പുതിയ രാഷ്ടീയ ചരിത്രമെഴുതി ഇടതുസര്‍ക്കാര്‍; ഇനി കോണ്‍ഗ്രസിന് പരീക്ഷണ കാലം
1 min readതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ ഒരു പുതിയ രാഷ്ട്രീയ ചരിത്രമാണ് രചിച്ചത്. അധികാരം നിലനിര്‍ത്തുന്ന ആദ്യത്തെ സിറ്റിംഗ് സര്‍ക്കാരാണിത്. ഈ സാഹചര്യത്തില്‍ ഏവരുടെയും ശ്രദ്ധ പതിയുന്നത് കോണ്‍ഗ്രസ് നയിച്ച യുഡിഎഫിലേക്കാണ്. മുമ്പൊരിക്കലും സംസ്ഥാനത്ത് ഇത്തരമൊരു കാര്യം സംഭവിച്ചിട്ടില്ല എന്നത് ചില നേതാക്കള്‍ക്കെങ്കിലും വിശ്വസിക്കാനായിട്ടില്ല.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 47 സീറ്റുകളാണ് നേടിയിരുന്നത്. അതില്‍ കോണ്‍ഗ്രസ് വിജയിച്ചത് 22 സീറ്റുകളിലായിരുന്നു. ഞായറാഴ്ച പുറത്തുവന്ന ഫലങ്ങളില്‍ യുഡിഎഫ് നേടിയത് 41 സീറ്റുകളാണ്. ഇതില്‍ കോണ്‍ഗ്രസിന് 21സീറ്റുകളാണ് സ്വന്തമാക്കാനായത്.
പിണറായി വിജയന്‍റെ നേതൃത്വത്തിലാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അവര്‍ നടപ്പാക്കിയതും ഇനി നടപ്പാക്കാനൊരുങ്ങുന്നതിന്‍റെയും വ്യക്തമായ ചിത്രം പ്രചാരണത്തിലൂടെ അവര്‍ ജനങ്ങള്‍ക്കു നല്‍കി. ഒപ്പം സര്‍ക്കാറിന്‍റെ ചില നടപടികള്‍ താഴേത്തട്ടിലുള്ള ജനതയെ സ്പര്‍ശിച്ചു. അവര്‍ രാഷ്ട്രീയം നോക്കിയായിരുന്നില്ല വോട്ടുരേഖപ്പെടുത്തിയിരുന്നത്. അവര്‍ക്ക് ലഭിക്കുന്നതും ലഭിക്കാവുന്നതുമായ ആനുകൂല്യം, സഹായം തുടങ്ങിയവ പ്രതീക്ഷിച്ചാണ്. ഇവിടെ ഇടതു സര്‍ക്കാരിന് വിജയക്കൊടി പാറിക്കാനായി. ക്യാപ്റ്റനായി മുഖ്യമന്ത്രി തന്നെ മുന്നില്‍ നിന്നപ്പോള്‍ ബാക്കിയുള്ളവര്‍ പിറകേവന്നു. അത് വിജയിത്തേക്കുള്ള പാത സൃഷ്ടിച്ചു.
ഇത് കോണ്‍ഗ്രസിന്‍റെ പരീക്ഷണ കാലഘട്ടമാണ്. സാധ്യതകള്‍ മങ്ങുകയാണ്. അധികാരമില്ലാതെ ഇതിനകം അഞ്ച് വര്‍ഷം പിന്നിട്ടിരിക്കുന്നു, ഇനി അഞ്ചുവര്‍ഷംകൂടി അവര്‍ക്ക് ഒരു പോരാട്ടത്തിനായി കാത്തിരിക്കേണ്ടിവരും. കോണ്‍ഗ്രസിന്‍റെ ഉന്നത നേതാക്കള്‍ മുതല്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കുവരെ ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ പുതു പദ്ധതികള്‍ ആവിഷ്ക്കരിക്കേണ്ടിവരും. കാരണം സംസ്ഥാനത്ത് എല്‍ഡിഎഫ് നേടിയത് ചെറിയ ഒരു വിജയമല്ല. യുഡിഎഫിന്‍റെ സകല സാധ്യതകളെയും കാറ്റില്‍പ്പറത്തിയ മുന്നേറ്റമായിരുന്നു. ജനപിന്തുണ ഇടതിനൊപ്പമാണ് എന്ന് കോണ്‍ഗ്രസ് തിരിച്ചറിയേണ്ടിയിരിക്കുന്നു.
കോണ്‍ഗ്രസിന്‍റെ തട്ടകങ്ങളില്‍ നിറം മാറുന്നതും മണ്ണൊലിച്ചുപോയിക്കൊണ്ടിരിക്കുന്നതും അവര്‍ തിരിച്ചറിയുന്നില്ല എന്നാണ് ഇതില്‍നിന്ന് മനസിലാകുന്നത്. സ്വന്തം മണ്ഡലങ്ങളുടെ ചായ്വ് തിരിച്ചറിയുന്നതില്‍ ഈ നേതാക്കള്‍ പരാജയപ്പെട്ടതായാണ് മനസിലാകുന്നത്. തെരഞ്ഞെടുപ്പ് കാലത്തുമാത്രം ജനങ്ങളുടെ സമീപത്തേക്ക് എത്തിയാല്‍ പിന്തുണ നേടാനാവില്ല എന്ന് യാഥാര്‍ത്ഥ്യം പാര്‍ട്ടികള്‍ മനസിലാക്കേണ്ടതുണ്ട്.
