കെ.എസ്.ഐ.ഡി.സി 62-ാം വാര്‍ഷിക നിറവില്‍
റിസര്‍വ് ബാങ്ക് നിയമങ്ങള്‍ക്കു വിധേയമായി നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി (എന്‍.ബി.എഫ്.സി) ആയിട്ടാണ് കെ.എസ്.ഐ.ഡി.സി പ്രവര്‍ത്തിച്ചുപോരുന്നത്. 1998 മുതല്‍ 2023 വരെയുള്ള 25 വര്‍ഷത്തിനിടെ ഓഹരി മൂലധനമായും വായ്പയായും കെ.എസ്.ഐ.ഡി.സി 989 ഇന്‍ഡസ്ട്രിയല്‍ യൂണിറ്റുകള്‍ക്ക് 4468.86 കോടി രൂപ നല്‍കി. ഇതുവഴി 1126067.94 കോടിയുടെ നിക്ഷേപം കൊണ്ടുവരാനും 98522 പേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കാനുമായി. നിലവില്‍ 510 കമ്പനികള്‍ക്കായി 900 കോടിയുടെ ലോണ്‍ ആണ് കെ.എസ്.ഐ.ഡി.സി നല്‍കിയിട്ടുള്ളത്. ഇതിനുപുറമേ സംരംഭങ്ങളില്‍ ഇക്വിറ്റി ഇന്‍വെസ്റ്റ്മെന്‍റും കെ.എസ്.ഐ.ഡി.സി ചെയ്യുന്നുണ്ട്. 78 സംരംഭങ്ങളാണ് കെ.എസ്.ഐ.ഡി.സി ഇക്വിറ്റി എടുത്തിട്ടുള്ളത്. ഇതിന്‍റെ ആകെ വിപണിമൂല്യം 800 കോടിയാണ്.
കേരളത്തെ നിക്ഷേപ സൗഹൃദമാക്കാനും നിക്ഷേപ പ്രോത്സാഹനത്തിനും വേണ്ട വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കെ.എസ്.ഐ.ഡി.സി നിലവില്‍ ഒമ്പത് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം സാധ്യമാക്കുന്നുണ്ട്. കെ സ്വിഫ്റ്റ്, കെ-സിസ് തുടങ്ങിയ കേരളത്തെ നിക്ഷേപ സൗഹൃദമാക്കാന്‍ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളെല്ലാം കെ.എസ്.ഐ.ഡി.സിയില്‍ നിന്നുള്ളതാണ്.
നിക്ഷേപ പദ്ധതികള്‍ക്ക് മികച്ച വായ്പ ഒരുക്കാനുള്ള സൗകര്യവും കെ.എസ്.ഐ.ഡി.സിയിലുണ്ട്. 60 കോടി വരെയുള്ള ലോണുകള്‍ കെ.എസ്.ഐ.ഡി.സിയില്‍ നിന്ന് നല്‍കുന്നു. എട്ട് മുതല്‍ 10 ശതമാനം വരെ പലിശയ്ക്കാണ് ഇത് നല്‍കുന്നത്. മുഖ്യമന്ത്രിയുടെ വായ്പാ പദ്ധതിയില്‍ ഒരു കോടി മുതല്‍ അഞ്ച് കോടി രൂപ വരെ അഞ്ച് ശതമാനം പലിശയ്ക്കാണ് നല്‍കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറ്റവും വലിയ ലോണ്‍ നല്‍കുന്നതും കെ.എസ്.ഐ.ഡി.സി ആണ്. ഒരു കോടി വരെ സ്കെയ്ല്‍ അപ് ലോണും സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഉയര്‍ന്ന സീഡ് ഫണ്ടും കെ.എസ്.ഐ.ഡി.സി ആണ് നല്‍കുന്നത്. 25 ലക്ഷം രൂപയാണ് സീഡ് ഫണ്ട് പരിധി. ഇതു കൂടാതെ വനിതാ സംരംഭകര്‍ക്കും കാരവന്‍ ടൂറിസത്തിനും കമ്പനികള്‍ക്കും ലോണ്‍ നല്‍കുന്നുണ്ട്.
ഭൂമിശാസ്ത്രപരവും സാമൂഹിക വികസന സൂചികകളും മാനവ വിഭവവുമടക്കമുള്ള അനുകൂല ഘടകങ്ങളുടെ സഹായത്താല്‍ കെ.എസ്.ഐ.ഡി.സി കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി കേരളത്തിന്‍റെ വ്യാവസായിക പ്രോത്സാഹനത്തില്‍ മുന്‍നിര പങ്ക് വഹിച്ചിട്ടുണ്ടെന്ന് കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ പോള്‍ ആന്‍റണി പറഞ്ഞു. കേരളം ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന വസ്തുത ഉയര്‍ത്തിക്കാട്ടുന്നതിന് കെ.എസ്.ഐ.ഡി.സിയുടെ ഇടപെടലുകള്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ സംസ്ഥാനത്തിന്‍റെ റാങ്കിംഗ് ക്രമാനുഗതമായി ഉയര്‍ത്തി കേരളത്തെ ഒരു പ്രധാന നിക്ഷേപ കേന്ദ്രമാക്കി മാറ്റാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് കെഎസ്ഐഡിസി വലിയ ഊന്നല്‍ നല്‍കിയിട്ടുണ്ടെന്ന് കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. നിക്ഷേപകരുടെ വിശ്വാസം ഗണ്യമായി വര്‍ധിപ്പിക്കാന്‍ കെ.എസ്.ഐ.ഡി.സിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനും നിക്ഷേപകര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാനും പദ്ധതിനിര്‍വ്വഹണത്തിന് സാമ്പത്തികസഹായം നല്‍കുന്നതില്‍ ദേശീയ-അന്തര്‍ദേശീയ മാതൃക സ്ഥാപിക്കാനുമായ കെ.എസ്.ഐ.ഡി.സി 62 വര്‍ഷമായി കേരളത്തിന് അഭിമാനമായി പ്രവര്‍ത്തിക്കുന്നു.