ക്ഷീര മേഖലയിൽ വെല്ലുവിളികളേറെ!
1 min read
- ഡോ .ടി.പി.സേതുമാധവൻ
ലോക ക്ഷീര ദിനം അഥവാ വേൾഡ് മിൽക്ക് ഡേ ജൂൺ ഒന്നിനാണ്. ഈ വർഷത്തെക്ഷീര ദിനം ഊന്നൽ നൽകുന്നത് ഗുണ നിലവാരമുള്ള പോഷണം ഉറപ്പുവരുത്തുന്നതിൽ ക്ഷീര മേഖലയുടെ പങ്കിനെക്കുറിച്ചാണ്. ലോകത്താകമാനം എല്ലാവര്ക്കും താങ്ങാവുന്ന വിലയ്ക്ക് ലഭിക്കാവുന്ന പോഷകമൂല്യങ്ങളുടെ കലവറയാണ് പാലും പാലുൽപ്പന്നങ്ങളും. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഭക്ഷ്യ കാർഷിക സംഘടനയാണ് ലോക ക്ഷീര ദിനത്തിന് ആഹ്വാനം ചെയ്യുന്നത്. ക്ഷീര വ്യവസായ മേഖലയെക്കുറിച്ചുള്ള ബോധവൽക്കരണം, ഈ രംഗത്തുള്ള വികസന നേട്ടങ്ങൾ എന്നിവ ജനങ്ങളിലെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ലോകത്തിൽ വെച്ചേറ്റവും കൂടുതൽ പാലുത്പാദിപ്പിക്കുന്ന, ലോകജനസംഖ്യയിൽ മുന്നിലുള്ള ഇന്ത്യ സുസ്ഥിര പാലുല്പാദനത്തിനും, പോഷക സമ്പുഷ്ടമായ പാലുല്പന്നങ്ങൾ, പോഷണം, ജീവസന്ധാരണം എന്നിവയ്ക്കുമായി ക്ഷീര മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിവരുന്നു. രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ ആറു ശതമാനത്തിലധികം സംഭാവന ചെയ്യുന്ന മേഖലയാണിത്. എട്ട് കോടിയോളം ക്ഷീരകർഷകർ ഇന്ത്യയിലുണ്ട്. മൊത്തം കാർഷിക വരുമാനത്തിന്റെ 12-14 ശതമാനത്തോളം ക്ഷീര മേഖലയിൽ നിന്നാണ്. ആഗോളതലത്തിൽ പാലുല്പാദനത്തിൽ 24.64 ശതമാനത്തിലധികം ഇന്ത്യയിൽ നിന്നാണ്. കാർഷിക മേഖലയിലെ മൊത്തം ആഭ്യന്തര ഉത്പാദനം ഒരു ശതമാനം വളർച്ചയ്ക്ക്, ക്ഷീരമേഖല 2.25 ശതമാനത്തോളം വളർച്ച കൈവരിക്കേണ്ടതുണ്ട്. രാജ്യത്തെ പാലിന്റെ പ്രതിശീർഷ ഉപഭോഗം പ്രതിദിനം 459 ഗ്രാമാണ്. എന്നാൽ ലോക ശരാശരി 322 ഗ്രാം മാത്രമാണ്. ക്ഷീര മേഖലയുടെ സുസ്ഥിര വളർച്ച കാർഷിക മേഖലയ്ക്ക് കരുത്തേകുന്നു.