കോണ്‍ഗ്രസിനുള്ളില്‍ ഇനിയും പൊട്ടിത്തെറികള്‍ ഉണ്ടാകുമോ എന്ന് മാധ്യമവിമര്‍ശകര്‍ പറയുന്നു.ഉമ്മന്‍ ചാണ്ടി,രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ നേതാക്കള്‍ക്ക് പ്രചാരണത്തില്‍ കൂട്ടുത്തരവാദിത്തമുണ്ടായിരുന്നു. എന്നാല്‍ തുടക്കത്തില്‍ നടന്ന പ്രചാരണങ്ങളില്‍ ഒരു യോജിപ്പുണ്ടായിരുന്നുവോ എന്ന് വിമര്‍ശകര്‍ സംശയമുന്നയിച്ചുണ്ട്. പിന്നീട് എല്‍ഡിഎഫിന്‍റെ സാധ്യത മങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോഴാണ് കോണ്‍ഗ്രസ് ക്യാമ്പ് ഊര്‍ജ്വസ്വലമായത്. മറുവശത്ത് എല്‍ഡിഎഫ് നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടുതന്നെ മുന്നോട്ടുപോകുകയായിരുന്നു. ഈ മൂന്നു നേതാക്കളില്‍ ആര്‍െക്കെങ്കിലും മാത്രമായി പരാജയത്തിന്‍റെ ഉത്തരവാദിത്തം നല്‍കാന്‍ സാധ്യതയുമില്ല. ഇതില്‍ ഉമ്മന്‍ ചാണ്ടിമാത്രമാണ് ഒരു പദവിയും വഹിക്കാത്തത്. ചെന്നിത്തല പ്രതിപക്ഷ നേതാവു മുല്ലപ്പള്ളി പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമാണ്. അതിനാല്‍ പരാജയത്തില്‍ ആരെയും പ്രത്യേകമായി വിമര്‍ശിക്കാന്‍ സാധ്യത കുറവാണ്. അങ്ങനെയെങ്കില്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറികള്‍ പ്രതീക്ഷിക്കാം. ഇനി കോണ്‍ഗ്രസില്‍ തലമുറ മാറ്റം പ്രതീക്ഷിക്കാം. കാരണം രണ്ടാം നിര നേതാക്കളില്‍ നിന്ന് ഏതാനും നേതാക്കള്‍ പദവികള്‍ പ്രതീക്ഷിക്കുന്നുണ്ട്.
‘കോണ്‍ഗ്രസ് പാര്‍ട്ടി അതിന്‍റെ സ്ഥാനത്തേക്ക് മടങ്ങിവരണമെങ്കില്‍, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ പാര്‍ട്ടി പദവികളിലേക്കും നേതാക്കളെ മുകളില്‍ നിന്ന് നിയമിക്കുന്നത് അവസാനിപ്പിക്കേണ്ടതാണ്. പാര്‍ട്ടി സംഘടനാതല തെരഞ്ഞെടുപ്പിന് ഉടന്‍ തയ്യാറാകണം. നേതാക്കളെ ബാലറ്റിലൂടെ തെരഞ്ഞെടുക്കണം. ഇല്ലെങ്കില്‍ പാര്‍ട്ടിക്ക് ഒരു പ്രതീക്ഷയും ഉണ്ടാകില്ല, “വിമര്‍ശകര്‍ പറയുന്നു. അതിനാല്‍, ഇപ്പോള്‍ എല്ലാ കണ്ണുകളും കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും വരാനിരിക്കുന്ന മീറ്റിംഗിലേക്കാണ്. ഒരു തലമുറ മാറ്റത്തിന് ആവശ്യമുണ്ടാകുമോ എന്നും അത് സംഭവിക്കുകയാണെങ്കില്‍ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കുമോ എന്നു കണ്ടറിയേണ്ടതുണ്ട്.
സംസ്ഥാനത്ത് ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് ഒരു സീറ്റുപോലും നേടാനായില്ല എന്നതും പ്രത്യേകതയാണ്. കഴിഞ്ഞ തവണ നേമത്തുനിന്നും വിജയിച്ച് ബിജെപി ഒരു സീറ്റ് സ്വന്തമാക്കിയിരുന്നു. ഇക്കുറി ഒരു സീറ്റുമുതല്‍ അഞ്ചുസീറ്റുവരെ സാധ്യത കല്‍പ്പിക്കപ്പെട്ടതുമാണ്. എന്നാല്‍ ബിജെപി എല്ലാ കണക്കുകൂട്ടലുകളും പാഴായി. ബിജെപിയുടെ വോട്ടുകള്‍ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് ലഭിച്ചേക്കുമെന്ന് നേരത്തതന്നെ ഇടതുപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ എല്ലാ ആരോണങ്ങള്‍ക്കും തിരശീലവീഴ്ത്തി എല്‍ഡിഎഫ് 99 സീറ്റുകളില്‍ വിജയം കണ്ടെത്തി. ഇതില്‍ 67 സീറ്റില്‍ സിപിഎം ഒറ്റയ്ക്ക് വിജയിച്ചവയാണ്. 11 ജില്ലകളിലും എല്‍ഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ കേരളം ചിന്തിച്ചത് എങ്ങോട്ടെന്ന് വ്യക്തമാകുകയായിരുന്നു.