കോഴിക്കോട് കനാല്‍സിറ്റിയാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
- കനോലി കനാല്‍ വികസനത്തിന് 1118 കോടി രൂപയുടെ പദ്ധതി
കോഴിക്കോട്: കനോലി കനാല്‍ വികസന പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കോഴിക്കോട് കനാല്‍സിറ്റിയാകുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പുമന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാന ജലപാതയുടെ ഭാഗമായി വരുന്ന കനോലി കനാല്‍ വീണ്ടെടുക്കുന്നതിലൂടെ പ്രദേശത്തെ ഗതാഗത, ടൂറിസം മേഖലകള്‍ അഭിവൃദ്ധിപ്പെടുമെന്നും മന്ത്രി പറഞ്ഞു. കനാല്‍തീരങ്ങളുടെ സൗന്ദര്യവല്‍കരണത്തിലൂടെ പ്രാദേശികമായി തൊഴിലവസരവും ഈ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടും.
കനോലി കനാലിനെ ആധുനിക രീതിയില്‍ വികസിപ്പിക്കാന്‍ കിഫ്ബി ഫണ്ടില്‍നിന്നും 1118 കോടിരൂപ ലഭ്യമാക്കാന്‍ മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ദേശീയപാതാ വികസനത്തോടൊപ്പം തന്നെ ജലപാതയും കൊണ്ടുവരാന്‍ സാധിക്കും. കനാലുകള്‍ വികസിപ്പിച്ച് അതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് സര്‍ക്കാര്‍. കനോലി കനാലിനെ ആധുനിക നിലവാരത്തില്‍ ടൂറിസത്തിനും ഗതാഗതത്തിനും അനുയോജ്യമായ രീതിയില്‍ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കേരളത്തിലെ ജലപാതകളെ വീണ്ടെടുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. വെസ്റ്റ് കോസ്റ്റ് കനാല്‍ വികസനം എന്ന പേരില്‍ കേരളത്തിലെ എല്ലാ കനാലുകളും വീണ്ടെടുത്ത് ജലപാത യാഥാര്‍ത്ഥ്യമാക്കുന്ന പ്രവര്‍ത്തനമാണ് നടന്നുവരുന്നത്. തിരുവനന്തപുരം കോവളം മുതല്‍ കാസര്‍ഗോഡ് ജില്ലയിലെ ബേക്കല്‍ വരെയാണ് ജലപാത വരുന്നത്. ചരക്ക് ഗതാഗതം, വിനോദസഞ്ചാരം എന്നിവയുമായി ബന്ധപ്പെട്ട സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ് ഈ പദ്ധതി.
നിലവിലുള്ള കനാല്‍ ആധുനികനിലവാരത്തില്‍ നവീകരിക്കുമ്പോള്‍ അത് കനോലി കനാലിന്റെ വീണ്ടെടുപ്പ് കൂടിയാവും. കോഴിക്കോട് ജില്ലയിലെ വെള്ളപ്പൊക്ക പ്രശ്‌നങ്ങള്‍ക്കും ഇത് ഒരുപരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരക്ക് ഗതാഗതത്തോടൊപ്പം തന്നെ കനാലിലൂടെയുള്ള യാത്ര ടൂറിസത്തിനും പ്രതീക്ഷ നല്‍കുന്നു. കനാല്‍തീരങ്ങളുടെ സൗന്ദര്യവല്‍കരണത്തിലൂടെ പ്രാദേശികമായി തൊഴിലവസരവും ഈ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടും. പരിസ്ഥിതി സൗഹൃദ കനാല്‍ വികസനമാണ് നടപ്പാക്കുക. മലിനീകരണം ഒഴിവാക്കുന്നതിന് ഇന്റര്‍സെപ്റ്റ് സ്വീവറുകളും ട്രിറ്റ്‌മെന്റ് സിസ്റ്റവും സ്ഥാപിക്കും.