September 17, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഭക്ഷ്യ സംസ്കരണ മേഖലയിലെ യൂണിറ്റുകള്‍ക്ക് 35 ശതമാനം സബ്സിഡിയോടെ വായ്പ

1 min read
തിരുവനന്തപുരം: ഭക്ഷ്യ സംസ്കരണ മേഖലയില്‍ സൂക്ഷ്മ സംരംഭങ്ങള്‍ക്ക് മുതല്‍മുടക്കിന്‍റെ 35 ശതമാനം വരെ സബ്സിഡിയോടു കൂടിയ സംരംഭക മൂലധന വായ്പാ പദ്ധതി മികവോടെ നടപ്പിലാക്കി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ്. പ്രധാന്‍മന്ത്രി ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്‍റര്‍പ്രൈസസ് (പിഎംഎഫ്എംഇ) പദ്ധതിയുടെ ഭാഗമായി വ്യക്തിഗത ഭക്ഷ്യ സംസ്കരണ യൂണിറ്റുകള്‍ക്ക് പദ്ധതിച്ചെലവിന്‍റെ 35 ശതമാനം വരെ, എന്നാല്‍ പരമാവധി 10 ലക്ഷം രൂപ വരെ ക്രെഡിറ്റ് ലിങ്ക്ഡ് മൂലധന സബ്സിഡി ലഭിക്കും. പദ്ധതി പ്രകാരം കേരളത്തിലെ 1233 സംരംഭങ്ങള്‍ക്ക് സബ്സിഡി അനുവദിച്ചിട്ടുണ്ട്. അതിന്‍പ്രകാരം 581 യൂണിറ്റുകള്‍ക്ക് 15.09 കോടി രൂപ ഇതിനകം സബ്സിഡിയായി നല്കുകയും ചെയ്തു.

ബാങ്ക് വായ്പകള്‍ക്ക് 10 ലക്ഷം രൂപ വരെയുള്ള ക്രെഡിറ്റ് ലിങ്ക്ഡ് മൂലധന സബ്സിഡി സഹായം കൂടാതെ കുടുംബശ്രീ സ്വയംസഹായ സംഘങ്ങളുടെ ഭക്ഷ്യ സംസ്കരണ യൂണിറ്റുകളിലെ ഓരോ വ്യക്തിയ്ക്കും 40000 രൂപ വീതം സീഡ് ഫണ്ട് ലഭിക്കുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. ഉദാഹരണമായി അഞ്ച് കുടുംബശ്രീ അംഗങ്ങള്‍ ചേര്‍ന്ന് തുടങ്ങുന്ന ഒരു ഭക്ഷ്യ സംസ്കരണ യൂണിറ്റിലെ ഓരോ അംഗത്തിനും 40,000 രൂപ വീതം ആകെ രണ്ടു ലക്ഷം രൂപ വരെ സീഡ് ഫണ്ടായി ലഭിക്കും.

പ്രാദേശിക തലത്തില്‍ കാര്‍ഷിക-ഭക്ഷ്യ സംസ്കരണവുമായി മുന്നോട്ട് പോകുന്ന ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ (എഫ്പിഒകള്‍), സ്വയം സഹായ സംഘങ്ങള്‍ (എസ്എച്ച്ജികള്‍), സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രോത്സാഹനവും പിന്തുണയും പദ്ധതിയിലൂടെ ലഭിക്കും. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പാണ് പദ്ധതിയുടെ നോഡല്‍ ഡിപ്പാര്‍ട്ട്മെന്‍റായി പ്രവര്‍ത്തിക്കുന്നത്. വ്യവസായ വാണിജ്യ വകുപ്പിനു കീഴിലുള്ള കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെബിഐപി) ആണ് പദ്ധതി നടപ്പാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി.

സൂക്ഷ്മ ഭക്ഷ്യ സംസ്കരണ സംരംഭങ്ങള്‍ക്ക് സാമ്പത്തിക, സാങ്കേതിക, ബിസിനസ് പിന്തുണ ലഭ്യമാക്കുകയാണ് പിഎംഎഫ്എംഇ പദ്ധതിയുടെ ലക്ഷ്യം. ഓരോ ജില്ലയിലെ പ്രധാന കാര്‍ഷിക വിഭവങ്ങളുടേയും അവയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടേയും വിപണിയും വരുമാനവും ഉറപ്പു വരുത്താനായി ഒരു ജില്ല ഒരു ഉത്പന്നം മാതൃകയും (ഒഡിഒപി) ഈ പദ്ധതി വഴി സ്വീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ പ്രധാന ഭക്ഷ്യവിളയായി ഒഡിഒപി യിലൂടെ തിരഞ്ഞെടുത്തത് മരച്ചീനിയെയാണ്. കൊല്ലത്ത് മരച്ചീനിയും മറ്റ് കിഴങ്ങുവര്‍ഗങ്ങളും പത്തനംതിട്ട, കാസര്‍കോട് എന്നിവിടങ്ങളില്‍ ചക്ക അധിഷ്ഠിത ഉത്പന്നങ്ങള്‍, ആലപ്പുഴയ്ക്കും തൃശ്ശൂരിനും അരിയില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ തേങ്ങയില്‍ നിന്നുള്ള ഇനങ്ങള്‍, ഇടുക്കിക്ക് സുഗന്ധവ്യഞ്ജനങ്ങള്‍ അടങ്ങിയ ഉത്പന്നങ്ങള്‍, എറണാകുളത്തിന് പൈനാപ്പിള്‍ അധിഷ്ഠിത ഉത്പന്നങ്ങള്‍, പാലക്കാടിന് വാഴപ്പഴം, വയനാടിന് പാലും പാലുത്പന്നങ്ങളും അടിസ്ഥാനമാക്കിയുള്ള ഇനങ്ങള്‍ എന്നിങ്ങനെയാണ് ഒഡിഒപി യിലൂടെ തിരഞ്ഞെടുത്തിട്ടുള്ളത്.

പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ഗുണഭോക്താക്കള്‍ക്ക് പിന്തുണ നല്‍കുന്നതിനുമായി 135 ജില്ലാ റിസോഴ്സ് പേഴ്സണ്‍സിനേയും (ഡിആര്‍പി) എല്ലാ ജില്ലകളിലുമായി നിയമിച്ചിട്ടുണ്ട്. അരി, പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ സംസ്കരണത്തിനായി കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി ഒരു അഗ്രി ബിസിനസ് ഇന്‍കുബേറ്ററും പിഎംഎഫ്എംഇ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.

  ആക്സിസ് ബാങ്ക് വെല്‍ത്ത് മാനേജ്മെന്‍റ് സേവനം വ്യാപിപ്പിക്കുന്നു
Maintained By : Studio3