2019ല്‍ ലോകം സൃഷ്ടിച്ചത് 931 മില്യണ്‍ ടണ്‍ ഭക്ഷ്യമാലിന്യം, ഇന്ത്യയുടെ സംഭാവന 69 മില്യണ്‍
1 min readഇതുവരെ പുറത്തിറങ്ങിയ ഏറ്റവും സമഗ്രമായ ഭക്ഷ്യ മാലിന്യ വിവര ശേഖരണ റിപ്പോര്‍ട്ടായാണ് ഇത് കണക്കാക്കപ്പെടുന്നത്
ന്യൂഡെല്‍ഹി: 2019 ല്‍ ആഗോളതലത്തില്‍ 931 ദശലക്ഷം ടണ്‍ ഭക്ഷ്യമാലിന്യം സൃഷ്ടിക്കപ്പെട്ടുവെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ഇത് ഭൂമിയെ ഏഴുതവണ ചുറ്റാന്‍ പര്യാപ്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ ഗാര്‍ഹിക ഭക്ഷ്യ മാലിന്യങ്ങള്‍ 68.7 ദശലക്ഷം ടണ്‍ ആയിരുന്നു എന്നും ഭക്ഷ്യ മാലിന്യ സൂചിക റിപ്പോര്‍ട്ട് 2021 പറയുന്നു. ഐക്യരാഷ്ട്ര സഭാ പരിസ്ഥിതി പദ്ധതിയും (യുഎന്‍ഇപി) പങ്കാളി സംഘടനയായ ഡബ്ല്യുആര്‍പിയും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ഭക്ഷ്യമാലിന്യങ്ങളില്‍ 61 ശതമാനം വീടുകളില്‍ നിന്നാണ്, 26 ശതമാനം ഭക്ഷ്യ സേവനങ്ങളില്‍ നിന്നാണ്. ചില്ലറ വില്‍പ്പന 13 ശതമാനം സംഭാവനയാണ് ഭക്ഷ്യമാലിന്യങ്ങളില്‍ നല്‍കിയത്. മൊത്തം ആഗോള ഭക്ഷ്യ ഉല്‍പ്പാദനത്തിന്‍റെ 17 ശതമാനം പാഴാകുന്നുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ഒരാള്‍ ഒരു വര്‍ഷം ശരാശരി 50 കിലോ ഭക്ഷണം പാഴാക്കുന്നു എന്ന രീതിയിലാണ് ഗാര്‍ഹിക ഭക്ഷ്യ മാലിന്യ കണക്ക്.
യുഎസിലെ ഗാര്‍ഹിക ഭക്ഷ്യ മാലിന്യ എസ്റ്റിമേറ്റ് പ്രതിവര്‍ഷം ശരാശരി 59 കിലോഗ്രാം ഒരാള്‍ പ്രതിവര്‍ഷം പാഴാക്കുന്നു എന്ന തലത്തിലാണ്. പ്രതിവര്‍ഷം 19,359,951 ടണ്‍ ഭക്ഷണമാണ് യുഎസില്‍ പാഴാകുന്നത്. ചൈനയെ സംബന്ധിച്ചിടത്തോളം ഈ കണക്കുകള്‍ പ്രതിവര്‍ഷം ഒരാള്‍ ശരാശരി 64 കിലോഗ്രാം പാഴാക്കുന്നു എന്ന തരത്തിലാണ്. ചൈനയില്‍ ഒരു വര്‍ഷം 91,646,213 ടണ്‍ ഭക്ഷണം പാഴാകുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചില്ലറ വില്‍പ്പന ശാലകള്‍, റെസ്റ്റോറന്‍റുകള്‍, വീടുകള്‍ എന്നിവയില്‍ നിന്നുള്ള ഭക്ഷ്യ മാലിന്യങ്ങളെ റിപ്പോര്‍ട്ട് പരിശോധിക്കുന്നു. ഭക്ഷണത്തിനൊപ്പം കഴിക്കാന്‍ സാധിക്കാത്ത അസ്ഥികളും ഷെല്ലുകളും മാലിന്യങ്ങളുടെ കൂട്ടത്തില്‍ കൂട്ടിയിട്ടുണ്ട്. ഇതുവരെ പുറത്തിറങ്ങിയ ഏറ്റവും സമഗ്രമായ ഭക്ഷ്യ മാലിന്യ വിവര ശേഖരണ റിപ്പോര്‍ട്ടായാണ് ഇത് കണക്കാക്കപ്പെടുന്നത്.
ഭക്ഷ്യ മാലിന്യങ്ങള്‍ വരുമാന നിലവാരത്തിന്‍റെ വ്യത്യാസമില്ലാതെ മിക്കവാറും എല്ലാ രാജ്യങ്ങളിലും ഉയര്‍ന്ന തലത്തിലാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. വിപണിയില്‍ ലഭ്യമായ മൊത്തം ഭക്ഷണത്തിന്‍റെ 11 ശതമാനത്തോളമാണ് വീടുകളില്‍ നിന്നു വരുന്ന മാലിന്യത്തിന്‍റെ അളവ്. ഭക്ഷ്യ സേവനങ്ങളും റീട്ടെയില്‍ ഔട്ട്ലെറ്റുകളും യഥാക്രമം 5 ശതമാനവും രണ്ട് ശതമാനവും പാഴാക്കുന്നു. ആഗോള തലത്തില്‍, ഓരോ വര്‍ഷവും ഉപഭോക്തൃ നിലവാരത്തിലുള്ള ഭക്ഷണത്തിന്‍റെ 121 കിലോഗ്രാമാണ് ഒരാള്‍ പാഴാക്കുന്നതിന്‍റെ ശരാശരി.
‘കാലാവസ്ഥാ വ്യതിയാനം, പ്രകൃതി, ജൈവവൈവിധ്യനഷ്ടം, മലിനീകരണം, മാലിന്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഗൗരവമായി കാണുന്നുണ്ടെങ്കില്‍, ലോകമെമ്പാടുമുള്ള ബിസിനസ്സുകളും സര്‍ക്കാരുകളും പൗരന്മാരും ഭക്ഷ്യ മാലിന്യങ്ങള്‍ കുറയ്ക്കുന്നതിന് അവരുടെ പങ്ക് ചെയ്യേണ്ടതുണ്ട്,” യുഎന്‍ഇപി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇംഗര്‍ ആന്‍ഡേഴ്സണ്‍ പ്രസ്താവനയില്‍ പറഞ്ഞു.