2024 ഓടെ മുഴുവന്‍ ലംബോര്‍ഗിനി കാറുകളും പ്ലഗ് ഇന്‍ ഹൈബ്രിഡ്
അവന്റഡോര്‍, ഉറാകാന്‍, ഉറുസ് ഉള്‍പ്പെടുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങളും ഹൈബ്രിഡ് മോഡലുകളാക്കി മാറ്റും
ബൊളോഞ്ഞ: 2024 ഓടെ അവന്റഡോര്‍, ഉറാകാന്‍, ഉറുസ് ഉള്‍പ്പെടുന്ന തങ്ങളുടെ മുഴുവന്‍ ഉല്‍പ്പന്നങ്ങളും ഹൈബ്രിഡ് മോഡലുകളാക്കി മാറ്റുമെന്ന് ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി പ്രഖ്യാപിച്ചു. എന്നാല്‍ ഏതുതരം ഹൈബ്രിഡ് പവര്‍ട്രെയ്‌നുകളാണ് ലംബോര്‍ഗിനി ഉപയോഗിക്കുകയെന്ന് ഇപ്പോള്‍ വ്യക്തമല്ല. നിലവില്‍ വി10, വി12 എന്‍ജിനുകളാണ് ലംബോര്‍ഗിനി കാറുകള്‍ക്കായി അഹോരാത്രം പണിയെടുക്കുന്നത്.
ആന്തരിക ദഹന എന്‍ജിനേക്കാള്‍ അല്‍പ്പം ശേഷി കുറഞ്ഞ പൂര്‍ണ തോതിലുള്ള പ്ലഗ് ഇന്‍ ഹൈബ്രിഡ് അല്ലെങ്കില്‍ ലംബോര്‍ഗിനി സിയാനില്‍ കണ്ടതുപോലെ വി12, വി10 സംവിധാനത്തോടെ മൈല്‍ഡ് ഹൈബ്രിഡ് ഇവയില്‍ ഏതാണ് ലംബോര്‍ഗിനി സ്വീകരിക്കുകയെന്ന് കാത്തിരുന്ന് കാണാം. ഇപ്പോഴത്തെ മനംമാറ്റം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
ലംബോര്‍ഗിനിയുടെ ആദ്യ ഹൈബ്രിഡ് കാറാണ് സിയാന്‍. ലംബോര്‍ഗിനി അവന്റഡോര്‍ എസ്‌വിജെ ഉപയോഗിക്കുന്ന 6.5 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, വി12 എന്‍ജിനും 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവുമാണ് സിയാനില്‍ നല്‍കിയത്. ഇതോടെ 33 ബിഎച്ച്പി കൂടുതല്‍ കരുത്ത് പുറപ്പെടുവിച്ചു. അതായത്, 8,500 ആര്‍പിഎമ്മില്‍ 808 ബിഎച്ച്പി കരുത്താണ് പരമാവധി ആകെ ഉല്‍പ്പാദിപ്പിക്കുന്നത്. മൂന്നക്ക വേഗം കൈവരിക്കാന്‍ 2.8 സെക്കന്‍ഡില്‍ താഴെ സമയം മതി. മുഴുവന്‍ മോഡലുകളിലും ഇതേ സംവിധാനം നല്‍കിയാല്‍ അതിശയപ്പെടേണ്ട. ചുരുങ്ങിയപക്ഷം വി10 കരുത്തേകുന്ന ഉറാകാന്‍ എങ്കിലും സമാന ഹൈബ്രിഡ് സംവിധാനം ഉപയോഗപ്പെടുത്തും. കുറേക്കാലമായി മാതൃ കമ്പനിയുടെ ഔഡി ആര്‍8 ഉപയോഗിക്കുന്ന വി10 എന്‍ജിനാണ് ഉറാകാന് കരുത്തേകുന്നത്. അതേസമയം ഔഡി ആര്‍8 പൂര്‍ണമായും വൈദ്യുതീകരിക്കാനാണ് കമ്പനിയുടെ തീരുമാനം.
ലംബോര്‍ഗിനിയുടെ വൈദ്യുതീകരണ പദ്ധതി ഹൈബ്രിഡ് മോഡലുകളില്‍ ഒതുങ്ങുന്നില്ല. 2030 ഓടെ തങ്ങളുടെ ആദ്യ ഓള്‍ ഇലക്ട്രിക് സൂപ്പര്‍കാര്‍ അവതരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ലംബോര്‍ഗിനി. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഹൈബ്രിഡ്, ഓള്‍ ഇലക്ട്രിക് ആവശ്യങ്ങള്‍ക്കായി 1.5 ബില്യണ്‍ യൂറോയുടെ നിക്ഷേപം നടത്താനും തീരുമാനിച്ചു. ലംബോര്‍ഗിനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപമായിരിക്കുമിത്. 2025 തുടക്കത്തോടെ തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം അമ്പത് ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യം.