പാരിസ്ഥിതിക പ്രശ്നങ്ങൾ
ലോകത്താകമാനം ക്ഷീരമേഖലയിൽ പ്രതിസന്ധികളേറെയുണ്ട്. ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളലിൽ പഴിചാരപ്പെടുത്തുന്നത് ക്ഷീര മേഖലയാണ്. മൊത്തം 16 ശതമാനത്തോളമുള്ള കാർഷിക മേഖലയിൽ നിന്നുള്ള മീഥേനിൽ 75 ശതമാനവും കന്നുകാലികളിൽ നിന്നാണെന്നാണ് കണക്ക്. എന്നാൽ രാജ്യത്തെ നെൽപ്പാടങ്ങൾ, കരിമ്പിൻ തോട്ടങ്ങൾ, ഗോതമ്പു, കൽക്കരി പാടങ്ങൾ എന്നിവ കാർബൺ പുറന്തള്ളലിൽ മുന്നിലാണ്. എന്നാൽ രാജ്യത്തെ ക്ഷീര, കാർഷിക മേഖലയിൽ ഭൂരിഭാഗവും ചെറുകിട കർഷകരാണ്. അതിനാൽ ഇതിലൂടെയുള്ള ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ ഫോസിൽ ഇന്ധനങ്ങൾ, വ്യവസായ മേഖല, കൽക്കരി, ഖനനം എന്നിവയെ അപേക്ഷിച്ചു തുലോം കുറവാണ്. ആഗോള കാലാവസ്ഥ ഉച്ചകോടികളിൽ പ്രത്യേകിച്ച് COP 28 ൽ വികസിത രാജ്യങ്ങൾ കാർബൺ പുറന്തള്ളലിന്റെ പേരിൽ കാർഷിക മേഖലയെ പഴിചാരുമ്പോൾ അത് രാജ്യത്തുണ്ടാക്കുമെന്ന് പറയപ്പെടുന്ന സാഹചര്യങ്ങൾ ജീവസന്ധാരണം പ്രോത്സാഹിപ്പിക്കുന്നതിനെ അപേക്ഷിച്ചു തുലോം കുറവാണ്. മാത്രമല്ല രാജ്യം 2070 ഓടുകൂടി കാർബണിന്റെ പുറന്തള്ളലിന്റെ അളവ് പൂജ്യത്തിലെത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി കാർബൺ ന്യൂട്രൽ പദ്ധതികളും കാർഷിക മേഖലയിൽ ആവിഷ്കരിച്ചു നടപ്പിലാക്കാൻ തുടങ്ങിയീട്ടുണ്ട്. ലോക രാജ്യങ്ങൾ കാർഷിക മേഖലയെ കാർബൺ പുറന്തള്ളലിന്റെ പേരിൽ കുറ്റപ്പെടുത്തുമ്പോൾ, വ്യവസായ മേഖലയിൽ കാർബണിന്റെ അളവ് കണ്ടില്ലെന്നു നടിക്കുന്നു. കന്നുകാലികളിൽ നിന്നുള്ള മീതേനിന്റെ അളവ് കുറയ്ക്കാനുള്ള ഗവേഷണ പ്രവർത്തനങ്ങൾ ലോകത്തു പുരോഗമിച്ചുവരുന്നു. ആസ്‌ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ കന്നുകാലികളിൽ നിന്നു പുറന്തള്ളുന്ന മിതേനിന്റെ അളവ് കുറയ്ക്കുന്ന തീറ്റപ്പുല്ലിനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ രംഗത്ത് യുകെ യിലും, യൂറോപ്യൻ രാജ്യങ്ങളിലും നിരവധി ഗവേഷണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.ഈ വർഷത്തെ ക്ഷീര ദിനത്തിൽ ക്ഷീര മേഖല എങ്ങിനെ സുസ്ഥിര വികസനം കൈവരിക്കാമെന്നും ചർച്ച ചെയ്തു വരുന്നു.
വർധിച്ചുവരുന്ന ഉല്പാദനച്ചെലവ്
ഉത്പാദനച്ചെലവ് അനുദിനം ക്ഷീര മേഖലയിൽ വർധിച്ചു വരുന്നു. കാലിത്തീറ്റയുടെ വിലയിലുണ്ടാകുന്ന വർദ്ധനവ് പാലിന്റെ വിലയെ അപേക്ഷിച്ചു തുലോം കൂടുതലാണ്. പാലിന്റെ വിലയിലുണ്ടാകുന്ന വർദ്ധനവ് 65 ശതമാനവും, കാലിത്തീറ്റയുടെ വിലയിൽ 260 ശതമാനവുമാണ്. വർധിച്ച ജനസാന്ദ്രത, ജലസേചന പരിമിതി മുതലായവ തീറ്റപ്പുൽ കൃഷി മേഖലയിലെ പ്രതിസന്ധികളിൽ ചിലതാണ്. പാലിന്റെ വിപണിയിൽ 28 ശതമാനത്തിൽ താഴെ മാത്രമാണ് സംഘടിത മേഖല വിപണനം നടത്തുന്നത്. 70 ശതമാനത്തിലേറെ വിപണി അസംഘടിത മേഖലയിലാണ്. മെച്ചപ്പെട്ട വിപണി ലക്ഷ്യമിട്ടാണ് അസംഘടിത മേഖല പ്രവർത്തിക്കുന്നതെങ്കിലും ഗുണമേന്മയുടെ കാര്യത്തിൽ പിറകിലാണ്. ക്ഷീരമേഖലയിൽ സഹകരണ മേഖലയുടെ പങ്ക് വളരെ വലുതാണ്. ധവള വിപ്ലവത്തിന്റെ പിതാവായ ഡോ. വര്ഗീസ് കുര്യൻ വിഭാവനം ചെയ്ത അമുൽ മാതൃക ക്ഷീരോത്പാദക സംഘങ്ങൾ ലോകത്തിനു മാതൃകയാണ്. ഇതിലൂടെ ക്ഷീര കർഷരുടെ സംഘാടനം, മെച്ചപ്പെട്ട വിപണി, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉറപ്പുവരുത്തുന്നു.
