ്രം ഹോമുമെല്ലാം വളരെ പെട്ടന്നാണ് നമ്മുടെ ജീവിതത്തിന്റെ ഭാഗമായത്. കുട്ടികളും മുതിര്‍ന്നവരുമെല്ലാം കൂടുതല്‍ നേരവും ഏതെങ്കിലുമൊരു ഇലക്ട്രോണിക് ഉപകരണത്തിന് മുമ്പിലായി എന്നതാണ് പകര്‍ച്ചവ്യാധിക്കാലത്തുണ്ടായ മറ്റൊരു പ്രധാന മാറ്റം. ലാപ്‌ടോപ്പ്, ടാബ് ലെറ്റ്, ടിവി, സ്മാര്‍ട്ട്‌ഫോണുകള്‍ തുടങ്ങി ഏതെങ്കിലുമൊരു ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ദിവസത്തിലെ ഭൂരിഭാഗം സമയവും കണ്ണുംനട്ട് ഇരിക്കാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് നാം ഇന്ന്. ഇനിയും ആറേഴ് മാസമോ ചിലപ്പോള്‍ ഒന്നോ രണ്ടോ വര്‍ഷമോ പലര്‍ക്കും ഇതേ സ്ഥിതിയില്‍ തുടരേണ്ടി വരും. ആ അവസ്ഥയില്‍ നേത്രാരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് നാം ഏറെ പ്രാധാന്യം നല്‍കേണ്ടിയിരിക്കുന്നു.
കഠിനമായ ജോലിഭാരവും കൃത്യമല്ലാത്ത ഉറക്കവും അനാരോഗ്യ ഭക്ഷണ ശീലങ്ങളും നമ്മുടെ ആരോഗ്യത്തിന് പ്രത്യേകിച്ച് നേത്രാരോഗ്യത്തിന് വെല്ലുവിളിയാകുന്ന സാഹചര്യത്തില്‍ ആഹാരത്തില്‍ ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് കാഴ്ചശക്തിയും മൊത്തത്തിലുള്ള നേത്രാരോഗ്യവും കാത്തുസൂക്ഷിക്കാന്‍ സഹായിക്കും.
പയറ് വര്‍ഗങ്ങള്‍: പയര്‍. പരിപ്പ് വര്‍ഗങ്ങളിലുള്ള ചെടികള്‍ ബയോഫ്‌ളവനോയിഡുകളുടെയും സിങ്കിന്റെയും കലവറയാണ്. കണ്ണിലെ റെറ്റിനയെ സംരക്ഷിക്കാനും തിമിരവും മറ്റ് നേത്രരോഗങ്ങളും വരാതിരിക്കാനും ഇവ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
പരിപ്പുകളും സൂര്യക്കാന്തിക്കുരുക്കളും: പിസ്ത പരിപ്പ്, വാള്‍നട്ട്, ബദാം തുടങ്ങിയവയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകളും വൈറ്റമിന്‍ ഇയും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും വളരെ നല്ലതാണ്. മാത്രമല്ല, മറ്റ് പോഷകങ്ങള്‍ക്കൊപ്പം വൈറ്റമിന്‍ ഇ കൂടി ചേര്‍ന്നുള്ള ഭക്ഷണസാധനങ്ങള്‍ പ്രായാധിക്യം മൂലമുള്ള നേത്രരോഗങ്ങളെ തടുക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ചീരയും പച്ചനിറമുള്ള ഇലക്കറികളും: കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ പൊതുവെ കുട്ടികള്‍ക്ക് നാം നിര്‍ബന്ധപൂര്‍വ്വം നല്‍കുന്ന ഒന്നാണ് ചീരയും പച്ചനിറമുള്ള ഇലക്കറികളും. ഇവയില്‍ വൈറ്റമിന്‍ സിയും ഇയും ധാരാളമായി അടങ്ങിയിരിക്കുന്നു. പച്ചക്കറികള്‍ പൊതുവെ വൈറ്റമിന്‍ എയുടെ കലവറയാണ്. കണ്ണുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഇവ വലിയ പങ്ക് വഹിക്കുന്നുണ്ട്.
നിറമുള്ള പഴങ്ങളും പച്ചക്കറികളും: നിറമുള്ള കാഴ്ചകള്‍ കാണുമ്പോള്‍ നമ്മുടെ കണ്ണുകള്‍ തലച്ചോറിന് ശരിയായ സിഗ്നലുകള്‍ നല്‍കുന്നു. കാരറ്റ്, തക്കാളി, കാപ്‌സിക്കം, സ്‌ട്രോബെറി, മത്തങ്ങ, ചോളം തുടങ്ങി നല്ല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും വൈറ്റമിന്‍ എയുടെയും സിയുടെയും കലവറയാണ്. ഇവയ്ക്ക് നേത്രരോഗങ്ങളെ പ്രതിരോധിക്കാന്‍ ശക്തിയുണ്ടെന്നാണ് പറയപ്പെടുന്നത്.
നാരക വര്‍ഗത്തിലുള്ള പഴങ്ങള്‍: നാരക വര്‍ഗത്തിലുള്ള പഴങ്ങളിലും ബൈറികളിലും നേത്രാരോഗ്യം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഓറഞ്ചുകള്‍, മുന്തിരി, ചെറുനാരങ്ങ, ബെറി എന്നിവയില്‍ ധാരാളമായി വൈറ്റമിന്‍ സി ഉണ്ട്. തിമിരവും മറ്റ് നേത്രരോഗങ്ങളും വരാതിരിക്കാന്‍ ഇവ വളരെ നല്ലതാണ്.