തനതു ജനുസ്സുകളുടെ പരിരക്ഷയും, രോഗങ്ങളും
ലോകത്തെമ്പാടും സങ്കരയിനം കന്നുകാലികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ദൃശ്യമാണ്. കേരളം ഈ മേഖലയിൽ രാജ്യത്തു തന്നെ മുന്നിലാണ്. 96 ശതമാനത്തിലധികം സങ്കരയിനം കന്നുകാലികൾ കേരളത്തിലുണ്ട്. രാജ്യത്തിത് 30 ശതമാനത്തിൽ താഴെ മാത്രമാണ്. ഇന്ത്യ തനതു ഇന്ത്യൻ കന്നുകാലി ജനുസ്സുകളുടെ പരിരക്ഷയ്ക്ക് പ്രാധാന്യം നൽകി വരുന്നു. കേരളത്തിലെ വെച്ചൂർ പശു സംരക്ഷണ പദ്ധതി ഏറെ ശ്രദ്ധേയമാണ്. തനത് ഇന്ത്യൻ ജനുസ്സുകളുടെ പരിരക്ഷയ്ക്കു വിദേശ രാജ്യങ്ങളും താല്പര്യം പ്രകടിപ്പിച്ചു വരുന്നു. അവയുടെ സങ്കര ജനുസ്സുകളെ ബ്രസീൽ അടക്കമുള്ള രാജ്യങ്ങൾ ഇറച്ചിയ്ക്കും, പാലിനും വേണ്ടി വികസിപ്പിച്ചെടുത്തിട്ടുണ്ട്. രാജ്യത്ത് മൊത്തം കാലിസമ്പത്തിന്റെ മൂന്നിലൊന്നോളം വരുന്ന എരുമകളാണ് 46 ശതമാനത്തോളം പാലും ഉല്പാദിപ്പിക്കുന്നത്.
കന്നുകാലികളിലെ രോഗങ്ങൾ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നു. ചർമ്മ മുഴ രാജ്യത്തെ പാലുല്പാദനത്തിൽ 2023 -24 ൽ 12 ശതമാനത്തിന്റെ കുറവ് വരുത്തിയീട്ടുണ്ട്. കടുത്ത വരൾച്ചയും, കാലാവസ്ഥ വ്യതിയാനങ്ങളും പാലുല്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നു. സാംക്രമിക രോഗങ്ങളായ കുളമ്പ് രോഗം, കുരലടപ്പൻ എന്നിവയും പാലുല്പാദനത്തെ ബാധിക്കുന്നു. അകിടുവീക്കം മൂലം പ്രതിവർഷം രാജ്യത്തുണ്ടാകുന്ന നഷ്ടം 14000 കോടി രൂപയിലധികമാണ്. ക്ഷീരസന്നി, വന്ധ്യത, പോഷക ന്യുനത, ത്വക്ക് രോഗങ്ങൾ, അസിഡോസിസ് മുതലായ രോഗങ്ങൾ പാലുല്പാദനത്തെ പ്രതികൂലമായി ബാധിച്ചു വരുന്നു.
ക്ലീൻ, ഗ്രീൻ, എത്തിക്കൽ രീതികൾ
സുസ്ഥിര പാലുല്പാദനത്തിൽ പരിസ്ഥിതിക്കിണങ്ങിയ തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ട്. കാർബണിന്റെ അളവ് കുറച്ചുള്ള, ശാസ്ത്രീയ മാലിന്യ സംവിധാനങ്ങളുള്ള പരിചരണ രീതികൾക്ക് പ്രാമുഖ്യം നൽകണം. ഉല്പാദന ചെലവ് കുറയ്ക്കുന്നതോടൊപ്പം രോഗ പ്രതിരോധശേഷി ഉയർത്തുന്ന ഗവേഷണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണം. തനതു ജനുസ്സുകളുടെ പരിരക്ഷ ഉറപ്പുവരുത്തണം. മൃഗ ചികിത്സ സൗകര്യം ഗ്രാമീണ മേഖലയിൽ കൂടുതൽ വിപുലപ്പെടുത്തുകയും വേണം.ഈ രംഗത്ത് കേരളം ഏറെ മുന്നിലാണ്. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിലും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും, സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിലും ക്ഷീര മേഖലയുടെ പങ്ക് വളരെ വലുതാണ്.
സാങ്കേതികവിദ്യകൾ, വനിതാ പങ്കാളിത്തം
ലോകത്ത് ക്ഷീര മേഖലയിൽ സാങ്കേതിക വിദ്യയുടെ ഉപയോഗം വർധിച്ചു വരുന്നു. പുത്തൻ ടെക്നോളജികളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, ബ്ലോക്ക് ചെയിൻ ടെക്നോളജി, ഡാറ്റ അനലിറ്റിക്‌സ് , ഓട്ടോമേഷൻ എന്നിവയ്ക്ക് ഏറെ സാധ്യതകളുണ്ട്. ഉത്പന്ന വൈവിധ്യവത്കരണം, സംസ്‌കരണം എന്നിവയിൽ സാധ്യതകളേറെയാണ്. ആയിരക്കണക്കിന് അഭ്യസ്തവിദ്യരായ യുവതീ യുവാക്കളാണ് ക്ഷീര മേഖലയിൽ സംരംഭകരാകുന്നത്. സ്റ്റാർട്ടപ്പുകളും, ഹൈടെക് ഫാമുകളും , നാച്ചുറൽ, ഓർഗാനിക് ഫാർമിംഗ് രീതികളും ക്ഷീര മേഖലയിൽ വിപുലപ്പെട്ടു വരുന്നു. ക്ലീൻ, ഗ്രീൻ, എത്തിക്കൽ പാലുല്പാദനത്തിന് ലോക രാഷ്ട്രങ്ങൾ മുൻഗണന നൽകുന്നു. പരിസ്ഥിതിക്കിണങ്ങിയ തീറ്റ ക്രമം, പരിചരണം, രോഗ നിയന്ത്രണ മാർഗ്ഗങ്ങൾ എന്നിവ ആവശ്യമാണ്. ഈ രംഗത്തെ വനിതാ പങ്കാളിത്തം 75 ശതമാനത്തിലേറെയാണ്.
ക്ഷീരമേഖലക്കാവശ്യം പ്രത്യേക പാക്കേജ്
രാജ്യത്ത് ക്ഷീര മേഖലയുടെ വളർച്ചയ്ക്ക് പ്രത്യേക പാക്കേജ് ആവശ്യമാണ്. ചെറുകിട സംരംഭകർ, വനിതകൾ, ക്ഷീര കർഷകർ എന്നിവർക്ക് ഉൽപാദനം, സംസ്കരണം, വിപണനം എന്നിവയ്ക്ക് കൂടുതൽ സഹായം ഉറപ്പുവരുത്തണം. ഉൽപ്പന്ന ഗുണമേന്മ ഏറെ പ്രാധാന്യമർഹിക്കുന്നു. പുത്തൻ രോഗങ്ങളെ നിയന്ത്രിക്കാൻ ഗവേഷണ മേഖലയിൽ ടെക്നോളജി ട്രാൻസ്ഫർ പ്രോത്സാഹിപ്പിക്കണം. വ്യവസായമേഖലയ്ക്കുള്ള ആനുകൂല്യങ്ങളും ക്ഷീര സംസ്കരണ മേഖലയ്ക്ക് ലഭ്യമാക്കണം. കാർഷികോല്പന്നങ്ങളുടെ വിലയിടിവിലും, കോവിഡ് ലോക്ക്ഡൗൺ കാലത്തും കർഷകരുടെ ആശ്രയം ക്ഷീര മേഖലയായിരുന്നു. കന്നുകാലികളെ വളർത്തുന്ന കർഷരുടെ വീടുകളിൽ കർഷക ആത്മഹത്യയില്ല എന്നുള്ള ഹൈദരാബാദിലെ മാനേജിന്റെ പഠനങ്ങൾ ശ്രദ്ധേയമാണ്. വിജ്ഞാന വ്യാപനത്തിനും, തൊഴിൽ നൈപുണ്യത്തിനും ക്ഷീര മേഖലയിൽ പ്രാധാന്യം നൽകുന്നത് കൂടുതൽ തൊഴിലവസരങ്ങൾ രൂപപ്പെടുത്താൻ സഹായിക്കും. 2024 ലെ ക്ഷീര ദിനത്തിൽ, കർഷകരുടെ വരുമാനം ഉറപ്പുവരുത്താനുള്ള സുസ്ഥിര പദ്ധതികളാണ് രാജ്യത്തിനാവശ്യം! ക്ഷീര മേഖല, ക്ഷീര വ്യവസായ, ഡയറി ബിസിനസ്സ് രംഗത്തേക്ക് മാറുന്ന പ്രവണത ലോകത്താകമാനം പ്രകടമാണ്. അമുൽ ഉൽപ്പന്നങ്ങൾ ഇന്ന് അമേരിക്കൻ വിപണിയിലും ലഭിക്കും. കയറ്റുമതിക്കും യഥേഷ്ടം സാധ്യതകളുണ്ട്. പക്ഷെ ഗുണ നിലവാരം ഉറപ്പുവരുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. എ 2 പാലിന്റെ കാര്യത്തിൽ വിപണന നേട്ടം കൊയ്യുന്നവരുണ്ട്. അനാവശ്യമായ പ്രചാരണം ഈ രംഗത്തും നിലനിൽക്കുന്നു. വിപണിയിൽ ഇടപെടാനുള്ള സമ്മർദ്ദ തന്ത്രമായി ഇതിനെ കാണേണ്ടതുണ്ട്. സങ്കര ഇനങ്ങളോടുള്ള എതിർപ്പും ഇതിൽ പ്രകടമാണ്. പ്രോട്ടീൻ, അമിനാമ്ലങ്ങൾ, ജനിതക ഘടന എന്നിവയിൽ നേരിയ സവിശേഷതകളുണ്ടെങ്കിലും, ഇത് മഹത്വവൽക്കരിച്ചു ക്ഷീര മേഖലയെ തകർക്കാനുള്ള തന്ത്രങ്ങളും ആഗോള തലത്തിൽ നിലവിലുണ്ട്.
ക്ഷീര മേഖലയിൽ മീഥേനിന്റെ അളവ് കുറയ്ക്കാനും, ഉത്പാദനച്ചെലവ് കുറയ്ക്കാനുമുള്ള ഗവേഷണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണം.ഉത്പാദനക്ഷമത ഉയർത്താനും, രോഗ നിയന്ത്രണത്തിനും, മൂല്യ വർധിത ഉൽപ്പന്ന നിർമ്മാണത്തിനും സമഗ്ര പദ്ധതികൾ വേണം. രാജ്യത്ത് നിലവിലുള്ള മൃഗസംരക്ഷണ ഭൗതിക വികസന ഫണ്ട്, കോൾഡ് ചെയിൻ പ്രൊജക്റ്റ്, തനതു ജനുസ്സുകളുടെ പരിരക്ഷ . മൊബൈൽ ചികിത്സാ സൗകര്യം, രോഗ നിയന്ത്രണ, ഗവേഷണ പദ്ധതികൾ എന്നിവയ്ക്ക് ഉയർന്ന ഫണ്ട് വിലയിരുത്തലുകളും ആവശ്യമാണ്.
(ലേഖകൻ ബംഗളുരുവിലെ ട്രാൻസ്‌ഡിസിപ്ലിനറി ഹെൽത്ത് യൂണിവേഴ്സിറ്റി പ്രൊഫസറും, കേരള വെറ്ററിനറി സർവകലാശാല മുൻ ഡയറക്ടറുമാണ്)